| Friday, 1st September 2023, 4:28 pm

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ കപില്‍ സിബലിന്റെ അപ്രതീക്ഷിത സാന്നിധ്യം; നീരസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ അപ്രതീക്ഷിത അഥിതിയായി കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന രാഷ്ട്രീയ നേതാവും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍.

യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടിട്ടില്ലാത്ത കപില്‍ സിബലിന്റെ പ്രവേശനം കോണ്‍ഗ്രസ് നേതാക്കളില്‍ നീരസമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാക്കളുടെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ സിബലിന്റെ വരവില്‍ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യോഗത്തിന്റെ ആതിഥേയത്വം വഹിക്കുന്നത് ശിവസേന ഉദ്ധവ് താക്കറെ വിഭാഗമാണ്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും ചേര്‍ന്ന് സിബലിന്റെ സാന്നിധ്യം അംഗീകരിക്കുവാന്‍ വേണുഗോപാലിനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിലും കപില്‍ സിബലും ഇടം പിടിച്ചു. രാഹുല്‍ ഗാന്ധിക്ക് കപില്‍ സിബല്‍ യോഗത്തില്‍ സംബന്ധിക്കുന്നതില്‍ എതിര്‍പ്പില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ വര്‍ഷം മേയിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിബല്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന്, സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് രാജ്യസഭാ എം.പിയായി. രാജ്യത്ത് എപ്പോഴും ഒരു സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതിനായി പ്രതിപക്ഷത്തിരിക്കുമ്പോള്‍ സഖ്യമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി 23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രധാനിയായിരുന്നു കപില്‍ സിബല്‍.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സിബല്‍, ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് രാജി വെക്കുന്നതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

ഇന്നത്തെ യോഗത്തില്‍ 13 അംഗ കോര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചു. കെ.സി. വേണുഗോപാല്‍, ശരദ് പവാര്‍, എം.കെ. സ്റ്റാലിന്‍, തേജസ്വിനി യാദവ്, അഭിഷേക് ബാനര്‍ജി എന്നിവര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാണ്. ഇന്ന് പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലോഗോയുടെ പ്രകാശനം ഇന്നുണ്ടാകില്ല എന്നും സൂചനയുണ്ട്.

Content Highlight: Drama at INDIA’s Mumbai Meet As Ex-Congress Leader Kapil Sibal Enters

We use cookies to give you the best possible experience. Learn more