ക്രിക്കറ്റിനെ അണ്‍പ്രഡിക്റ്റബിളാക്കുന്ന നിമിഷങ്ങള്‍, അത് എന്നും ഐക്കോണിക്കായിരിക്കും. വിജയം ഉറപ്പിച്ച ശേഷം തോല്‍വിയേറ്റുവാങ്ങുന്നതും, 2002ലെ നാറ്റ് വെസ്റ്റ് സീരീസ് പോലെ തോല്‍വിയില്‍ നിന്നും ഇന്ത്യ വിജയത്തിലേക്ക് കയറിവന്നതുമെല്ലാം ക്രിക്കറ്റ് ലോകത്തെ ഐക്കോണിക് മൊമന്റുകളില്‍ പ്രധാനമാണ്.
എന്നാല്‍ ക്രിക്കറ്റ് ഇത്രത്തോളം അണ്‍പ്രഡിക്റ്റബിളായ ഒരു നിമിഷം വേറെയുണ്ടായിരിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കും.
ഒരു ടൂര്‍ണമെന്റ് ഫൈനലിലെ അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടി വരിക, ബൗളര്‍ വിക്കറ്റ് വീഴ്ത്തുക, എന്നാല്‍ ടീം ഒന്നാകെ ചാമ്പ്യന്‍മാരായതിന്റെ ആവേശത്തില്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ അമ്പയര്‍ നോ ബോള്‍ വിളിക്കുക ഇങ്ങനെയുള്ള നാടകീയ മുഹൂര്‍ത്തങ്ങളായിരുന്നു വൈറ്റലിറ്റി ബ്ലാസ്റ്റിന്റെ ഫൈനലില്‍ സംഭവിച്ചത്.
ഹാംഷെയര്‍ ഹോക്‌സും ലങ്കാഷെയര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിലായിരുന്നു ക്രിക്കറ്റിലെ അതിനാടകീയ രംഗം അരങ്ങേറിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹാംഷെയര്‍ 152 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍ ബെന്‍ മെക്‌ഡെര്‍മോട്ടിമന്റെ ഇന്നിങ്‌സിന്റെ കരുത്തിലായിരുന്നു ഹാംഷെയര്‍ മികച്ച സ്‌കോറിലേക്കെത്തിയത്. 36 പന്തില്‍ നിന്നും 62 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയ മറ്റു ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഹാംഷെയര്‍ പരുങ്ങിയിരുന്നു. എന്നാല്‍ ആറാമന്‍ റോസ് വൈറ്റ്‌ലീയും ഒമ്പതാമനായി ഇറങ്ങിയ ക്രിസ് വുഡും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഹാംഷെയറിനെ 152ല്‍ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കാഷെയറും വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. ഓപ്പണര്‍ ജെന്‍കിന്‍സിനൊപ്പം സ്റ്റീവന്‍ ക്രോഫ്റ്റും ഡെയ്ന്‍ വിലാസും ലൂക്ക് വെല്‍സും ആഞ്ഞടിച്ചതോടെ സ്‌കോര്‍ പറപറന്നു.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഹാംഷെയര്‍ കളിയിലെ ആധിപത്യം ലങ്കാഷെയറിന് വിട്ടുകൊടുത്തില്ല.
മത്സരം ആവേശകരമായ അവസാന പന്ത് വരെയെത്തിക്കാന്‍ ലങ്കാഷെയറിനായി. അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു ലങ്കാഷെയറിന് വേണ്ടിയിരുന്നത്.
എന്നാല്‍ അവസാന പന്തില്‍ റിച്ചാര്‍ഡ് ഗ്ലീസനെ ക്ലീന്‍ ബൗള്‍ഡായതോടെ ഹാംഷെയര്‍ ആഘോഷം തുടങ്ങി. ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലിറങ്ങിയ ടീം ഒന്നാകെ ആഘോഷത്തില്‍ മതിമറന്നിരുന്നു. ചാമ്പ്യന്‍മാര്‍ പിറന്നതിന്റെ വെടിക്കെട്ടും നടന്നു.
എന്നാല്‍ അവസാന പന്ത് നോ ബോള്‍ ആണെന്ന് അമ്പയര്‍ വിധിച്ചതോടെയാണ് രംഗം ഒന്നാകെ മാറിയത്. ഇത് വിശ്വസിക്കാനാവാതെ ഹാംഷെയര്‍ താരങ്ങള്‍ കണ്ണ് തള്ളിയിരിക്കുകയായിരുന്നു.
ഫ്രീ ഹിറ്റ് ഡെലിവറിയായ അവസാന പന്ത് ഗ്ലീസനെ ബീറ്റ് ചെയ്തതോടെ ബാറ്റര്‍മാര്‍ റണ്ണിനായി ഓടുകയും, റണ്ണൗട്ടാവുകയുമായിരുന്നു. ഇതോടെ ഒരു റണ്‍സിന് വിജയിച്ച ഹാംഷെയര്‍ വെറ്റാലിറ്റി ബ്ലാസ്റ്റിന്റെ ചാമ്പ്യന്‍മാരാവുകയും ചെയ്തു.
Content Highlight: Dramatic moment in cricket history, Lancashire vs Hampshire, Vitality Blast