| Monday, 23rd May 2022, 7:02 pm

എ എങ്കില്‍ എ, എനിക്ക് കാണിക്കാനുള്ളത് കാണിക്കും; എല്ലാരേം പേടിച്ച് സിനിമ ചെയ്യുന്നവര്‍ ഇയാളെ കണ്ട് പഠിക്കട്ടെ

ഡോ. തോമസ് റാഹേല്‍ മത്തായി

ഉടല്‍ ഒരു ‘എ’ പടമാണ്. എ സര്‍ട്ടിഫിക്കറ്റ് സെക്‌സ് സീനുകള്‍ ഉള്ളത് കൊണ്ട് മാത്രമല്ല, സിനിമയിലെ അള്‍ട്രാ വയലന്‍സിനുള്ള പ്രത്യേക അവാര്‍ഡ് ആണത്. ഇത്ര ബ്യൂട്ടിഫുളായി വയലന്‍സ് കാണിക്കുന്ന ഒരു പടം അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.

ബ്രൂട്ടല്‍ സ്വഭാവമുള്ള, ഒരു ഡള്‍ മൊമെന്റ് പോലുമില്ലാത്ത തിരക്കഥ. ഒരു ക്ലോസ്‌ട്രോഫോബിക് വീട്ടിലിട്ട് നമ്മെ ത്രില്ലടിപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമ, അതാണ് ഉടല്‍.

എന്തൊരു ഗട്സാണ് ഇതിന്റെ സംവിധായകന്. എ എങ്കില്‍ എ, എനിക്ക് കാണിക്കാനുള്ളത് കാണിക്കും എന്ന വിട്ടുവീഴ്ചയില്ലാത്ത ആറ്റിട്യൂഡ്. എല്ലാവരേയും പേടിച്ച് സിനിമ ചെയ്യുന്നവര്‍ ഇയാളെ കണ്ട് പഠിക്കട്ടെ. എന്നാല്‍, ചുമ്മാ ഒരു സെക്‌സ് സീനോ, വയലന്‍സ് സീനോ ഇതില്‍ കുത്തികയറ്റിയിട്ടില്ല, എല്ലാം കറക്ട്, ആവശ്യത്തിന്.

പെര്‍ഫോമന്‍സുകള്‍ ആണ് ഈ സിനിമയുടെ നെടുന്തൂണ്‍. ദുര്‍ഗ കൃഷ്ണ എന്ത് ബ്രില്ല്യന്റ് ആണ്. ഒരു മടിയും കൂടാതെ ഇത്രയും ശക്തമായ ഡാര്‍ക്ക് ഷേഡുള്ള കഥാപാത്രം ചെയ്തിരിക്കുന്നു. ഒരിക്കലും മറക്കാനാവില്ല ഷൈനി ചാക്കോ എന്ന പെണ്ണിനെ, അതുപോലെ പൊളിച്ചടുക്കി കളഞ്ഞു.

ധ്യാനിനോട് എനിക്കുള്ള ബഹുമാനം, അദ്ദേഹം അച്ഛന്റെയും ചേട്ടന്റെയും കവറിന് പുറത്തേക്ക് കടക്കാന്‍ കാണിക്കുന്ന ആത്മാര്‍ഥമായ ശ്രമമാണ്. അത് അംഗീകരിച്ചേ പറ്റൂ.

ഇന്ദ്രന്‍സേട്ടനെ കുറിച്ച് ഒരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നത് പണ്ടായിരുന്നു. ഇന്ന് മലയാള സിനിമയ്ക്ക് ഒരു സൂപ്പര്‍ സ്റ്റാറെ ഉള്ളു, അത് ഇന്ദ്രന്‍സേട്ടന്‍ ആണ്. എന്ത് മാത്രം വേഴ്‌സറ്റൈല്‍ ആയിട്ടുള്ള റോളുകളാണ് പുള്ളി ചെയ്യുന്നത്.

ഒരു മിനിറ്റില്‍ ഓമനത്തം നിറയുന്ന ചക്കര മോന്‍ ആണെങ്കില്‍, അടുത്ത മിനിറ്റില്‍ ഇരുമ്പ് കമ്പി വെച്ച് തലയോട് അടിച്ചു പൊട്ടിക്കുന്നതില്‍ ഉന്മാദം അനുഭവിക്കുന്ന സീരിയല്‍ കില്ലറായി അദ്ദേഹം മാറുന്നു, എന്തൊരു ഭാവപ്പകര്‍ച്ച, ശരിക്കും പേടിച്ചു പോയി ഇടക്കൊക്കെ. ഉടലില്‍ തന്നെ എത്ര മാസ് സീനുകള്‍, വൗ മൊമെന്റ്‌സ്. വേറെ ലെവലാണ് ഇന്ദ്രന്‍സേട്ടന്‍.

സിനിമയിലെ വിഷ്വല്‍സ്, ആര്‍ട് മാത്രമല്ല, മ്യൂസികും അങ്ങേയറ്റം ഹോണ്ടിങ് ആണ്. ഇപ്പോള്‍ വീണ്ടുംവീണ്ടും അത് ലൂപില്‍ പ്ലേ ചെയ്ത് കേള്‍ക്കുമ്പോള്‍ എന്താ ഫീല്‍.

മൊത്തത്തില്‍, ഉടല്‍ ഒരു വന്‍ സിനിമയാണ്. എല്ലാ തോല്‍വി പടങ്ങളെയും വൈറ്റ് വാഷ് ചെയ്യാനും വാഴ്ത്തി പാടാനും ഇവിടെ ആളുണ്ട്. നല്ലൊരു പടം വന്നപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല എന്നത് കഷ്ടമല്ലേ. ഉടല്‍ നിങ്ങളാരും തിയേറ്ററില്‍ കാണാതെ വിടരുത്. പിന്നെ ഒ.ടി.ടിയില്‍ കാണുമ്പോള്‍, ശ്ശേ തിയേറ്ററില്‍ കാണാത്തത് മിസ്സ് ആയല്ലോ എന്ന് തോന്നും. ഒരു എ പടം തിയേറ്ററില്‍, ലേസര്‍ പ്രൊജക്ഷനില്‍ ഡോള്‍ബി അറ്റ്‌മോസില്‍ കാണാനുള്ള ചാന്‍സ് കൂടിയാണ്, മിസ്സാക്കാമോ ഗയ്സ്.

Content Highlight: Dr. Thomas Rahel Mathai’s review of Udal movie

ഡോ. തോമസ് റാഹേല്‍ മത്തായി

മനോരോഗ വിദഗ്ധന്‍

We use cookies to give you the best possible experience. Learn more