| Wednesday, 3rd August 2022, 6:56 pm

ഗതാഗത സംവിധാനങ്ങള്‍ വെട്ടിച്ചുരുക്കുന്ന കേന്ദ്ര നടപടി ലക്ഷദ്വീപ് ജനതയോടുള്ള മനുഷ്യാവകാശ നിഷേധം: വി. ശിവദാസന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗതാഗത സംവിധാനങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള നടപടി ലക്ഷദ്വീപ് ജനതയോടുള്ള മനുഷ്യാവകാശ നിഷേധമാണെന്ന് ഡോ. വി. ശിവദാസന്‍ എം.പി. ലക്ഷദ്വീപിലെ ഗതാഗത പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി കാണുകയും ദ്വീപ് ജനതക്ക് ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ അനുവദിക്കുകയും വേണമെന്ന് ശിവദാസന്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് പ്രദേശത്ത് ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം മരണപ്പെട്ട ആളുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് അങ്ങനെ ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്നാണ് യൂണിയന്‍ സര്‍ക്കാര് പറയുന്നത്. ഇത് യാഥാര്‍ത്ഥ്യവുമായി ഒരു തരത്തിലും യോജിക്കുന്ന കണക്കല്ല. ദ്വീപിലെ ആരോഗ്യ രംഗത്തെ അപര്യാപ്തതയും അതെ തുടര്‍ന്നുണ്ടാവുന്ന മരണങ്ങളും കൊളുത്തി വിട്ട പ്രതിഷേധങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ മാധ്യമങ്ങളിലൂടെ ജനം അറിഞ്ഞതാണ്. എന്നാല്‍ ഇതൊന്നും തന്നെ കണക്കില്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര് തയാറായിട്ടില്ലെന്നും ശിവദാസന്‍ പറഞ്ഞു.

ലക്ഷദ്വീപ് ജനതക്ക് ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ നിഷേധിക്കുകയാണ് ദ്വീപ് ഭരണകൂടം. ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത ഇന്ന് ദ്വീപ് നിവാസികള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പൊള്‍ സര്‍വിസിലില്ല എന്ന് പറയപ്പെടുന്ന സംവിധാനങ്ങള്‍ നീണ്ട കാലമായി സര്‍വീസ് ഒന്നും നടത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെതിരെ ദ്വീപ് നിവാസികള്‍ കടുത്ത പ്രതിഷേധത്തിലുമാണ്.

കഴിഞ്ഞ കുറച്ച് കാലമായി യൂണിയന്‍ സര്‍ക്കാര് നിയമിച്ചിട്ടുള്ള ദ്വീപ് ഭരണകൂടം അവിടുത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറിക്കൊണ്ടിരിക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. അവയില്‍ ചിലത് പ്രത്യക്ഷമായി തന്നെ ചെയ്യുമ്പോള്‍ ചിലത് നിശ്ശബ്ദമായും ചെയ്യുന്നതായി നമുക്ക് കാണാം. കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നത് അവയില്‍ പ്രധാനമായ ഒന്നാണ്. അതിന്റെ തുടര്‍ പ്രവര്‍ത്തനമാണ് ഇപ്പൊള്‍ ദ്വീപിലേക്ക് പര്യാപ്തമായ ഗതാഗതം അനുവദിക്കാതിരിക്കുന്ന നടപടിയും. ആരോഗ്യ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ കേരളത്തെയും മറ്റ് പ്രദേശങ്ങളെയും ആശ്രയിക്കുന്ന ദ്വീപ് നിവാസികളോടുള്ള മനുഷ്യാവകാശ നിഷേധം കൂടിയാണിതെന്നും ശിവദാസന്‍ പറഞ്ഞു.

അതേസമയം, രാജ്യസഭയില്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പക്കലുള്ള ഏഴ് പാസഞ്ചര്‍ കം കാര്‍ഗോയില്‍ നാല് എണവും സര്‍വീസ് നടത്തുന്നില്ല എന്നാണ്. അത് കൂടാതെ, ആകെയുള്ള എട്ട് ഹൈ സ്പീഡ് ക്രാഫ്റ്റുകളില്‍ രണ്ട് എണ്ണവും നിലവില്‍ സര്‍വീസ് നടത്തുന്നില്ല. സര്‍വീസ് നടത്താത്തതിന് കൃത്യമായ കാരണം തരാന്‍ തയറാകാത്ത യൂണിയന്‍ സര്‍ക്കാര്‍ ഇതിന് വിശദീകരണമായി പറയുന്നത് സര്‍വീസ് നടത്താത്ത ബോട്ടുകള്‍ ഒന്നുകില്‍ അറ്റകുറ്റ പണിയില്‍ ആയിരിക്കാം അതല്ലെങ്കില്‍ ഡീ കമ്മീഷനിങ് പ്രക്രിയയിലായിരിക്കാം എന്നാണ്.

CONTENT HIGHLIGHTS:  Dr.  V. Sivadasan M.P said that the action of cutting the transport systems is a denial of human rights to the people of Lakshadweep

Latest Stories

We use cookies to give you the best possible experience. Learn more