| Thursday, 4th November 2021, 3:30 pm

രോഹിത് ശര്‍മ്മ അടുത്ത ക്യാപ്റ്റന്‍? ദ്രാവിഡ് പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഏകദിന-ടി-20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മയ്ക്ക് പിന്തുണയുമായി നിയുക്ത പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബി.സി.സി.ഐയുടെ അഭിമുഖത്തില്‍ ദ്രാവിഡ് രോഹിതിനും കെ.എല്‍. രാഹുലിനും പിന്തുണ നല്‍കിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദിനത്തിലും ടി-20യിലും ക്യാപ്റ്റനായി ആരെയാണ് കാണുന്നത്? എന്നായിരുന്നു ബി.സി.സി.ഐയുടെ അഭിമുഖത്തിലെ ചോദ്യം. രോഹിത് ശര്‍മ്മ മതിയെന്ന ഉത്തരമാണ് ദ്രാവിഡ് നല്‍കിയത്. അല്ലെങ്കില്‍ കെ.എല്‍. രാഹുല്‍.

കഴിഞ്ഞ ദിവസമാണ് ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി ഔദ്യോഗികമായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവംബര്‍ 17ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ ദ്രാവിഡ് കോച്ചായി സ്ഥാനമേല്‍ക്കും.

രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ദ്രാവിഡ് പ്രതികരിച്ചു.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍-19 ടീമിലും ഇന്ത്യ എ ടീമിലുമുണ്ടായിരുന്ന താരങ്ങളാണ് സീനിയര്‍ ടീമിലുള്ളതെന്നും അവരുമായി നേരത്തെയുള്ള ബന്ധം കോച്ചിങ്ങിന് ഒരുപാട് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ദ്രാവിഡിന്റെ പേര് പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും താരം സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദ്രാവിഡുമായി ചര്‍ച്ച നടത്തിയതാണ് നിര്‍ണായകമായത്.

യു.എ.ഇയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയും.

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബി.സി.സി.ഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് കഴിയുമ്പോള്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് നേരത്തെ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dravid backs Rohit as captain for shorter formats

We use cookies to give you the best possible experience. Learn more