| Monday, 12th December 2016, 4:33 pm

അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച ഡോ. സുങ്കണ്ണ വെല്‍പുലയും കൊല്ലം സ്വദേശിനി എം.ഡി ധന്യയും വിവാഹിതരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധന്യയുടെ നാടായ കായംകുളം ശൂരനാട് ആനയടിയില്‍ രാവിലെ 11 മണിക്കായിരുന്നു വിവാഹം. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഒഴിവാക്കി ലളിതമായായിരുന്നു ഇരുവരും വിവാഹിതരായത്. 


കൊല്ലം: സുഹൃത്തായ രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച ആന്ധ്ര സ്വദേശി ഡോ. സുങ്കണ്ണ വെല്‍പുലയും കവയത്രിയും അധ്യാപികയുമായ എം.ഡി ധന്യയും വിവാഹിതരായി.

ധന്യയുടെ നാടായ കായംകുളം ശൂരനാട് ആനയടിയില്‍ രാവിലെ 11 മണിക്കായിരുന്നു വിവാഹം. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഒഴിവാക്കി ലളിതമായായിരുന്നു ഇരുവരും വിവാഹിതരായത്. ആനയടിയില്‍ അംബേദ്കറുടെ അയ്യങ്കാളിയുടെയും ചിത്രത്തിനു മുന്നില്‍ ഇരുവരും പുഴ്പാര്‍ച്ചന നടത്തി ദീപം തെളിയിച്ചു.

ഒക്ടോബറില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവില്‍ നിന്നും പി.എച്ച്.ഡി ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ച ഡോ. സുങ്കണ്ണ വെല്‍പുലയുടെ നടപടി ഏറെ ചര്‍ച്ചയായിരുന്നു. പ്രതിഷേധത്തെ സദസില്‍ ഇരുന്ന വിദ്യാര്‍ഥികള്‍ കയ്യടികളോടെയാണ് വരവേറ്റത്.ഒടുവില്‍ പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവയാണ് വേല്‍പുലയ്ക്ക് ബിരുദം നല്‍കിയത്.


വെമുലയെ ആത്മഹത്യ ചെയ്യിച്ചവരെ അറസ്റ്റു ചെയ്യണമെന്നാണ് കുടുംബത്തിന്റെയും തങ്ങളുടെയും ആവശ്യമെന്നും അതു നടക്കാതെ താന്‍ അപ്പറാവുവില്‍ നിന്നും ബിരുദം സ്വീകരിച്ചാല്‍ വെമുലയോടുളള നീതി കേടാവുമെന്നും വേല്‍പുല നിലപാടെടുത്തു.

വെമുലയ്‌ക്കൊപ്പം ഹോസ്റ്റലില്‍ നിന്നു പുറത്താക്കപ്പെട്ട നാലു വിദ്യാര്‍ഥികളില്‍ ഒരാളാണ് മുപ്പത്തിയാറുകാരനായ വേല്‍പുല. അംബേദ്ക്കര്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ നേതാവുകൂടിയായ വേല്‍പുല ഇപ്പോള്‍ ബോംബെ ഐ.ഐ.ടിയില്‍ ഗവേഷണം നടത്തുകയാണ്.

We use cookies to give you the best possible experience. Learn more