ഇസ്‌ലാമാബാദ്: മാധ്യമങ്ങള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാനിലെ നിയമഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്നു.
ഓര്‍ഡിനന്‍സായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പാസാക്കിയ മാധ്യമ നിയമഭേദഗതിക്കെതിരെയാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത്. ദ പാകിസ്ഥാന്‍ ഇലക്ട്രോണിക് ക്രൈംസ് ആക്ട് (പി.ഇ.സി.എ) എന്ന പേരിലായിരുന്നു ഓര്‍ഡിനന്‍സ് പാസാക്കിയത്.
സര്‍ക്കാരിന് കീഴിലുള്ള സംഘടനകളെയും ഇന്‍സ്റ്റിറ്റിയൂഷനുകളെയും വിമര്‍ശിക്കുകയോ ‘അപകീര്‍ത്തി’പ്പെടുത്തുകയോ ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും എന്നാണ് പുതിയ നിയമഭേദഗതിയില്‍ പറയുന്നത്.
നിലവിലെ മൂന്ന് വര്‍ഷത്തെ ശിക്ഷ അഞ്ച് വര്‍ഷമാക്കി വര്‍ധിപ്പിക്കാനും നിയമഭേദഗതിയില്‍ തീരുമാനമായിട്ടുണ്ടെന്ന് ദി ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള അന്താരാഷ്ട്ര ശ്രമമെന്ന് വിളിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കത്തെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിമര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തകരടക്കമുള്ള ആളുകളുടെ മൗലികാവകാശങ്ങളെ പോലും ലംഘിക്കുന്ന നിയമം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പി.ഇ.സി.എ നിയമഭേദഗതിക്കെതിരായി ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ‘ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഉപദേശകരാല്‍ തെറ്റായ ദിശയിലേക്ക് എത്തിപ്പെട്ടതായിരിക്കാമെന്നാണ്,” ഹരജികളിന്മേല്‍ വാദം കേള്‍ക്കവെ കോടതി പറഞ്ഞതെന്ന് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Draconian law amendments against media invites criticism in Pakistan