ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്‍ നല്‍കിയ തങ്കഭസ്മം കുടിച്ചു; കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച മങ്ങി
Kerala News
ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്‍ നല്‍കിയ തങ്കഭസ്മം കുടിച്ചു; കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച മങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th October 2021, 12:05 pm

കണ്ണൂര്‍: ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കികുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായി പരാതി.

വ്യാജ ഗരുഡ രത്നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങിയതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചാന്ദ് കണ്ണവം പൊലീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

വീടിന്റെ കുറ്റി അടിക്കാനുള്ള മുഹൂര്‍ത്തം നോക്കാനാണ് മൊബിന്‍ ചന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ജ്യോതിഷാലയത്തില്‍ എത്തുന്നത്. പിന്നീട് മൊബിന്റെ വീട്ടില്‍ നിരന്തരം വന്ന ജ്യോത്സ്യന്‍ മൊബിന്‍ വാഹനപകടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുകയായിരുന്നു. ഇക്കാര്യം പറഞ്ഞു വീട്ടുകാരെയും ഭയപ്പെടുത്തി. തുടര്‍ന്ന് ആദിവാസികളുടെ അടുത്ത് നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം 10 എണ്ണം വാങ്ങി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു.

ഭാവിയില്‍ മകന്‍ ഐ.എ.എസ് പാസാകാന്‍ തങ്കഭസ്മം പാലില്‍ കലക്കി കുടിക്കാനും വിദേശ ലക്ഷ്മി യന്ത്രം വാങ്ങി വീട്ടില്‍ സൂക്ഷിക്കാനും ഉപദേശിച്ചു. ഗരുഡ രത്നത്തിന് 10 ലക്ഷവും ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയും ഇയാള്‍ കൈക്കലാക്കി.

ജില്ലാ പൊലീസ് മേധാവിക്കും മൊബിന്‍ പരാതി നല്‍കിയിട്ടുണ്ട്. മൊബിന്‍ നല്‍കിയ ഹരജി പരിഗണിച്ച് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Drank the Thanka basmam given by the astrologer to pass the IAS; Student’s vision blurred in Kannur