| Monday, 19th March 2018, 7:55 am

സാമ്പത്തിക നിക്ഷേപ തട്ടിപ്പില്‍പ്പെട്ട് ദ്രാവിഡും; വിക്രം ഇന്‍വെസ്റ്റ്‌മെന്റ് 4 കോടി രൂപ തട്ടിയെടുത്തതായി രാഹുലിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: സ്വകാര്യ നിക്ഷേപ സ്ഥാപനം തന്നെ കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയെടുത്തതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഇതു സംബന്ധിച്ച് വിക്രം ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിക്കെതിരെ ദ്രാവിഡ് പരാതി നല്‍കി.

ദ്രാവിഡിന്റെ പരാതിയില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ രാഘവേന്ദ്ര ശ്രീനാഥ്, ഏജന്റുമാരായ സൂത്രം സുരേഷ്, നരസിംഹമൂര്‍ത്തി, പ്രഹ്ലാദ്, കെ.സി. നാഗരാജ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്ത് 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.


Also Read:  21 മിനുട്ടില്‍ നാലു ഗോളുകള്‍; ഇക്കാര്‍ഡിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്റര്‍മിലാന്‍ വമ്പന്‍ ജയം


2014-ല്‍ ഉയര്‍ന്ന ലാഭപ്രതീക്ഷയോടെ 20 കോടി രൂപ ദ്രാവിഡ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍, 16 കോടി രൂപ മാത്രമേ തിരിച്ചുകിട്ടിയുള്ളൂവെന്നാണ് പരാതി.

സമാനമായി നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സദാശിവ നഗര്‍ പൊലീസ് അറിയിച്ചു. കമ്പനിയുടെ തട്ടിപ്പിനിരയായ അഞ്ഞൂറോളംപേരില്‍നിന്ന് വേറെയും പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതുവരെ 400 കോടിയോളം രൂപയുടെ തട്ടിപ്പുനടന്നതായാണ് പൊലീസ് നിഗമനം. അന്വേഷണം ബനശങ്കരി പൊലീസിന് കൈമാറിയിരിക്കുകയാണ്. പരാതികളുടെ എണ്ണം കൂടുകയാണെങ്കില്‍ കേസ് സി.ഐ.ഡി.വിഭാഗത്തെ ഏല്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.


Also Read:  കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, ഇനി മോദി മുക്ത ഭാരതം; ആഹ്വാനവുമായി രാജ് താക്കറെ


2008-ല്‍ ആരംഭിച്ച കമ്പനിയാണ് വിക്രം ഇന്‍വെസ്റ്റ്‌മെന്റ്. ഇതുവരെ 2000 ത്തിനടുത്ത് ആളുകള്‍ നിക്ഷേപം നടത്തിയിട്ടുള്ളതായി പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. നിക്ഷേപിക്കുന്നതിന്റെ 40 ശതമാനത്തോളം ലാഭം ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ആദ്യകാലങ്ങളില്‍ നിക്ഷേപകര്‍ക്ക് വന്‍തുക പലിശയായി കൊടുത്തിരുന്നു. പിന്നീട് പണം തിരികെ കൊടുക്കുന്നതില്‍ മുടക്കം വരുത്തി.

Watch This Video:

We use cookies to give you the best possible experience. Learn more