|

കൊവിഡിന്റെ പുതിയ വകഭേദങ്ങളെ നിസാരമായി തള്ളിക്കളയരുതെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനെ സാധാരണ ജലദോഷം പോലെ തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടനയിലെ മുന്‍ ചീഫ് ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ സാധാരണ ജലദോഷമായും പനിയായും താരതമ്യം ചെയ്യരുതെന്നും സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇതേക്കുറിച്ച് സംസാരിച്ചത്.

ദീര്‍ഘകാലമായി തീവ്ര രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്ന ആളുകളിൽ കൊവിഡ് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും രോഗികളില്‍ ഹൃദയാഘാതം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുറക്കാന്‍ രാജ്യത്തെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകൊണ്ട് സാധിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആരോഗ്യ മേഖല ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്ന് 2020ലെ കൊവിഡിന്റെ ആദ്യ തരംഗത്തിലെയും 2021ലെ ഡെല്‍റ്റ തരംഗത്തിലെയും ഇന്ത്യയിലെ ചികിത്സ സംവിധാനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡോ. സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

രോഗത്തെ തടുക്കാനായി നിലവില്‍ ആളുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന മുന്‍കരുതലുകളെ കുറിച്ചും പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും മുഖംമൂടി ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. സൗമ്യ സ്വാമിനാഥന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

കേരളത്തില്‍ ബുധനാഴ്ച 79 പേർക്കാണ് കൊവിഡ് പോസിറ്റിവായത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്. വാക്സിനേഷന്‍ ചെയ്തവരിലും നേരത്തേ കൊവിഡ് ബാധിച്ചവരിലും വീണ്ടും രോഗം സ്ഥിരീകരിക്കുന്നുണ്ട്. അടുത്താഴ്ചയോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ജലദോഷം, പനി, ശരീരവദന, സന്ധിവേദന, തൊണ്ടവേദന തുടങ്ങിയവയുണ്ടെങ്കില്‍ ചികിത്സ തേടാന്‍ വൈകിപ്പിക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Dr. Soumya Swaminathan talk about new varients of  Covid-19