തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പിയും കേരള സാഹിത്യ അക്കാദമിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശ്രീകുമാരന്‍
തമ്പിയുടെ കേരളഗാനത്തിന് പ്രതി കവിതയെഴുതി ദളിത് അക്കാദമീഷ്യൻ ഡോ. വാസു.
ഹരിതഭംഗി കവിത ചൊല്ലുമെന്റെ കേരളം, സഹ്യഗിരി തന്‍ ലാളനയില്‍ വിലസും കേരളമെന്ന് തുടങ്ങുന്ന ശ്രീകുമാരന്‍ തമ്പിയുടെ കവിതക്ക്, റബറു വെട്ടി പാലെടുത്തു ഷീറ്റടിച്ച കേരളം, കണ്ണിമാങ്ങ വട്ടംപൂളി ഉപ്പിലിട്ട കേരളമെന്ന് ഡോ. വാസു മറുപടിയായി എഴുതി.
കേരളത്തിലെ മലകളെയും പുഴകളെയും കായലുകളെയും കഥകളിയെയുമെല്ലാം ശ്രീകുമാരന്‍ തമ്പി ആവര്‍ത്തന വിരസതയോടെ കുറിച്ചപ്പോള്‍ ടാറുരുക്കി മെറ്റലിട്ട കേരളത്തിലെ റോഡുകളെയും ഡീസല്‍ കിട്ടുന്ന സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളെയും കുറിച്ച് രസകരമായി കവിതയില്‍ ഡോ. വാസു അടിവരയിട്ടു.
കേരളം നേരിടുന്ന പ്രധാന വിഷയങ്ങളെ ഉദ്ധരിച്ചുകൊണ്ട് കാശുള്ളോരുടെ മക്കള്‍ മുഴുവന്‍ നാടുവിടുന്നുവെന്നും ഹിന്ദിവാലകള്‍ കേരളത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്നുവെന്നും ഡോ. വാസു ചൂണ്ടിക്കാട്ടിയപ്പോള്‍, സ്ഥിതിസമത്വം സ്വപ്നം തിരുവോണമാക്കി നമ്മളെന്നും മാനവത്വമൊന്നേ മതമെന്നു ചൊല്ലി നമ്മളേന്നുമാണ് ശ്രീകുമാരന്‍ തമ്പി എഴുതിയത്.
തമ്പിമാരെല്ലാം ഇപ്പോഴും ക്‌ളീഷെയായ കഥകളി പദങ്ങളാല്‍ കേരളത്തെ പൊറുതിമുട്ടിക്കുകയാണെന്നും ഡോ. വാസു പറയുന്നു. മണലിനാല്‍ വെന്തുപോയ നിളാനദിയെ കുറിച്ചും കവിതയില്‍ ഡോ. വാസു പരാമര്‍ശിക്കുന്നുണ്ട്.
ബെവ്‌കോയുടെ ക്യൂവില്‍ ചെന്ന് നില്‍ക്കുന്ന കേരളത്തിലെ സന്ധ്യകളെയും സോഡാ ചേര്‍ത്ത റമ്മടിച്ച് പൂസായി പോയ കേരളത്തെയും ഡോ. വാസു തന്റെ കവിതയില്‍ കുറിച്ചിടുന്നുണ്ട്.
കവിതയുടെ അവസാനത്തില്‍ ഇനിയും ചേര്‍ത്തുവെയ്ക്കാന്‍ ഒരുപാടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുണ്ട്. നിലവില്‍ ശ്രീകുമാരന്‍ തമ്പിയുടെ കേരളത്തിന് മറുപടിയായി എഴുതിയ ഡോ. വാസുവിന്റെ കവിത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.
‘തമ്പുരാക്കള്‍ മറഞ്ഞിടിലും തമ്പുരാന്റെ കേരളം, തമ്പുരാട്ടി ആര്‍ത്തവത്തിന്‍ വീമ്പു ചൊല്ലും കേരളം,’ എന്ന് ഫേസ്ബുക്കില്‍ ഡോ. വാസുവിന്റെ കവിതക്ക് ഒരാള്‍ പ്രതികരണം നല്‍കി. പ്രശ്‌നം രാഷ്ട്രീയമാണെന്നും കാരണഭൂതന്‍ പാട്ടെഴുതിയ പ്രഭാവര്‍മക്ക് ഇനി കിട്ടാന്‍ അവാര്‍ഡൊന്നുമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ചിലര്‍ കേരളത്തില്‍ കാണുന്നത് കഥകളിയും മാതൃഭൂമി വാരികയും ഓണവും ഒക്കെ മാത്രമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ബാര്‍ബറാം ബാലന്‍ ഇല്ലേ? പുളകം പതക്കുന്ന സോപ്പുമായെത്തിയെന്നും വിമര്‍ശകര്‍ പരിഹസിച്ചു.
കവിതയുടെ പൂർണരൂപം:
റബറു വെട്ടി പാലെടുത്തു
ഷീറ്റടിച്ച കേരളം
കണ്ണിമാങ്ങ വട്ടംപൂളി
ഉപ്പിലിട്ട കേരളം
കേരളം കേരളം
കേരളം മനോഹരം.
ടാറുരുക്കി മെറ്റലിട്ട്
റോഡു തീര്‍ത്ത കേരളം
പെട്രോള്‍ പമ്പില്‍ നിന്നു പോലും
ഡീസല്‍ കിട്ടും കേരളം.
പടവലങ്ങ കല്ലുകെട്ടി
വളവുതീര്‍ത്ത കേരളം
പത്തിനെട്ടു കപ്പ വാട്ടി –
ക്കെട്ടിവെച്ച കേരളം
കാശുള്ളോര്‍ തന്‍ മക്കള്‍ മൊത്തം
നാടു വിട്ട കേരളം.
ഹിന്ദിവാലാ എല്ലുമുറിയെ
പണിയെടുക്കും കേരളം’
തമ്പിമാര്‍കളിന്നും ക്ലീഷേ
പാട്ടെഴുതും കേരളം
കഥകളി പദങ്ങളാലെ
പൊറുതിമുട്ടും കേരളം.
പാട്ടില്‍കെട്ടി ഭാരതനദി
മണലു വെന്ത കേരള
ഇടയ്ക്കിടയ്ക്ക് ഇടയ്ക്കമുട്ടി
കവിതതീര്‍ത്ത കേരളം.