COVID-19
തിരികെയെത്തിയ പ്രവാസികള്‍ക്ക് 'ഡ്രീം കേരള' പദ്ധതി; വിശദീകരിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 01, 03:07 pm
Wednesday, 1st July 2020, 8:37 pm

തിരുവനന്തപുരം: കൊവിഡ് മൂലം തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഡ്രീം കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാനും അവരുടെ സേവനത്തിലൂടെ സംസ്ഥാനത്തിന്റെ വികസനം നടപ്പിലാക്കാനുമാണ് തീരുമാനം.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ നല്‍കുന്നതെന്നും ആളോഹരി വരുമാനം ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ലെ സര്‍വേ പ്രകാരം 85000 കോടിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഇപ്പോഴത് ഒരു ലക്ഷം കോടി കടന്നു. 2018 ലെ കണക്ക് പ്രകാരം 169944 കോടി രൂപ കേരളത്തിലെ ബാങ്കുകളില്‍ പ്രവാസികള്‍ നിക്ഷേപിച്ചിട്ടുണ്ട്.പ്രവാസികളുടെ അറിവും കഴിവും വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ലോക കേരള സഭയ്ക്ക് ഉള്ളത്. തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരി രംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി. സാമ്പത്തികാഘാതം എല്ലാ രാജ്യത്തെയും ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരികെ വരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തിയെന്നും ഇതിനെ തുടര്‍ന്നാണഇ് ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ധരുണ്ട്.

ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിന് നിര്‍ദ്ദേശവും ആശയവും സമര്‍പ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഹാക്കത്തോണ്‍ നടത്തും. വിദഗ്‌ദ്ധോപദേശം നല്‍കാന്‍ യുവ ഐ.എ.എസ് ഓഫീസര്‍മാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങള്‍ അതത് വകുപ്പുകള്‍ക്ക് വിദഗ്ധ സമിതി നല്‍കും. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുമെന്നും പദ്ധതി നടത്തിപ്പിന് ഡോ കെ.എം എബ്രഹാം ചെയര്‍മാനായി സമിതിയെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വിര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ