Kerala News
'നാടകം മരിച്ചുകൊണ്ടിരിക്കുന്നു'; മാതൃഭൂമിയുടെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നത്: ദീപന്‍ ശിവരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 08:30 am
Tuesday, 11th February 2025, 2:00 pm

തിരുവനന്തപുരം: ലിറ്ററേച്ചര്‍ ഫെസ്റ്റിവലായ ‘ക’യില്‍ നടന്ന നാടക ചര്‍ച്ച സംബന്ധിച്ച് മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്തക്കെതിരെ നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍.

നാടക ചര്‍ച്ചയില്‍ നമീപകാലത്തുണ്ടായ മലയാള നാടകവേദിയുടെ ശക്തമായ തിരിച്ചുവരവിനെ കുറിച്ചും, എന്നാല്‍ മാറിവരുന്ന സര്‍ക്കാരുകളുടെ സാംസ്‌കാരിക നയങ്ങളുടെ പോരായ്മകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ പ്രധാനമായും എല്ലാവരും സംസാരിച്ചതെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപന്‍ ശിവരാമന്റെ പ്രതികരണം.

മാതൃഭൂമി പത്രത്തില്‍ അടിച്ചുവന്നിരിക്കുന്ന ‘നാടകം മരിച്ചുകൊണ്ടിരിക്കുന്ന’ എന്ന തലക്കെട്ടോട് കൂടിയ വാര്‍ത്ത തെറ്റിദ്ധരിപ്പുക്കുന്നതും ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചക്ക് നേരെ വിപരീതവുമാണെന്നും ദീപന്‍ കൂട്ടിച്ചേര്‍ത്തു.

'Drama is dying'; Mathrubhumi's title is misleading: Deepan Sivaraman

മലയാള നാടകവേദിയില്‍ സ്പൈനല്‍ കോര്‍ഡ്, ഖസാക്കിന്റെ ഇതിഹാസം, പിയര്‍ ജിന്റ്, ഉബുറോയ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തനിക്ക് മാതൃഭൂമി സാഹിത്യോത്സവത്തില്‍ നാടകവേദിക്ക് ഒപ്പാരി പാടേണ്ട കാര്യമില്ലെന്നും ദീപന്‍ പറഞ്ഞു.

‘ഒരു നാടകം പോലും മര്യാദക്ക് വന്ന് കാണില്ല, വന്ന് കണ്ടാലും അതിനെ കുറിച്ച് നാലുവരി എഴുതാനുള്ള അറിവോ വിവേകമോ ഇല്ല, എന്നിട്ടും മലയാള നാടകവേദി മരിച്ചുവെന്ന് സമര്‍ത്ഥിക്കാന്‍ ഈ പോത്തന്‍മാരായ പത്രക്കാര്‍ക്ക് എന്താണിത്ര താത്പര്യം,’ ദീപന്‍ വിമര്‍ശിച്ചു.

മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കുവെച്ചാണ് ദീപന്‍ ശിവരാമന്‍ വിമര്‍ശനം ഉയര്‍ത്തിയത്. കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ബി. അന്തകൃഷ്ണന്‍, നടി സജിത മഠത്തില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫെസ്റ്റിവലില്‍ കേട്ട ‘നാടകം മരിച്ചുകൊണ്ടിരിക്കുന്നു’ എന്ന വാചകം നാടകപ്രേമികളുടെ നെഞ്ചിലാണ് കൊണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് മാതൃഭൂമിയിലെ വാര്‍ത്ത തുടങ്ങുന്നത്.

മൊബൈല്‍ യുഗത്തില്‍ ഓരോരുത്തരും ഓരോ സ്വകാര്യലോകത്തേക്ക് വലിയുമ്പോള്‍ അവരെ നാടകത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്ന രീതിയിലുള്ള നാടക പരീക്ഷണങ്ങളും ഉണ്ടാകണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ തിയേറ്റര്‍ കിട്ടണമെങ്കില്‍ കൈയില്‍ കാശില്ലാത്ത നാടകക്കാരും ലക്ഷങ്ങള്‍ കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോളെന്നും ചര്‍ച്ചയില്‍ സംസാരമുണ്ടായതായി വാര്‍ത്തയില്‍ പറയുന്നു.

Content Highlight: ‘Drama is dying’; Mathrubhumi’s title is misleading: Deepan Sivaraman