| Sunday, 3rd April 2022, 4:28 pm

നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 71 വയസായിരുന്നു. നാടകങ്ങളിലൂടെ അഭിനയജീവിതം തുടങ്ങി പിന്നീട് സിനിമയിലെത്തുകയായിരുന്നു.

ആലപ്പുഴ ജില്ലയില്‍ ജനിച്ച കൈനകരി തങ്കരാജ് പ്രശസ്ത നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.

10,000ലധികം വേദികളില്‍ പ്രധാന നടനായി തിളങ്ങിയിട്ടുണ്ട്. കെ.പി.എ.സിയുടെ ഭാഗമായും അഭിനയിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിയും കയര്‍ബോര്‍ഡിലും ജോലി ചെയ്തിട്ടുള്ള കൈനകരി തങ്കരാജ് പിന്നീട് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലെത്തുന്നത്.

പ്രേംനസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ സിനിമ.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ മ യൗവിലെ കേന്ദ്ര കഥാപാത്രമായ വാവച്ചന്‍ മേസ്തിരിയെ അവതരിപ്പിച്ച തങ്കരാജിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

പിന്നീട് പൃഥ്വിരാജ് ചിത്രം ലൂസിഫര്‍, റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്നീ സിനിമകളുടെയും ഭാഗമായി. ഹോമിലെ മുത്തച്ഛനായ അപ്പച്ചനെ അവതരിപ്പിച്ചതും ഏറെ കയ്യടി നേടിയിരുന്നു.

അണ്ണന്‍ തമ്പി, ആമേന്‍, ഇയ്യോബിന്റെ പുസ്തകം, ഇഷ്ഖ് എന്നീ സിനിമകളുടെയും ഭാഗമായി. 35ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Drama- movie actor Kainakary Thangaraj died

We use cookies to give you the best possible experience. Learn more