| Friday, 6th July 2012, 9:43 am

ദ്രാവിഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ സഹതാരങ്ങള്‍ പാരവെച്ചു: ഗ്രെഗ് ചാപ്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ പാരവയ്ക്കാന്‍ തയ്യാറായവരാണ് ഇന്ത്യന്‍ ടീമിലെ പല താരങ്ങളുമെന്ന് മുന്‍ കോച്ച് ഗ്രഗ് ചാപ്പല്‍. ദ്രാവിഡിന് ടീമംഗങ്ങള്‍ മികച്ച രീതിയില്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമായി ദ്രാവിഡ് മാറുമായിരുന്നെന്നും ചാപ്പല്‍ പറഞ്ഞു.

ദ്രാവിഡിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന ചാപ്പലിന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ടീമിനെ മറ്റൊരു വിവാദംകൂടി കടന്നുപിടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല അംഗങ്ങളും മറ്റ് ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കിയ അതേ പരിഗണനയും പിന്തുണയും ദ്രാവിഡിന് നല്‍കിയില്ല. അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കാലം മുതല്‍ ടീം മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു പുറത്തെടുത്തുകൊണ്ടിരുന്നത്.

പങ്കെടുക്കുന്ന കളിയിലെല്ലാം ടീം വിജയിക്കാന്‍ തുടങ്ങിയത് ടീമിലെ ചില കളിക്കാര്‍ക്ക് അത്ര രസിച്ചില്ല. ദ്രാവിഡിന്റെ ഈ പോക്ക് തങ്ങളുടെ സ്ഥാനത്തിന് കോട്ടം തട്ടും എന്ന് തോന്നിയതിനാലാവാം അവര്‍ ദ്രാവിഡിനെതിരെ നീക്കം ആരംഭിച്ചത്‌

അതുമുതല്‍ ഇന്ത്യന്‍ ടീം പല കളികളും തോല്‍ക്കാനും തുടങ്ങി. ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ കാലത്ത് ക്യാപ്റ്റനും സഹതാരങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അദ്ദേഹം ക്യാപ്റ്റന്‍ ആയപ്പോള്‍ ആത്മാര്‍ത്ഥതയും പിന്തുണയും ദ്രാവിഡിന് ലഭിച്ചില്ലെന്നും ചാപ്പല്‍ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ദ്രാവിഡിനെതിരെ പാര പണിത താരങ്ങള്‍ ആരെല്ലാമാണെന്ന സൂചനയൊന്നും ചാപ്പല്‍ നല്‍കുന്നില്ല. രാഹുല്‍ ദ്രാവിഡ് – ടൈംലെസ് സ്റ്റീല്‍ എന്ന ചാപ്പലിന്റെ പുതിയ പുസ്തകം ഇന്നലെയാണ് പ്രകാശനം ചെയ്തത്.

We use cookies to give you the best possible experience. Learn more