| Tuesday, 7th June 2016, 4:55 pm

പുഴ ആരുടേയെങ്കിലും തലയിലുദിച്ച 'ഐഡിയ' അല്ല..!; അതിരപ്പിള്ളിയെ കുറിച്ചുള്ള നിജാസിന്റെ വരയും എഴുത്തും കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയും കാടും സസ്യങ്ങളും മൃഗങ്ങളും പക്ഷികളും ജലജീവികളും പ്രാണികളും സൂക്ഷ്മ ജീവികളും അതിനുതകുന്ന കാലാവസ്ഥയും ഒക്കെയടങ്ങുന്ന ഒരു ജൈവ വൈവിദ്ധ്യം രൂപം പ്രാപിച്ചത് എത്ര സഹസ്രാബ്ദങ്ങളുടെ കാലക്രമേണയുണ്ടായ മാറ്റം കൊണ്ടാണ് എന്നത് പ്രധാനമാണ്. അതിനു വരുത്തുന്ന നാശം, വീണ്ടും പുന:സൃഷ്ടിക്കപ്പെടാന്‍ പിന്നേയും എത്രയോ സഹസ്രാബ്ദങ്ങള്‍ വേണ്ടി വന്നേക്കും. മലകള്‍ നിലനിര്‍ത്തിയും കാടുകള്‍, ജലസ്രോതസ്സുകള്‍, നെല്‍വയലുകള്‍ തുടങ്ങിയവ വളര്‍ത്തിയും വിഭവങ്ങളില്‍ തുല്യത ഉറപ്പു വരുത്തിയും വികസനത്തിന്റെ യുക്തികളെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അതിനുള്ള മുന്‍കൈകളാണ് സര്‍ക്കാര്‍തലത്തില്‍ നിന്നുണ്ടാകേണ്ടത്.

| വരയും എഴുത്തും: നിജാസ് |

പുഴകളെഉപജീവിച്ച് ആരംഭം കുറിച്ച മാനവ സംസ്‌കൃതി പുഴകളെ കൈയേറ്റം ചെയ്തുകൊണ്ട് നാശത്തിലേക്ക് അടുക്കുകയാണ്. നദീതട നാഗരികതയുടെ അതിരുകള്‍ വികസിച്ച് വികസിച്ച്, വിഭവങ്ങളിന്മേലുള്ള അധികാരം ഒരു പ്രത്യേക വിഭാഗത്തില്‍ കേന്ദ്രീകകരിക്കപ്പെട്ടു നില്‍ക്കുന്നു. സര്‍വതും അതു നിശ്ചയിക്കുന്ന സാമ്പത്തിക ലാഭത്തിന്റെ യുക്തിയാല്‍ അളക്കപ്പെടുന്ന വ്യവസ്ഥ. മുതലാളിത്തം ആ ഒരു കണ്ണ് മാത്രമേ മനുഷ്യന് ഇന്ന് നല്‍കുന്നുന്നുള്ളൂ, തന്റെ അനുഭവങ്ങളേയും ചുറ്റുപാടുകളെയും അറിവുകളേയും അളക്കാന്‍. ഇത് സംസ്‌കൃതിയുടെ ഗതികെട്ട അവസ്ഥയാണ്.

മലമുകളില്‍ നിന്ന് ഉറവ പൊട്ടിയൊലിക്കുന്ന ചെറു നീര്‍ച്ചാലുകള്‍ ഒരു ബൃഹത്തായ പുഴയായിത്തീരാന്‍ എടുക്കുന്ന പ്രകൃതിയുടെ അനുസ്യൂതമായ ഒരു ജൈവ പ്രക്രിയയുണ്ട്. ചെറുതും വലുതും സൂക്ഷ്മവുമായ എല്ലാ ജീവി വര്‍ഗ്ഗങ്ങളിലേക്കുമുള്ള പ്രകൃതിദത്തമായ ഒരു സ്‌നേഹ പരിലാളനം. മലയുടെ മുകളറ്റത്തുനിന്നും കടലിന്റെ മടിത്തട്ടുവരെ നീണ്ടൊഴുകുന്ന ജീവന്റെ പൊക്കിള്‍ക്കൊടി. കടലും കാനനവും പരസ്പരം കൈമാറുന്ന സ്വാഭാവിക ശീതോഷ്ണത്തിലാണ് ജീവന്റെ പൊടിപ്പും വളര്‍ച്ചയും ഉരുവം കൊണ്ടത്. ജലം എന്ന മാദ്ധ്യമം അതിനെ ജനിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തു.

ജീവന് ഇനിയുമെത്രയോ നില്‍ക്കേണ്ടതും വികസിക്കേണ്ടതും ഉണ്ട്. മനുഷ്യനും അതിലൊന്നാണ്. മനുഷ്യനില്‍ ഒരു വര്‍ഗ്ഗത്തിന് മാത്രം കൈയാളാന്‍ കഴിയുന്ന അധികാരത്തിന്റെ യുക്തികൊണ്ട് സര്‍വതിനെയും അത് അളക്കുന്നതും കൈവശപ്പെടുത്തുന്നതും കണ്ടുനില്‍ക്കാനാവുന്നില്ല. പരിസ്ഥിതി മാത്രമല്ല, അധികാരമില്ലാത്ത മനുഷ്യരും അതിന്റെ ഇരകളാണ്.

ഒരു ജീവി എന്നതിനപ്പുറം മനുഷ്യന്റെ സവിശേഷമായ ജീവിത വികസനത്തിന് “ആവശ്യമായ”തൊക്കെ മനുഷ്യന് കണ്ടെത്താനുള്ള ശേഷിയുണ്ട്. ഊര്‍ജ്ജത്തെ സംബന്ധിച്ചും അതെ. എത്രയോ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളും അവയുടെ ഉല്‍പാദനത്തിനു വേണ്ട സാങ്കേതികവിദ്യയും ഒക്കെ കണ്ടെത്തിയ മനുഷ്യന്‍ ഇനിയും പുഴകളില്‍ അണകെട്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രയോ വികലമായ വികസന ബോധത്തില്‍ നിന്നാണ്.

മലയും കാടും സസ്യങ്ങളും മൃഗങ്ങളും പക്ഷികളും ജലജീവികളും പ്രാണികളും സൂക്ഷ്മ ജീവികളും അതിനുതകുന്ന കാലാവസ്ഥയും ഒക്കെയടങ്ങുന്ന ഒരു ജൈവ വൈവിദ്ധ്യം രൂപം പ്രാപിച്ചത് എത്ര സഹസ്രാബ്ദങ്ങളുടെ കാലക്രമേണയുണ്ടായ മാറ്റം കൊണ്ടാണ് എന്നത് പ്രധാനമാണ്. അതിനു വരുത്തുന്ന നാശം, വീണ്ടും പുന:സൃഷ്ടിക്കപ്പെടാന്‍ പിന്നേയും എത്രയോ സഹസ്രാബ്ദങ്ങള്‍ വേണ്ടി വന്നേക്കും. മലകള്‍ നിലനിര്‍ത്തിയും കാടുകള്‍, ജലസ്രോതസ്സുകള്‍, നെല്‍വയലുകള്‍ തുടങ്ങിയവ വളര്‍ത്തിയും വിഭവങ്ങളില്‍ തുല്യത ഉറപ്പു വരുത്തിയും വികസനത്തിന്റെ യുക്തികളെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അതിനുള്ള മുന്‍കൈകളാണ് സര്‍ക്കാര്‍തലത്തില്‍ നിന്നുണ്ടാകേണ്ടത്.

We use cookies to give you the best possible experience. Learn more