| Sunday, 20th June 2021, 5:06 pm

നൂറ്റാണ്ടിനിടയിലെ ഏറ്റവും തീവ്രമായ വരള്‍ച്ച; വെള്ളം റേഷന്‍ ചെയ്യേണ്ടി വരുമെന്ന ആശങ്കയില്‍ ബ്രസീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: കൊവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടയില്‍ കടുത്ത വരള്‍ച്ച കൂടി വന്നതോടെ പ്രതിസന്ധിയിലായി ബ്രസീല്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്ര വരള്‍ച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

വരള്‍ച്ച ശക്തമായതോടെ രാജ്യത്തെ കാര്‍ഷിക രംഗം വലിയ ഭീഷണി നേരിടുകയാണ്. കൃഷിയെ ആശ്രയിച്ചാണ് ബ്രസീലിന്റെ സാമ്പത്തികരംഗം നിലനില്‍ക്കുന്നത്. കാര്‍ഷിക മേഖലയിലുണ്ടാകുന്ന ചെറിയ വെല്ലുവിളികള്‍ പോലും രാജ്യത്തിന് കനത്ത സാമ്പത്തികബാധ്യത വരുത്തിവെക്കാറുണ്ട്.

ഹൈഡ്രോ പവറിനെ ആശ്രയിച്ചാണ് ബ്രസീലുകാര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വരള്‍ച്ച ആരംഭിച്ചതോടെ ഈ മേഖല പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയിലായികൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ തന്നെ വൈദ്യുതി ചാര്‍ജില്‍ കനത്ത വര്‍ധനവ് രേഖപ്പെടുത്തി കഴിഞ്ഞു. വരള്‍ച്ച തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ മോശമാകും. വെള്ളം റേഷനായി നല്‍കേണ്ട സ്ഥിതിയുണ്ടാകുമെന്ന ആശങ്കയുമുണ്ടായിട്ടുണ്ട്.

ആമസോണ്‍ മഴക്കാടുകളില്‍ തീ പടരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. വരള്‍ച്ചയുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ മഴക്കാടുകള്‍ക്ക് ഇക്കാലയളവില്‍ ഉണ്ടാകുന്ന നാശനഷ്ടം വളരെ വലുതായിരിക്കുമെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണില്‍ നടക്കുന്ന നിയമവിരുദ്ധ വനനശീകരണം കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ബ്രസീലിലെ മിനാസ് ഗ്രേയ്‌സ്, ഗോയിസ്, മറ്റോ ഗ്രാസോ ദോ സുള്‍, പരാന, സാവ് പോളോ എന്നീ സംസ്ഥാനങ്ങളിലായിരിക്കും വരള്‍ച്ച ശക്തമാകുക. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലായിരിക്കും വരള്‍ച്ചയുണ്ടാവുകയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Draught in Brazil affects economy, agriculture and daily lives of people

We use cookies to give you the best possible experience. Learn more