എയര്‍ ഇന്ത്യ സര്‍വീസ് പുനക്രമീകരണം; പ്രവാസികള്‍ വലയുന്നു
Middle East
എയര്‍ ഇന്ത്യ സര്‍വീസ് പുനക്രമീകരണം; പ്രവാസികള്‍ വലയുന്നു
ഷംസീര്‍ ഷാന്‍
Friday, 31st May 2019, 11:32 am

 

ദുബൈ:എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തി വെച്ചത് മലയാളികള്‍ക്ക് ഇരുട്ടടിയായി. സര്‍വീസ് നടത്തിവന്ന വിമാനം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് റദ്ദാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിവിധ സംഘടനാ നേതാക്കള്‍ എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ ശ്രീ.മോഹിത് സെനുമയി കൂടികാഴ്ച നടത്തി. കേരളത്തിലേക്ക അവധികാലത്തിനു ശേഷം പോകുന്നവര്‍ക്കും സാധാരണ യാത്രക്കാര്‍ക്കും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ല.

18 ബിസിനസ് ക്ലാസടക്കം 256 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ സര്‍വീസ് പിന്‍വലിച്ച്, പകരം സര്‍വീസ് നടത്തുന്ന വിമാനത്തില്‍ 12 ബിസിനസ് ക്ലാസടക്കം 162 പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. 94 സീറ്റിന്റെ കുറവാണ് ഇതുവഴി ദിനംപ്രതി കൊച്ചി സെക്ടറിലെ യാത്രക്കാര്‍ക്ക് നഷ്ടമാവുന്നത്. സീറ്റുകള്‍ കുറച്ച് ഡിമാന്റ് വര്‍ദ്ധിപ്പിച്ചു അധികചാര്‍ജ്ജ് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

ഡ്രീം ലൈനര്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഡല്‍ഹിയിലേക്കും മുംബൈയിലേക്കും വീണ്ടും അതേ വിമാനം അനുവദിച്ച് സര്‍വീസ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചതായി അറിയുന്നു. മലയാളികളോട് എയര്‍ ഇന്ത്യ തുടരുന്ന വിവേചനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ഈ കള്ളക്കളി അവസാനിപ്പിച്ച് കൊച്ചിയിലേക്ക് ഡ്രീം ലൈനര്‍ സര്‍വീസ് പുനഃസ്ഥാപിക്കുകയോ അല്ലെങ്കില്‍ തത്തുല്യ സീറ്റുള്ള വിമാന സര്‍വീസുകള്‍ അനുവദിച്ച് ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് കുറകുന്നതില്‍ നടപടി സ്വീകരിക്കുകയോ വേണം.

ജെറ്റ് എയവെയ്സിന്റെ നിര്‍ത്തലാക്കിയ സര്‍വ്വീസ് വഴി നഷ്ടടപെട്ട ഉള്‍പ്പെടെ 7000 തോളം സീറ്റുകള്‍ യു.എ.ഇയില്‍ നിന്ന് മാത്രം കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും നേതാക്കളായ പി.കെ അന്‍വര്‍ നഹ, അഡ്വ. ടി.കെ ഹാഷിക്ക്, അഡ്വ.സാജിദ് അബൂക്കര്‍ എന്നിവര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സാധ്യമായതരത്തില്‍ എല്ലാ ഇടപെടലുകളും യു.എ.ഇയില്‍ നിന്ന് ഉണ്ടാകും എന്ന് എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ മോഹിത് സെന്‍ സംഘടനാ നേതാക്കളെ അറിയിച്ചു. നിരക്ക് വര്‍ധനവിനും, യാത്രാ അവഗണനയ്ക്കുമെതിരെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രവാസികള്‍.