| Tuesday, 12th June 2018, 4:05 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ടി.വിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസുകാരാണ് ഗാന്ധിയെ കൊന്നതെന്ന രാഹുല്‍ ഗാന്ധിയുടെ 2014ലെ പ്രസ്താവനയ്‌ക്കെതിരെയാണ് ആര്‍.എസ്.എസ് കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ ഇന്ന് രാഹുലിനെതിരെ കുറ്റംചുമത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.

” ഇതിന്റെ പേരില്‍ അദ്ദേഹം ജയിലില്‍ പോകണം. ഒരാള്‍ അല്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അംഗങ്ങളായുള്ള ഒരു സംഘടനയ്‌ക്കെതിരെ അവര്‍ക്ക് ഒരു പങ്കുമില്ലാത്ത കൊലപാതക ആരോപണം ഉയര്‍ത്തുക…. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആറിലോ, കോടതി വിധികളിലോ ആര്‍.എസ്.എസിനെതിരെ ഒരു പരാമര്‍ശവുമില്ല.” അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read:യു.പി മോഡല്‍ പ്രതിപക്ഷ ഐക്യം മഹാരാഷ്ട്രയിലും: മഹാസഖ്യത്തിന് ചരടുവലി നടത്തി കോണ്‍ഗ്രസും എന്‍.സി.പിയും


“രണ്ടുവര്‍ഷത്തെ തടവ് എന്നതിനര്‍ത്ഥം ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ല എന്നാണ്. അദ്ദേഹം അപ്പീലിന് പോകുകയാണെങ്കില്‍ കൂടി.” സ്വാമി അഭിപ്രായപ്പെട്ടു.

ഈ കുറ്റങ്ങളുടെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. അദ്ദേഹത്തിനെ ശിക്ഷിക്കണോ വേണ്ടയോയെന്ന് കോടതിയാണ് തീരുമാനിക്കുകയെന്നും സ്വാമി പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു റാലിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി 2014ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ അപകീര്‍ത്തിരകരമായ പരാമര്‍ശത്തിന് കേസ് കൊടുത്തത്. രാഹുലിന്റെ പരാമര്‍ശം സംഘടനയ്ക്ക് ദുഷ്പേരു വരുത്തിയെന്നു കാണിച്ചായിരുന്നു പരാതി.

Latest Stories

We use cookies to give you the best possible experience. Learn more