ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തിനെതിരെ മരട് നഗരസഭാ യോഗത്തില്‍ പൊതുവികാരമായിരുന്നു. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്.
എന്നാല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നായിരുന്നു നഗരസഭാധ്യക്ഷ പറഞ്ഞത്.
ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതി നഗരസഭാ കൗണ്‍സിലിന്റെ അഭിപ്രായം തേടാതെയാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഈ സാഹചര്യത്തില്‍ വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നുമാണ് ഭരണപക്ഷം ആവശ്യപ്പെട്ടത്.
കോടതിയുടെ ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷ പ്രമേയം. ഫ്‌ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നു നഗരസഭ പ്രമേയം പാസ്സാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഫ്‌ളാറ്റുടമകളുമായി സംസാരിക്കാന്‍ പോലും തയ്യാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയെയും അംഗങ്ങള്‍ വിമര്‍ശിച്ചു.
യോഗം നടക്കുന്നതിനിടെ ഫ്‌ളാറ്റ് ഉടമകള്‍ നഗരസഭയിലെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് എത്തിയത്.
ഫ്‌ളാറ്റ് പൊളിക്കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുളള നടപടികളും നഗരസഭ തുടങ്ങി. ഇക്കാര്യങ്ങളെല്ലാം 18-ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെയും അറിയിക്കും.