| Tuesday, 28th July 2015, 5:32 pm

ഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വി വൈറസ് കണ്ടെത്തിയ ഡോ. സുനിതി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോ.സുനിതി സോളമന്‍ അന്തരിച്ചു. 75 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഡോ. സുനിതിയാണ് രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ ചെന്നൈയിലെ വൈ.ആര്‍ ഗൈറ്റോണ്ടെ സെന്റര്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ച് ആന്റ്‌ എജുക്കേഷന്‍ സ്ഥാപിച്ചത്. 1986ലായിരുന്നു ഡോ. സുനിതി എയ്ഡ്‌സിന് കാരണമായ വൈറസ് കണ്ടെത്തിയത്.

മദ്രാസ് മെഡിക്കല്‍ കോളേജില്‍ മൈക്രോബയോളജി പ്രഫസര്‍ ആയിരുന്നു. ഡോക്ടര്‍മാര്‍ എയ്ഡ്‌സ് രോഗികളെ പരിശോധിക്കാന്‍ വിമുഖത കാട്ടിയ കാലത്ത് യാതൊരു ഭയവും കൂടാതെ അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഡോ. സുനിതി തയ്യാറായി. മൂന്ന് പതിറ്റാണ്ടുകാലം യാതൊരു ഭയവുമില്ലാതെ അവര്‍ എയ്ഡ്‌സ് രോഗികളെ പരിചരിക്കുകയും അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.

പരേതനായ ഡോ. സോളമന്‍ ആണ് ഭര്‍ത്താവ്. ഡോ. സുനില്‍ സോളമന്‍ മകനാണ്. ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനിഷ്യേറ്റീവ് ഇന്ത്യയുടെ ഉപദേശക സമിതിയംഗം, പൂനെ നാഷണല്‍ എയ്ഡ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സയന്റഫിക് കമ്മിറ്റിയംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ മൈക്രോബിസൈഡ്‌സ് കമ്മിറ്റിയുടെ സ്ഥിരാംഗം, ഏഷ്യാ ഡാറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more