| Monday, 29th May 2017, 7:14 pm

'സുരേന്ദ്രാ, വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല'; വ്യാജചിത്രം പ്രചരിപ്പിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയും അത് പൊളിച്ചടുക്കിയ നവമാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രതയ്ക്ക് സല്യൂട്ടുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യാജ ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. ദേവസ്വം മന്ത്രി ബീഫ് കഴിച്ചുവെന്നു വെച്ച് വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സുരേന്ദ്രനേയും ബി.ജെ.പിയേയും ആര്‍.എസ്.എസ്സിനേയും രൂക്ഷമായി വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ കൂടി തന്നെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്ത്യയിലെ ഇന്നോളമുള്ള വര്‍ഗീയ കലാപങ്ങളില്‍ പലപ്പോഴും സവര്‍ണ തീവ്രവാദികളുടെ കൈയിലെ മാരകായുധമായിരുന്നു പശു എന്ന് പറഞ്ഞകൊണ്ടാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇതിന് ചില ഉദാഹരണങ്ങള്‍ കൂടി പറഞ്ഞ ശേഷമാണ് അദ്ദേഹം സുരേന്ദ്രന് മറുപടി നല്‍കിയത്.


Don”t Miss: കേരളം ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ മോദി വഴങ്ങി; കശാപ്പ് നിരോധനത്തിന്റെ പട്ടികയില്‍ നിന്ന് പോത്തിനെ മാത്രം ഒഴിവാക്കാന്‍ ഒടുവില്‍ കേന്ദ്രതീരുമാനമെന്ന് റിപ്പോര്‍ട്ട്


ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറയുന്നത്. കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ലെന്നും തോമസ് ഐസക് സുരേന്ദ്രനോടും ബി.ജെ.പിക്കാരോടുമായി പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പരാജയപ്പെടുത്തിയത് ബി.ജെ.പിയുടെ നേതാവ് വി. മുരളീധരനെയാണെന്നും ഓര്‍ക്കുന്നത് നന്ന്. കടകംപള്ളി സുരേന്ദ്രന്‍ എന്ത് കഴിക്കണമെന്ന് സുരേന്ദ്രനോ ബി.ജെ.പി നേതാക്കളോ നിശ്ചയിക്കേണ്ടതില്ല.

ജാതിമതഭേദമെന്യേ മനുഷ്യന്‍ മാംസാഹാരം കഴിക്കുന്നുണ്ട്. ആചാരത്തിന്റെ ഭാഗമായി സസ്യാഹാരം കഴിക്കുന്നത് വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. ആ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും മറ്റൊരാള്‍ ആഹാരം കഴിക്കുന്നതു കണ്ട് വേദനിക്കേണ്ട ഗതികേടുമില്ല. അതുകൊണ്ട് ദേവസ്വം മന്ത്രി ബീഫ് കഴിച്ചുവെന്നു വെച്ച് വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പോകുന്നില്ല. മറ്റുള്ളവരുടെ ഭക്ഷണകാര്യങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യവിരുദ്ധമാണെന്നു കേരളത്തിലെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കുമറിയാം. അതുകൊണ്ടാണ് സുരേന്ദ്രന്റെയും ബിജെപിയുടെയും അടവുകള്‍ ഫലിക്കാത്ത നാടായി കേരളം ഇപ്പോഴും തുടരുന്നതെന്നും തോമസ് ഐസക് പറയുന്നു.


Also Read: ‘യു.പിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതാക്കി’ സുരേന്ദ്രന്റെ വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത വ്യാജ ചിത്രത്തിന്റെ യഥാര്‍ത്ഥ ചിത്രവും തോമസ് ഐസക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ ടൈംസിന്റെ ചിത്രമാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് നുണയ്ക്ക് മോടി കൂട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആസൂത്രിതമായ ഇത്തരം നുണകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊളിച്ചടുക്കാന്‍ നമ്മുടെ നവമാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷയുളവാക്കുന്നുണ്ടെന്നും ആ ജാഗ്രതയ്ക്ക് തന്റെ സല്യൂട്ട് എന്നും പറഞ്ഞാണ് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യയിലെ ഇന്നോളമുള്ള വര്‍ഗീയ കലാപങ്ങളില്‍ പലപ്പോഴും സവര്‍ണ തീവ്രവാദികളുടെ കൈയിലെ മാരകായുധമായിരുന്നു പശു. 2014 ജൂലൈ മുതല്‍ ഗോവധം പ്രശ്നമാക്കിയ 330 കേസുകളാണ് ഉത്തര്‍പ്രദേശില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പശുവിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന ഊഹാപോഹം പരത്തിയായിരുന്നല്ലോ, മുഹമ്മദ് അഖ്ലാഖിനെ വര്‍ഗീയവാദികള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നതും. കലാപങ്ങളും കൂട്ടക്കൊലകളും സൃഷ്ടിക്കാന്‍ ഊഹാപോഹങ്ങള്‍ പരത്തലും നുണ പ്രചരിപ്പിക്കലും എക്കാലത്തും സംഘപരിവാറിന്റെ തന്ത്രങ്ങളായിരുന്നു.

ആമുഖമായി ഇത്രയും കുറിച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റിനെക്കുറിച്ചു ചിലതു പറയാനാണ്. ദേവസ്വം വകുപ്പു മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഫേസ് ബുക്കില്‍ പതം പറയുന്നത്.

ഒരു കാര്യം കെ സുരേന്ദ്രനോടും ബിജെപിക്കാരോടും പറയാം. കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല. മാത്രമല്ല, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് പരാജയപ്പെടുത്തിയത് ബിജെപിയുടെ നേതാവ് വി. മുരളീധരനെയാണെന്നും ഓര്‍ക്കുന്നത് നന്ന്. ദേവസ്വം മന്ത്രി എപ്പോള്‍ എന്തു കഴിക്കണമെന്നൊന്നും കെ സുരേന്ദ്രനോ ബിജെപി നേതാക്കളോ നിശ്ചയിക്കേണ്ടതില്ല. അത്തരം ഭീഷണികളൊന്നും വിലപ്പോവുന്ന സ്ഥലമല്ല കേരളം.


Don”t Miss: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മകളുടെ കാമുകന്‍; മകള്‍ മാനസിക രോഗി: പെണ്‍കുട്ടിയ്‌ക്കെതിരെ ഡി.ജി.പിക്ക് മാതാവിന്റെ പരാതി


പലതരം ഭീഷണികളാണ് സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമത്രേ. തിരിച്ചുള്ള പ്രകോപനങ്ങളിലേയ്ക്ക് ആരും ദേശീയ പ്രസ്ഥാനത്തെ വലിച്ചടരുതത്രേ. സുരേന്ദ്രന്റെ ഭീഷണികള്‍ക്കൊരു പ്രത്യേകതയുണ്ട്. അതു വായിച്ചാല്‍ ചിരിച്ചു മണ്ണുകപ്പാം.

ഏതാണ് സുരേന്ദ്രന്‍ വിശേഷിപ്പിക്കുന്ന ഈ ദേശീയ പ്രസ്ഥാനം? ഉപ്പുസത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാസമരത്തിലും പങ്കെടുക്കേണ്ടതില്ല എന്നു തീരുമാനിച്ച ആര്‍എസ്എസോ? സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത ആര്‍എസ്എസോ. ത്രിവര്‍ണദേശീയ പതാക ഹിന്ദുക്കളുടേതല്ലെന്നും അതിനെ ഒരിക്കലും ബഹുമാനിക്കരുതെന്നും ഓര്‍ഗനൈസറിലെ മുഖപ്രസംഗത്തിലൂടെ സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് അലറി വിളിച്ച ആര്‍എസ്എസോ? ഏതു ദേശീയ പ്രസ്ഥാനത്തെക്കുറിച്ചാണ് കെ സുരേന്ദ്രന്റെ വാചാടോപം? ജനങ്ങളുടെ പേരിലാണ് ഒന്നാന്തരം ദേശവിരുദ്ധ സംഘടനയുടെ ഭീഷണി. ചിരിക്കാതെന്തു ചെയ്യും?

സുരേന്ദ്രനും ഇതര ബിജെപിക്കാരും സ്വയം ബോര്‍ഡെഴുതി നെറ്റിയിലൊട്ടിച്ചുവെന്നു കരുതി ആര്‍എസ്എസും ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനമാവില്ല. ആ അവകാശവാദം ഇന്ത്യയുടെ ചരിത്രം വകവെച്ചു തരികയുമില്ല. ചരിത്രവിരുദ്ധമായ ഗീര്‍വാണങ്ങളും നീചമായ നുണകളും കൊണ്ട് കുറേക്കാലം കുറേപ്പേരെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാറിനു കഴിഞ്ഞേക്കാം. എന്നാല്‍ കേരളത്തില്‍ അതുപോലും സാധ്യമല്ലെന്ന് കെ സുരേന്ദ്രന്റെ വാദങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ തെളിയിക്കുന്നു.


Also Read: ‘ഒന്നിച്ചിരുന്ന് ഉണ്ണാന്‍ പോലും കഴിയാത്തവര്‍ ഏത് ഹിന്ദുവിന്റെ ഐക്യത്തെക്കുറിച്ചാണ് പറയുന്നത്?’; ഐക്യം ഉറപ്പിക്കാന്‍ പ്രതിഷേധ ഭോജനങ്ങള്‍ ഇനിയുമുണ്ടാകണം: എം.ബി രാജേഷ്


ജാതിമതഭേദമെന്യേ മനുഷ്യന്‍ മാംസാഹാരം കഴിക്കുന്നുണ്ട്. ആചാരത്തിന്റെ ഭാഗമായി സസ്യാഹാരം കഴിക്കുന്നത് വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. ആ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും മറ്റൊരാള്‍ ആഹാരം കഴിക്കുന്നതു കണ്ട് വേദനിക്കേണ്ട ഗതികേടുമില്ല. അതുകൊണ്ട് ദേവസ്വം മന്ത്രി ബീഫ് കഴിച്ചുവെന്നു വെച്ച് വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പോകുന്നില്ല. മറ്റുള്ളവരുടെ ഭക്ഷണകാര്യങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യവിരുദ്ധമാണെന്നു കേരളത്തിലെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കുമറിയാം. അതുകൊണ്ടാണ് സുരേന്ദ്രന്റെയും ബിജെപിയുടെയും അടവുകള്‍ ഫലിക്കാത്ത നാടായി കേരളം ഇപ്പോഴും തുടരുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് ആകെ അറിയാവുന്ന അടവ് നുണ പ്രചരണം മാത്രമാണ്. എത്ര സൂക്ഷ്മമായാണ് ഈ നുണ സുരേന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നു നോക്കൂ. “പാകിസ്താനിലെ ഇന്ത്യാക്കാരുടെ “(The Condition Of Hindus In Pakistan) എന്ന തലക്കെട്ടില്‍ ഇന്ത്യാ ടൈംസ് പ്രചരിപ്പിക്കുന്ന 39 ചിത്രങ്ങളില്‍ മുപ്പത്തിയേഴാമത്തെ ചിത്രമാണ് സുരേന്ദ്രന്‍ തന്റെ ഫേസ് ബുക്ക് നുണയ്ക്കു മോടി കൂട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആസൂത്രിതമായ ഇത്തരം നുണകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊളിച്ചടുക്കാന്‍ നമ്മുടെ നവമാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷയുളവാക്കുന്നു. ആ ജാഗ്രതയ്ക്ക് എന്റെ സല്യൂട്ട്.

സുരേന്ദ്രന്‍ ഉപയോഗിച്ച ചിത്രത്തിന്റെ ഒറിജിനല്‍ ചുവടെ.

Latest Stories

We use cookies to give you the best possible experience. Learn more