ബംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ യുവതാരങ്ങള്‍ അനുകരിക്കുന്നത് തന്റെ ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ദ്രാവിഡ്. കോഹ്‌ലിയുടെ ആക്രമണോത്സുകത അനുകരിക്കുന്നത് യുവതാരങ്ങളുടെ സത്യസന്ധതയെ ഇല്ലാതാക്കുമെന്നും ദ്രാവിഡ്. ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവെയാണ് കോഹ്‌ലിയുടെ ശൈലിക്കെതിരെ ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകന്‍ കൂടിയായ ദ്രാവിഡ് വിമര്‍ശനമുന്നയിച്ചത്.
” പെര്‍ഫോമന്‍സിനെ ആശ്രയിച്ചാണ് കളി. അതുകൊണ്ട് കോഹ്‌ലിയെ പോലുള്ളവരുടെ രീതി തെരഞ്ഞെടുക്കാത്തതാണ് നല്ലത്. അദ്ദേഹത്തിന്റെ സ്വഭാവമാണത്. അതു പോലെ പെരുമാറാത്തത് എന്തുകൊണ്ടാണെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. കോഹ്‌ലിയെ പോലെ ടാറ്റു ചെയ്യുകയും പെരുമാറുകയും ചെയ്താല്‍ ഞാന്‍ എന്നോട് സത്യസന്ധത ഇല്ലാത്തവനാകും.”
ചിലപ്പോഴൊക്കെ, പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ പര്യടനങ്ങള്‍ക്ക് മുന്നോടിയായി കോഹ്‌ലി പ്രകോപനകരമായി സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പക്ഷെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന് അത് വേണ്ടിവരാം. പക്ഷെ എല്ലാവരുംഅതു പോലെയാവണമെന്നില്ല. അജിങ്ക്യ രഹാനെ വളരെ വ്യത്യസ്തനാണ്. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നത് മറ്റുകാര്യങ്ങളിലൂടെയാണ്. ആത്മാര്‍ത്ഥത ഉണ്ടാവുകയെന്നതാണ് പ്രധാനം.
എന്നെ ആശങ്കപ്പെടുത്തുന്നത് ജൂനിയര്‍ താരങ്ങളിലേക്ക് ഇത് പകരുന്നുണ്ടെന്നാണ്. അതാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. 12ഉം 13ഉം 14ഉം വയസുള്ള കുട്ടികള്‍ അടുത്ത വിരാട് കോഹ്‌ലിയാവാനാണ് ശ്രമിക്കുന്നത്.