| Monday, 7th January 2013, 9:40 am

കേരളം കടുത്ത വരള്‍ച്ചയിലേക്കെന്ന് ജലവിഭവ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുന്നതായി കണക്ക്. ഇടുക്കി ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്.[]

സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണ് ഇടുക്കി പദ്ധതിയുടെ ജലനിരപ്പ്. സംസ്ഥാനത്തെ പ്രധാന വൈദ്യുത പദ്ധതി നേരിടുന്ന പ്രതിസന്ധി വൈദ്യുതി മേഖലയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും.

കുടിവെള്ള പ്രശ്‌നം ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുക വടക്കന്‍ കേരളത്തിലായിരിക്കുമെന്നു ജലവിഭവവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

സംസ്ഥാനത്തെ 44 പ്രധാന നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലത്തിന്റെ അളവില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു പുഴകളിലെ വെള്ളം വന്‍ തോതില്‍ കുറഞ്ഞിരുന്നത്.

കാര്യമായി മഴ ലഭിക്കാത്തതിനാല്‍ ഇടുക്കിയിലെ ജലസംഭരണിയിലെ ജലനിരപ്പ് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉള്ളത്. ഇനിയും മഴ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ചരിത്രത്തിലേ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുണ്ട്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം കൂടി നില്‍ക്കുകയാണ്. ഇനിയും വൈദ്യുതി ഉത്പാദനം കൂട്ടേണ്ടി വന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.

2327.88 അടി വെള്ളമാണ് നിലവില്‍ ഇടുക്കിയില്‍ ഉള്ളത്. 2280 അടി വെള്ളമാകുന്നത് വരെ വൈദ്യുതി ഉല്‍പ്പാദനം തുടരാം. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും ജലനിരപ്പ് താഴുന്നത് ആശങ്കാജനകമാണ്.

വേനലിന് കൂടുതല്‍ ശക്തിപ്രാപിക്കുകയും ജലസംഭരണിയിലേക്ക് നീരൊഴുക്ക് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിക്കുകയും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇക്കുറി ഡിസംബര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ പ്രധാന നദികളിലെല്ലാം നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതാണ് പുഴകളെ ആശ്രയിച്ചു നടത്തുന്ന കുടിവള്ള വിതരണ പദ്ധതികള്‍ കടുത്ത പ്രതിസന്ധിയിലാകാന്‍ കാരണമായത്.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേത് ഉള്‍പ്പെടെ സംസ്ഥാനത്തെ 70 ശതമാനം കുടിവെള്ള വിതരണ പദ്ധതികളും നദികളെ ആശ്രയിച്ചാണ് നടപ്പാക്കുന്നത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്നതു പാലക്കാട് ജില്ലയിലാകുമെന്നാണ് ജലവിഭവവകുപ്പ് പറയുന്നത്.

We use cookies to give you the best possible experience. Learn more