| Saturday, 12th January 2013, 3:04 pm

ഡ്രാക്കുള സിനിമയ്‌ക്കെതിരെ ഫെഫ്ക ഇടപെട്ടതായി വിനയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തന്റെ പുതിയ ചിത്രമായ ഡ്രാക്കുള 2012 ന്റെ മിക്‌സിങ് സംവിധായകന്‍ പ്രിയദര്‍ശന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടത്തുന്നതില്‍  ഫെഫ്ക ഇടപെട്ട് വിലക്ക് ഏര്‍പ്പെടുത്തിയതായി സംവിധായകന്‍ വിനയന്‍.[]

തുടര്‍ന്ന് എ.ആര്‍. റഹ്മാന്റെ സ്റ്റുഡിയോയില്‍ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നെന്ന് വിനയന്‍ പറഞ്ഞു. ഇന്നലെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഫെബ്രുവരി എട്ടിനു റിലീസ് ചെയ്യുന്ന ഡ്രാക്കുളയുടെ ഇംഗ്ലീഷ് പതിപ്പ് ലോകവ്യാപകമായി റിലീസ് ചെയ്യാന്‍ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സുമായി കരാറായെന്നും വിനയന്‍ പറഞ്ഞു.

മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും നിര്‍മിച്ച ചിത്രം ഒരേസമയം 400 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്ന് വിനയന്‍ പറഞ്ഞു.

മലയാളത്തിലെ ആദ്യ സ്റ്റീരിയോഗ്രാഫിക് 3ഡി ചിത്രമാണ് ഡ്രാക്കുള. ബ്രോംസ്‌റ്റോക്കറുടെ വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് രണ്ടുമണിക്കൂര്‍ 20 മിനിറ്റുള്ള ചിത്രം നിര്‍മിച്ചത്.

സിനിമയുടെ എല്ലാ രംഗത്തും 3ഡി ഇഫക്ട് അനുഭവിക്കാം. 2ഡിയായും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സൂപ്പര്‍താരങ്ങള്‍ ഇല്ലാത്ത ചിത്രത്തില്‍ പ്രധാന അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ പത്തോളം പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു.

വിദേശത്തുള്‍പ്പെടെയാണ് സിനിമ ചിത്രീകരിച്ചത്. ഡ്രാക്കുളയില്‍ പ്രധാന വേഷം ചെയ്യുന്നത് സുധീര്‍, ആര്യന്‍ എന്നിവരാണ്.

We use cookies to give you the best possible experience. Learn more