| Thursday, 11th July 2019, 7:49 pm

കര്‍ണാടക വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; ബസവരാജ് ഓടിയെത്തി; യെദ്യൂരപ്പയെ തടഞ്ഞ് പൊലീസ്; ഭൂകമ്പം നടന്നതുപോലെ പെരുമാറ്റമെന്ന് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍. മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ നിന്ന് വിധാന്‍ സൗധയിലെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ 10 പേര്‍ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനു രാജി സമര്‍പ്പിച്ചു. 16 വിമത എം.എല്‍.എമാരാണ് ഇന്നു വൈകിട്ട് വിധാന്‍ സൗധയിലെത്തിയത്.

ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് മുംബൈക്കു പോയതെന്നും എം.എല്‍.എമാര്‍ തന്നോടു പറഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ താന്‍ അവര്‍ക്കു സുരക്ഷ നല്‍കാമെന്നു പറഞ്ഞെന്നും ഒരു ഭൂകമ്പം ഉണ്ടായതുപോലെയാണ് അവര്‍ പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇവരില്‍ 10 പേരോട് നേരിട്ട് രാജി കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആറുമണിയോടെയാണ് ഇവര്‍ വിധാന്‍ സൗധയിലെത്തിയതും രാജി സമര്‍പ്പിച്ചതും. തുടര്‍ന്ന് ഉടന്‍തന്നെ ഇവര്‍ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.

ഇന്നു വൈകിട്ട് തന്നെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കൊണ്ട് ഇത്രയധികം രാജിക്കത്തുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കര്‍ കോടതിയെ അറിയിച്ചു.

ഇത് ഹര്‍ജിയായി നല്‍കാന്‍ സുപ്രീംകോടതി സ്പീക്കറോട് പറഞ്ഞു. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

അതേസമയം തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കര്‍ക്കു കത്ത് നല്‍കി. രാത്രി മുഴുവന്‍ രാജി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം.എല്‍.എമാരെത്തുമ്പോള്‍ കനത്ത സുരക്ഷയിലായിരുന്നു വിധാന്‍ സൗധ. യെദ്യൂരപ്പയും സംഘവും ഇതിനിടെ വിധാന്‍ സൗധയിലെത്തിയത് ഏറെനേരം ആശങ്കകള്‍ക്കു വഴിവെച്ചു. പ്രധാന കവാടം ഉപേക്ഷിച്ച് മറ്റൊരു കവാടത്തിലൂടെയായിരുന്നു ഇദ്ദേഹവും സംഘവും എത്തിയത്. എന്നാല്‍ യെദ്യൂരപ്പയെയും ബി.ജെ.പി എം.എല്‍.എമാരെയും കാണാന്‍ സ്പീക്കര്‍ തയ്യാറായില്ല.

സ്പീക്കറുടെ ചേംബറിലേക്കു കയറാന്‍ ശ്രമിച്ചതിന് യെദ്യൂരപ്പയെയും കൂട്ടരെയും പൊലീസ് തടയുകയും ചെയ്തു. എം.എല്‍.എ ഭാരതി ബസവരാജ് പൊലീസുകാര്‍ക്കൊപ്പം സ്പീക്കറുടെ ചേംബറിലേക്ക് ഓടിവന്നത് ആശങ്കയുണ്ടാക്കി.

We use cookies to give you the best possible experience. Learn more