വിരാട്-ബി.സി.സി.ഐ വിഷയം; നീണ്ട മൗനത്തിനൊടുവില്‍ പ്രതികരണവുമായി ദ്രാവിഡ്
Sports News
വിരാട്-ബി.സി.സി.ഐ വിഷയം; നീണ്ട മൗനത്തിനൊടുവില്‍ പ്രതികരണവുമായി ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th December 2021, 7:41 pm
ബി.സി.സി.ഐയെയോ സെലക്ടര്‍മാരെയോ ചൊടിപ്പിക്കാതെയാണ് ദ്രാവിഡ് ഇതിനുത്തരം പറയുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്

വിരാടിനെ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ വിവാദങ്ങള്‍ പതിയെ കെട്ടടങ്ങവെ, ഒടുവില്‍ പ്രതികരണവുമായി ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

ടെസ്റ്റിനും നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലും വിവിധ ക്യാപ്റ്റന്‍മാരെ നിയമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറയുന്നത്. നിലവില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമാണ് ദ്രാവിഡ്.

എന്നാല്‍ ബി.സി.സി.ഐയെയോ സെലക്ടര്‍മാരെയോ ചൊടിപ്പിക്കാതെയാണ് ദ്രാവിഡ് ഇതിനുത്തരം പറയുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

‘ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നായകരെ നിയമിക്കുന്നതും ഒഴിവാക്കുന്നതും എല്ലാം സെലക്ടര്‍മാരാണ്. വിരാടിനോടും രോഹിത്തിനോടും ഇക്കാര്യം ഞാന്‍ മുമ്പേ വ്യക്തമായി സംസാരിച്ചിരുന്നു. എന്നാല്‍ അത് പരസ്യമായി എവിടെയും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ദ്രാവിഡ് പറയുന്നു.

നേരത്തെ പല താരങ്ങളും വിരാടിനെതിരെയുള്ള ബി.സി.സി.ഐയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മുന്‍ പരിശീലകന്‍ രവിശാസ്ത്രിയും മുന്‍ ഇന്ത്യന്‍ താരങ്ങളായ ദിലീപ് വെങ്‌സര്‍ക്കാരും ബി.സി.സി.ഐ അധ്യക്ഷന്‍ ഗാംഗുലിയ്‌ക്കെതിരെ പരസ്യമായി ആഞ്ഞടിച്ചിരുന്നു.

ഈ വിഷയം കൈകാര്യം ചെയ്ത രീതി പൂര്‍ണമായും ശരിയായില്ലെന്നും ഇതിനേക്കാള്‍ മികച്ച രീതിയില്‍ ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു രവിശാസ്ത്രി പറഞ്ഞിരുന്നത്.

”വിരാട് തന്റെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. അതുപോലെ ബി.സി.സി.ഐ അധ്യക്ഷനും തന്റെ ഭാഗം പറയേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ ഇരുവരും തമ്മില്‍ നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തെ ഇതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു,’ രവിശാസ്ത്രി പറയുന്നു.

ടി20 ലോകകപ്പോടെ കുട്ടിക്രിക്കറ്റിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ വൈറ്റ്ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ മതിയെന്ന കാരണം ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍ കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു.

എന്നാല്‍ താന്‍ ഇക്കാര്യം മുന്നേ അറിഞ്ഞിരുന്നില്ലെന്നും ബി.സി.സി.ഐയുടെ തീരുമാനത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് താന്‍ ഇതറിഞ്ഞതെന്നും വ്യക്തമാക്കി കോഹ്ലി നടത്തിയ പത്രസമ്മേളനം നിരവധി വിവാദങ്ങള്‍ക്കായിരുന്നു വഴി തുറന്നത്. പത്രസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെയും താരം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ കോഹ്‌ലിയുടെ പത്രസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ സെലക്ടേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പരസ്യ പ്രസ്താവനകളോ പത്ര സമ്മേളനമോ വേണ്ടെന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിനെതിരെയാണ് രവിശാസ്ത്രി രംഗത്ത് വന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight:  Dravid breaks his silence on Virat’s sacking and Rohit’s appointment as ODI captain