'ആം ആദ്മിയ്‌ക്കൊപ്പം സമരത്തിനില്ല'; ഗോമതി സമരവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി; മൂന്നാറിലെ സമരവേദിയില്‍ നാടകീയ രംഗങ്ങള്‍
Kerala
'ആം ആദ്മിയ്‌ക്കൊപ്പം സമരത്തിനില്ല'; ഗോമതി സമരവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി; മൂന്നാറിലെ സമരവേദിയില്‍ നാടകീയ രംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2017, 10:20 pm

മൂന്നാര്‍: മന്ത്രി എം.എം മണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരവേദിയില്‍ നിന്ന് ഗോമതി ഇറങ്ങിപ്പോയി. നാടകീയമായ രംഗങ്ങളാണ് സമര വേദിയില്‍ അരങ്ങേറിയത്. പൊമ്പിളൈ ഒരുമൈയുടെ സമരം ആം ആദ്മി പാര്‍ട്ടി അവരുടെ സമരമാക്കി മാറ്റുന്നുവെന്നാണ് ഗോമതിയുടെ ആരോപണം.

നിരാഹാര സമരം നിര്‍ത്തുകയാണെന്ന് പറഞ്ഞുകൊണ്ട് ഗോമതി സമര വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൗസല്യ, രാജേശ്വരി എന്നിവര്‍ ഗോമതിയെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഗോമതി മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു.


Also Read: മൂന്നാറില്‍ സംഘര്‍ഷം; സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം; പിന്നില്‍ സി.പി.ഐ.എം എന്ന് ഗോമതി


ആം ആദ്മി പാര്‍ട്ടി നിരാഹാരമിരിക്കേണ്ടെന്നാണ് ഗോമതി പറഞ്ഞത്. സമരത്തെ ആം ആദ്മി പാര്‍ട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. നിരാഹാരം വേണ്ട, പിന്തുണ മാത്രം മതിയെന്നും അവര്‍ പറഞ്ഞു. സമരം ശക്തമായി തുടരുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠന്‍ നിരാഹാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പകരമായി മറ്റൊരു ആം ആദ്മി പാര്‍ട്ടി നേതാവ് സമരം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗോമതി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച മന്ത്രി എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ ആം ആദ്മി പാര്‍ട്ടിയും സമരവുമായി രംഗത്തുണ്ടായിരുന്നു.