| Thursday, 5th September 2019, 6:46 pm

കൂവലും ഗോ ബാക്കും ചീത്തവിളിയും; പാലായില്‍ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിച്ച പി.ജെ ജോസഫിനെതിരെ രോഷാകുലരായി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലായിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിനിടെ കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫിന് പ്രവര്‍ത്തകരുടെ കൂവലും ചീത്തവിളിയും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വേദിയിലേക്ക് കടന്നു വന്നപ്പോള്‍ത്തന്നെ ജോസഫിനെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നിരുന്നു.

പാലാ കുരിശുപള്ളിയുടെ കഥ പറഞ്ഞുതുടങ്ങിയ ജോസഫിനു തുടക്കം മുതല്‍ക്കു തന്നെ പ്രവര്‍ത്തകരുടെ രോഷത്തിനിരയാകേണ്ടി വന്നു. മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സദസ്സിന്റെ മുന്‍വശത്തേക്കെത്തിയ ചില പ്രവര്‍ത്തകര്‍ മുഷ്ടി ചുരുട്ടി ഗോ ബാക്ക് വിളിച്ചത് ഏറെനേരം ആശങ്ക സൃഷ്ടിച്ചു.

തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനും ജോസ് കെ. മാണിക്കും ജയ് വിളിച്ചാണ് ജോസഫിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഉടന്‍തന്നെ ജോസ് കെ. മാണി ഇടപെട്ട് അവരോട് നിര്‍ത്താനും അവിടെയിരിക്കാനും ആംഗ്യം കാണിച്ചെങ്കിലും വീണ്ടും ഇതു തുടര്‍ന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്നു നിങ്ങളുടെ എല്ലാ വികാരങ്ങളും താന്‍ മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ജോസഫിനെ കൂവിവിളിച്ചും ചീത്ത പറഞ്ഞുമാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. ചീത്തവിളിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ജോസ് കെ. മാണി വീണ്ടും ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല.

നേരത്തേ ജോസഫിന്റെ ഇടപെടലായിരുന്നു ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാതെ പോയത്. പാര്‍ട്ടിയില്‍ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് തെരഞ്ഞെടുപ്പിലുടനീളം ദൃശ്യമാകുമെന്ന് ഇതോടെ ഉറപ്പായി.

സ്ഥാനാര്‍ഥിയെ അനുകൂലിക്കുന്നവരാണു തന്നെ ചീത്ത വിളിച്ചതെന്നു കരുതുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. ജോസ് കെ. മാണിയുമായുള്ള പ്രശ്‌നത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങവെ, ‘ഞങ്ങളെ വിഡ്ഢികളാക്കേണ്ട’ എന്നായിരുന്നു സദസ്സില്‍ നിന്നു വന്ന പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒടുവില്‍ അധികം ദീര്‍ഘിപ്പിക്കാതെ പ്രസംഗം അവസാനിപ്പിക്കുന്നതായി ജോസഫ് പറഞ്ഞു. അതിനും മറുപടി കൂവലായിരുന്നു. ഇതിനിടയിലുടനീളം ഗോ ബാക്ക് വിളികളും തുടര്‍ന്നു.

ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു ജോസഫ് പ്രസംഗം അവസാനിപ്പിച്ചത്. അതിനു മാത്രമാണ് അദ്ദേഹത്തിനു കൈയ്യടി ലഭിച്ചത്.

വേദിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുണ്ടായിരുന്നു. ജോസഫ് സംസാരിച്ചതിനു ശേഷമായിരുന്നു സ്ഥാനാര്‍ഥിയായ ജോസ് ടോം സംസാരിച്ചത്.

We use cookies to give you the best possible experience. Learn more