ദ്രാവിഡ് എന്റെ ഹീറോ: ആഷ്ടണ്‍ ആഗര്‍
DSport
ദ്രാവിഡ് എന്റെ ഹീറോ: ആഷ്ടണ്‍ ആഗര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2013, 11:03 pm

[]ജയ്പൂര്‍: ആഷ്ടണ്‍ ആഗറെന്ന പത്തൊമ്പതുകാരന്‍ പയ്യന്‍ പെട്ടെന്നായിരുന്നു ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ കുടിയേറിയത്. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ പതിനൊന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി വീരോചിതമായി ചെറുത്ത് നിന്നപ്പോഴായിരുന്നു അത്.

അന്ന് സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ വച്ച് പുറത്തായെങ്കിലും അപ്പോഴേക്കും ആഗര്‍ ഓസീസ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരു ഇടം കണ്ടെത്തിയിരുന്നു.

ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഓസ്‌ട്രേലിയ. സാക്ഷാന്‍ ഡോണ്‍  ബ്രാഡ്മാന്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് അങ്ങിനെ ലോകം വാഴ്ത്തുന്ന നിരവധി ബാറ്റിംഗ് ജീനിയസുകള്‍.

എന്നാലിവരാരുമല്ല ആഗറുടെ ആരാധ്യ പുരുക്ഷന്‍. അതൊരു ഇന്ത്യന്‍ ക്രിക്കറ്ററാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നറിയപ്പെടുന്ന സാക്ഷാന്‍ രാഹുല്‍ ദ്രാവിഡ്.

ദ്രാവിഡിന്റെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. ചെറുപ്പകാലം തൊട്ടേ അദ്ദേഹമാണെന്റെ ഹീറോ. ആഗര്‍ പറയുന്നു. മികച്ച് ബാറ്റ്‌സ്മാനാണ് അദ്ദേഹം.

അദ്ദേഹത്തില്‍ ബാറ്റിംഗില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. എന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വളരെ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ആഗര്‍ തന്റെ ആരാധ്യ പുരുഷനോടുള്ള ഇഷ്ടം മറച്ച് വെയക്കുന്നില്ല.

ചാംപ്യന്‍സ് ലീഗ് ടി-20 ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു ആഗര്‍. ടൂര്‍ണ്ണമെന്റില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേര്‍സിന് വേണ്ടിയാണ് ആഗര്‍ ഇറങ്ങുന്നത്. ടൂര്‍ണ്ണമെന്റിനിടെ ദ്രാവിഡിനെ നേരിട്ട് കണ്ട് ചില ടിപ്‌സ് പഠിക്കാനായി കാത്തിരിക്കുകയാണ് ആഗര്‍.