| Thursday, 4th November 2021, 8:12 am

യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിന് വീണ്ടും വില കൂടും, ഇപ്പോള്‍ കാണുന്നത് മോദി സര്‍ക്കാരിന്റെ നാടകം; കേന്ദ്രത്തിനെതിരെ ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വെറും നാടകമാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന് അഞ്ച് രൂപ കുറച്ച് മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ലാലു പറഞ്ഞു.

ലിറ്ററിന് 50 രൂപ കുറച്ചാല്‍ അത് ആശ്വാസമാകുമെന്നും യു.പി തെരഞ്ഞെടുപ്പിന് ശേഷം പെട്രോളിയം വില വീണ്ടും വര്‍ധിപ്പിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം ശക്തമായതോടെയാണ് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.

ഇളവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്.

ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും.

ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലുമാണ്.

നിയമസഭാ-ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയും തീരുമാനത്തിന് കാരണമായി.

അനിയന്ത്രിതമായ വിലവര്‍ധനയില്‍ ബി.ജെ.പിയ്ക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Drama, Inadequat: Lalu Yadav On Centre’s Petrol, Diesel Price Cut

We use cookies to give you the best possible experience. Learn more