| Friday, 15th January 2021, 9:32 am

'എത്ര താഴ്ചകളില്‍ കണ്ടവര്‍ നമ്മള്‍, മരിക്കിലും തോല്‍ക്കില്ല നമ്മള്‍'; കേന്ദ്ര നിലപാടുകളെ ഡെമോക്ലസിന്റെ വാളെന്ന് പറഞ്ഞ് ധനമന്ത്രിയുടെ ബജറ്റവതരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും മന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ ഉന്നയിച്ചത്. ജി.എസ്.ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐസ്‌ക പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്സ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ മേല്‍ ഡെമോക്ലസിന്റെ വാളു പോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മൂന്നു ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിക്കെതിരെ നടക്കുന്ന നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ”എത്ര താഴ്ച്ചകള്‍ കണ്ടവര്‍ നമ്മള്‍. എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍, എത്ര തീയില്‍ പിടഞ്ഞവര്‍ നമ്മള്‍, ഉയര്‍ത്തെഴുന്നേല്‍ക്കാനായി ജനിച്ചവര്‍ നമ്മള്‍.

മരിക്കിലും തോല്‍ക്കില്ല നമ്മള്‍,” എന്ന ഒമ്പതാം ക്ലാസുകാരന്റെ വരികള്‍ ഉദ്ദരിച്ച് കേരളം തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. റബ്ബറിന്റെ തറ വില 170 രൂപയായി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dr. Thomas Isac Begins Kerala Government Budget Presentation

We use cookies to give you the best possible experience. Learn more