ബെംഗളൂരു: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്ന കര്‍ണാടകയില്‍ റീകൗണ്ടിങ്ങില്‍ ഒരു സീറ്റ് വര്‍ധിപ്പിച്ച് ബി.ജെ.പി. ജയനഗര്‍ മണ്ഡലത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രാത്രി വീണ്ടും വോട്ടെണ്ണിയപ്പോള്‍ 16 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ സി.കെ.രാമമൂര്‍ത്തി വിജയിക്കുകയായിരുന്നു. ആര്‍.വി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ റീക്കൗണ്ട് നടന്നത്. അതിന് ശേഷം വീണ്ടും ഫലം പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഢി 57,781 വോട്ടുകളും സി.കെ. രാമമൂര്‍ത്തി 57,797 വോട്ടുകളുമാണ് നേടിയത്.
‘ഞങ്ങള്‍ ജയനഗര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇത് ശ്രീ ബി.എന്‍. വിജയകുമാര്‍ സാറിനുള്ള ഞങ്ങളുടെ കൃതജ്ഞതയാണ് ,’ റിസള്‍ട്ടിന് പിന്നാലെ തേജസ്വി സൂര്യ യാദവ് ട്വീറ്റ് ചെയ്തു.
വോട്ടെണ്ണിയത് മുതല്‍ കോണ്‍ഗ്രസിന്റെ സൗമ്യ മൂര്‍ത്തിയായിരുന്നു മുന്നില്‍. അതുകൊണ്ട് തന്നെ ജയനഗറില്‍ ഇന്നലെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സൗമ്യ 294 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു. എന്നാല്‍ ബി.ജെ.പി റീകൗണ്ടിങ്ങിന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ സൗമ്യ റഡ്ഢിയുടെ റിസള്‍ട്ട് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
‘ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡഢിയാണ് വിജയിച്ചത്. എന്നാല്‍ റീകൗണ്ടിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഫലം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
സൗമ്യ റെഡ്ഢിയുടെ പിതാവും സ്റ്റേറ്റ് വര്‍ക്കിങ് പ്രസിഡന്റുമായ രാമലിംഗ റെഡ്ഢിയുടെ കൂടെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളടക്കം ആര്‍.വി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമമൂര്‍ത്തിക്ക് അനുകൂലമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 16 വോട്ടിന് ബി.ജെ.പി വിജയിച്ചത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ജയനഗറിലെ റിസള്‍ട്ട് പ്രഖ്യാപിച്ചതെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം തപാല്‍ വോട്ടുകള്‍ വീണ്ടും എണ്ണമെന്ന് രാമമൂര്‍ത്തിയുടെ അപ്പീലിനെ തുടര്‍ന്ന് അത് വീണ്ടും എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ഇതോടെ തേരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം കോണ്‍ഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി.എസ്- 19 എന്നിങ്ങനെയാണ് കര്‍ണാടകയിലെ സീറ്റ് നില.
content highlight: Drama in Karnataka; BJP has increased one seat in recounting in Jayanagar constituency