| Monday, 18th July 2022, 2:35 pm

വിലക്കയറ്റത്തിന് ആക്കംകൂട്ടും, സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാകും; നികുതി വര്‍ധന അനീതിയെന്ന് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യയിലെ ജി.എസ്.ടി പണക്കാരന്റെ മേലുള്ള നികുതി കുറക്കുകയും പാവപ്പെട്ടവന്റെ മേലുള്ള നികുതി വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇന്ന് മുതല്‍ നിലവില്‍ വരുന്ന നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള അഞ്ച് ശതമാനം ജി.എസ്.ടി വര്‍ധനയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഇപ്പോള്‍തന്നെ ഉപഭോക്തൃ സൂചിക വിലക്കയറ്റം ഏഴ് ശതമാനവും മൊത്ത സൂചിക വിലക്കയറ്റം 15 ശതമാനവുമാണ്. നികുതി വര്‍ധനവ് വിലക്കയറ്റത്തിന് ആക്കം കൂട്ടും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാകും. ഈ നികുതി വര്‍ധന വലിയൊരു അനീതിയാണ്.’ തോമസ് ഐസക് ഫോസ്ബുക്ക് പോസ്റ്റില്‍ എഴുതി.

കേന്ദ്ര സര്‍ക്കാര്‍ നായായമായും ചെയ്യേണ്ടിയിരുന്നത് കുറച്ച ആഡംബര നികുതികള്‍ വര്‍ധിപ്പിക്കുയായിരുന്നവെന്നും, എന്നാല്‍ അങ്ങനെയല്ല അവര്‍ ചെയ്തത്, നികുതിയില്‍ നിന്ന് ഒഴിവാക്കിയ സാധാരണക്കാരുടെ ഉപഭോക്തൃ വസ്തുക്കള്‍ക്കുമേല്‍ 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

നികുതി സംബന്ധിച്ച ഡാള്‍ട്ടന്റെ നിയമങ്ങള്‍ പ്രസിദ്ധമാണെന്നും അതില്‍ പ്രധാനപ്പെട്ട ഒന്ന് നീതി സംബന്ധിച്ചാണെന്നും, വരുമാനം ഉള്ളവരില്‍ നിന്ന് കൂടുതല്‍ നികുതിയും കുറവുള്ളവരില്‍ നിന്ന് കുറച്ചും ഏര്‍പ്പെടുത്തെമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന്(തിങ്കളാഴ്ച) മുതല്‍ പാല്‍, ധാന്യങ്ങള്‍ അടക്കമുള്ള പല നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം ജി.എസ്.ടി വര്‍ധന നിലവില്‍ വരും. ഇവയുടെയെല്ലാം വിലകള്‍ ഉയരും. ഇപ്പോള്‍തന്നെ ഉപഭോക്തൃ സൂചിക വിലക്കയറ്റം ഏഴ് ശതമാനവും മൊത്ത സൂചിക വിലക്കയറ്റം 15 ശതമാനവുമാണ്. നികുതി വര്‍ധനവ് വിലക്കയറ്റത്തിന് ആക്കംകൂട്ടും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാകും.

ഈ നികുതി വര്‍ധന വലിയൊരു അനീതിയാണ്. എന്തുകൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെമേല്‍ നികുതി വര്‍ദ്ധിപ്പിക്കുന്നത്? കാരണം ആഡംബര വസ്തുക്കളുടെ മേലുള്ള 28 ശതമാനം നികുതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് 18 ശതമാനമാക്കി കുറച്ചു. ജി.എസ്.ടിയ്ക്കു മുമ്പ് കേുന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഈ ആഡംബര വസ്തുക്കളുടെമേല്‍ 30-45 ശതമാനം നികുതി ചുമത്തിയിരുന്നു. അതാണ് 28 ശതമാനമാക്കി കുറച്ചത്. എന്നാല്‍ നോട്ട് നിരോധം വന്നപ്പോള്‍ ഈ വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു. നികുതി കുറച്ചാല്‍ കൂടുതല്‍ വില്‍പ്പനയുണ്ടാകുമെന്ന വ്യവസായികളുടെ സമ്മര്‍ദ്ദത്തിനു കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. തെരഞ്ഞെടുപ്പിനു മുമ്പു നികുതി വീണ്ടും 18 ശതമാനമായി കുറച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇതിനു മുന്‍കൈയെടുത്തത്.

നികുതി കുറച്ചതിന്റെ ഫലമായി ജി.എസ്.ടി വരുമാനം കുത്തനെ കുറഞ്ഞു. ജി.എസ്.ടിക്ക് മുമ്പുള്ള നികുതി വരുമാനത്തില്‍ കുറവുണ്ടാവില്ലായെന്ന് ഉറപ്പുവരുത്തുന്ന നിലയിലായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. ഇതിനെയാണ് റവന്യു ന്യൂട്രല്‍ റേറ്റ് എന്നുവിളിക്കുന്നത്. എന്നാല്‍ ഇടക്കാലത്ത് വരുത്തിയ കുറവുമൂലം ജി.എസ്.ടി നിരക്കുകള്‍ റവന്യു ന്യൂട്രല്‍ അല്ലാതായി തീര്‍ന്നു. ഈ അവസ്ഥ പരിഹരിക്കേണ്ടത് അനിവാര്യമായിരുന്നു.

ന്യായമായിട്ടും ചെയ്യേണ്ടത് കുറച്ച നികുതികള്‍ വര്‍ധിപ്പിക്കുകയാണ്. അങ്ങനെയല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്ന സാധാരണക്കാരുടെ ഉപഭോഗവസ്തുക്കളുടെമേല്‍ 5 ശതമാനം നികുതി ഏര്‍പ്പെടുത്തുക. 5%, 12%, നികുതി ഉണ്ടായിരുന്ന മറ്റു ചില ഉല്‍പ്പന്നങ്ങളുടെ നിരക്കുകള്‍ യഥാക്രമം 12-ഉം 18-ഉം ശതമാനമായി ഉയര്‍ത്തുക. ഇവയാണ് ചണ്ഡീഗഡില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47ാമത് യോഗം തീരുമാനിച്ചത്.

ഭക്ഷ്യവസ്തുക്കളെന്ന നിലയില്‍ പാല്‍, തൈര്, മോര്, അരി, ഗോതമ്പ്, ലസ്സി, മീന്‍, ശര്‍ക്കര, തേന്‍, മാംസം, ബാര്‍ലി, ഓട്സ്, പപ്പടം, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയുടെ മേല്‍ നികുതി ഉണ്ടായിരുന്നില്ല. ഇനിമേല്‍ അവ പായ്ക്കറ്റുകളിലാക്കിയാണ് വില്‍ക്കുന്നതെങ്കില്‍ 5 ശതമാനം നികുതി നല്‍കണം.
ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത് 25 കിലോയില്‍ താഴെയുള്ള ചെറുപായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെമേല്‍ നികുതി ചുമത്തേണ്ട. എന്നുവച്ചാല്‍ വലിയ ഡ്രമിലും ചാക്കിലുമെല്ലാം വില്‍ക്കുന്നവയുടെമേല്‍ നികുതി ഇല്ല. ഇത്തരത്തില്‍ വലിയ പായ്ക്കറ്റുകളില്‍ വരുന്ന അരിയും ഗോതമ്പുമെല്ലാം പിന്നീട് ചില്ലറയായി തൂക്കി വില്‍ക്കുകയാണല്ലോ പതിവ്. ഈ ചില്ലറ വില്‍പ്പനയുടെമേല്‍ നികുതി വരാതിരിക്കാനാണ് 25 കിലോ എന്ന പരിധി തീരുമാനിച്ചത്. അത് 75 കിലോയായിട്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നുവച്ചാല്‍ കുട്ടിച്ചാക്കില്‍ വില്‍ക്കുന്ന അരിക്കും ഗോതമ്പിനും മാവിനുമെല്ലാം നികുതി നല്‍കണം.

സോളാര്‍ വാട്ടര്‍ ഹീറ്റര്‍, തുകല്‍ – തുകല്‍ ഉല്‍പ്പന്നങ്ങള്‍, അച്ചടിച്ച മാപ്പുകളും ചാര്‍ട്ടുകളും, ആയിരം രൂപവരെയുള്ള ഹോട്ടല്‍മുറി, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട കരാറുകള്‍ക്കും ഉപകരാറുകള്‍ക്കും, അയ്യായിരത്തില്‍ കൂടുതല്‍ ദിവസവാടകയുള്ള ആശുപത്രി മുറികള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി.

ചെക്ക് ബുക്ക്, എല്‍.ഇ.ടി വിളക്കുകള്‍, പെന്‍സില്‍ ഷാര്‍പ്പനര്‍, ബ്ലേഡുകള്‍, തവികള്‍, ഫോര്‍ക്കുകള്‍, ലാഡലുകള്‍, സ്‌കിമ്മറുകള്‍, സ്‌കിമ്മറുകള്‍, കേക്ക് സെര്‍വറുകള്‍, മഷി, എഴുതാനും വരയ്ക്കാനുമുള്ള മഷി, കത്തികള്‍, ബ്ലേഡുകള്‍, ഫിക്ചറും അവയുടെ മെറ്റല്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡും, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍, സൈക്കിള്‍ പമ്പുകള്‍, ഡയറി മെഷിനറികള്‍, വൃത്തിയാക്കാനും തരംതിരിക്കാനും വിത്ത് തരംതിരിക്കാനും ധാന്യം പയര്‍വര്‍ഗ്ഗങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങള്‍; മില്ലിങ് യന്ത്രങ്ങള്‍, വായുവില്‍ പ്രവര്‍ത്തിക്കുന്ന ആട്ട ചക്കിയും വെറ്റ് ഗ്രൈന്‍ഡറും, സൈക്കിള്‍ പമ്പ് എന്നീ ഉല്‍പ്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി.

റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ, മെട്രോ, മലിനജല സംസ്‌കരണ പ്ലാന്റ്, ശ്മശാനം, ചരിത്ര സ്മാരകങ്ങള്‍, കനാലുകള്‍, അണക്കെട്ടുകള്‍, പൈപ്പ് ലൈനുകള്‍, ജലവിതരണത്തിനുള്ള പ്ലാന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ കരാര്‍ എന്നിവയ്ക്കും 18 ശതമാനമാക്കി നികുതി.
നികുതി സംബന്ധിച്ച ഡാള്‍ട്ടന്റെ നിയമങ്ങള്‍ (canons) പ്രസിദ്ധമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന് നീതി സംബന്ധിച്ചതാണ്. കൂടുതല്‍ വരുമാനം ഉള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണം. കുറവുള്ളവരില്‍ നിന്ന് കുറച്ചും. എന്നാല്‍ ഇന്ത്യയിലെ ജി.എസ്.ടി പണക്കാരന്റെ മേലുള്ള നികുതി കുറയ്ക്കുന്നു. പാവപ്പെട്ടവെന്റെ മേലുള്ള നികുതി വര്‍ധിപ്പിക്കുന്നു.

CONTENT HIGHLIGHTS: Dr Thomas Isaac says Inflation will accelerate and the lives of common people will become more difficult, the tax hike is unfair

We use cookies to give you the best possible experience. Learn more