മുംബൈ: പണം ക്രിക്കറ്റിന്റെ ദിശയേയും അതിന്റെ രീതിയേയും മാറ്റി മറിച്ചിട്ടും സ്വന്തം നിലയില്‍ ഉറച്ചുനിന്ന് ആത്മവിശ്വാസത്തോടെ കളിച്ച താരമാണ് രാഹുല്‍ ദ്രാവിഡ് എന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ഇയാന്‍ ചാപ്പല്‍. പണത്തിനേക്കാള്‍ വലുത് കളിയോടുള്ള ആത്മാര്‍ത്ഥതയാണെന്ന് കരുതുന്ന ചുരുക്കം ചിലരില്‍ പെട്ടയാളാണ് ദ്രാവിഡ് എന്നും ചാപ്പല്‍ വ്യക്തമാക്കി.
“അദ്ദേഹത്തെ വന്‍മതില്‍ എന്നുവിളിക്കുന്നതില്‍ ഏറെ അര്‍ത്ഥങ്ങളുണ്ട്. ഒരു വന്‍മതിലായി നിന്ന് ടീമിനെ രക്ഷിക്കാന്‍ കെല്‍പ്പുള്ള താരമാണ് ദ്രാവിഡ്. എതിര്‍ടീമുകളില്‍ നിന്നും ഇന്ത്യന്‍ ടീമിനെ പ്രതിരോധിച്ച് നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. 2001 ല്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹം ഒരു സിക്‌സ് പോലും അടിച്ചില്ല. കാരണം അത്തരം വലിയ ഷോട്ടുകള്‍ക്ക് അടിച്ച് കളിക്കാനുള്ള കളിയല്ല ടെസ്റ്റ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫോളോ ഓണ്‍ ചെയ്ത് ഇന്ത്യയെ ജയിപ്പിക്കാന്‍ വി.വി.എസ്.ലക്ഷ്മണിനൊപ്പം കളിച്ച് 180 റണ്‍സെടുത്ത അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ ടീമിന് തന്നെ മറക്കാനാകുമെന്ന് തോന്നുന്നില്ല. എത്ര റിസ്‌ക് എടുത്തും ടീമിനെ വിജയിപ്പിക്കാനായി അങ്ങേയറ്റം ശ്രമിക്കുന്ന താരമാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീമില്‍ അത്തരത്തിലുള്ള ഒന്നോ രണ്ടോ പേരേ ഉള്ളൂ.
അതുപോലെ തന്നെ അദ്ദേഹത്തിന് മറക്കാന്‍ പറ്റാത്ത മറ്റൊരു ഇന്നിംഗ്‌സ് അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന മത്സരത്തിലേതാണ്. അഡലെയ്ഡില്‍ നേടിയ 233 റണ്‍സാണ് ഇന്ത്യയ്ക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. കുറഞ്ഞ സ്‌കോര്‍ ഉണ്ടാകുന്ന വെസ്റ്റ് ഇന്‍ഡീസിലെ ജമൈക്കയില്‍ രണ്ടു തവണ ടീമിന്റെ രക്ഷയ്‌ക്കെത്തിയതും ദ്രാവിഡ് എന്ന ഒറ്റ വ്യക്തിയുടെ കഴിവാണ്.
വളരെ ക്ഷമയോടെ കളിക്കേണ്ട ഒരു കളിയാണ് ടെസ്റ്റ്. ഇപ്പോഴത്തെ പല കളിക്കാര്‍ക്കും ക്ഷമ കുറവാണ്. എല്ലാവര്‍ക്കും വലിയ ഷോട്ടുകളോടാണ് താത്പര്യം. അങ്ങനെ വരുമ്പോള്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി കൂടാരം കയറേണ്ടിവരും. അതുകൊണ്ട് തന്നെയാണ് പലതാരങ്ങളും ടെസ്റ്റിനെ ഇഷ്ടപ്പെടാത്തത്. ഒട്ടും സ്വാര്‍ത്ഥതിയില്ലാതെ കളിയെ സമീപിക്കുന്ന താരമാണ് ദ്രാവിഡ് . എന്തുതന്നെയായാലും രാഹുല്‍ ദ്രാവിഡിന്റെ പടിയിറക്കം ടീമിന് നികത്താനാകാത്ത നഷ്ടമാകുമെന്നതില്‍ സംശയമില്ല”- ചാപ്പല്‍ വ്യക്തമാക്കി.