അരുംകൊലകള്‍ ബാക്കിയാക്കുന്നത് എന്താണ്?
Opinion
അരുംകൊലകള്‍ ബാക്കിയാക്കുന്നത് എന്താണ്?
എഡിറ്റര്‍
Wednesday, 20th February 2019, 6:01 pm
  • ഡോ.സിജേഷ്

ചിലര്‍ ഉയര്‍ത്തിയ ശബ്ദത്തിന്, ചിലരുടെ നിലപാടുകള്‍ക്ക്, മറുശബ്ദം ഉയര്‍ത്തേണ്ടതിന് പകരം, ആശയപ്രതിരോധം സാധ്യമാക്കേണ്ടതിന് പകരം ആരെയാണ് നിങ്ങള്‍ കൊന്നൊടുക്കുന്നത്…? ആയുധങ്ങള്‍ കൊണ്ട് എവിടെയാണ് സമാധാനം പ്രാപ്യമായിട്ടുള്ളത്..?
സ്വചേരിയാണേലും എതിര്‍ചേരിയെങ്കിലും മനുഷ്യന്‍ മനുഷ്യനെ കൊന്നു തള്ളുന്ന അതിക്രൂരവും അതീവനിന്ദ്യവുമായ പൈശാചികപരിസരനിര്‍മ്മിതിക്ക് ഏത് കാലത്താണിനി അറുതിയുണ്ടാവുക..?

കെ.വി.സുധീഷിന്റെ ചോരക്കറയുടെ പാപവും, ക്രൂരമായ ടി.പി.വധവും, രാജന്റെ കൊലപാതകവും നാല്‍പ്പാടി വാസുവിന്റെയും കെ.ടി.ജയകൃഷ്ണന്റെയും അഭിമന്യുവിന്റെയും ഷുക്കൂറിന്റെയും അരുംകൊലകളുമടക്കം ഇന്നോളമുണ്ടായ നൂറുകണക്കിന് വെട്ടിനുറുക്കലുകള്‍ കൊണ്ട് അതത് പാര്‍ട്ടികള്‍ നഷ്ടമല്ലാതെ, വേറെന്താണ് നേടിയത്…ബലിദാനിയേയോര്‍ത്ത് കണ്ണീരൊഴുക്കിയോര്‍ വീണ്ടും നരബലിക്ക് കാഹളം മുഴക്കുന്നതെന്തിനാണ്..? നാന്‍ പെറ്റ മകനെന്ന് ആത്മരോഷം പൂണ്ടവര്‍ നാന്‍ പെറാത്ത മക്കളുടെ ജീവന് കാണുന്ന വിലയെന്താണ്.?

കൊല്ലുമ്പോള്‍ തകരുന്നത് രണ്ട് കുടുംബങ്ങളല്ലേ…? കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും…

നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ആ വീട്ടിലുള്ളവരെക്കുറിച്ച്.. വിലാപങ്ങള്‍ക്കപ്പുറം മരിച്ച് ജീവിക്കേണ്ടി വരുന്ന അവരുടെ അമ്മമാരെ കുറിച്ച്.. വിങ്ങലുകളടക്കിപ്പിടിച്ച് പൊട്ടിക്കരയാന്‍ പോലുമാവാത്ത അച്ഛനെ കുറിച്ച്…
അടര്‍ന്ന് വീണ് തകര്‍ന്നടിഞ്ഞ് മൂകലോകത്തിലേക്കലിയുന്ന ഭാര്യയെ കുറിച്ച്..
കണ്ണടച്ചു തുറക്കുന്നതിനിടയില്‍ മനസ്സ് കത്തിക്കരിഞ്ഞ് ചാമ്പലായ മക്കളേയോ, സഹോദരങ്ങളേയോ കുറിച്ച്..
ശൂന്യത പേര്‍ത്തും പേര്‍ത്തുമോര്‍ത്ത് വിങ്ങുന്ന ഉറ്റ സുഹൃത്തുക്കളെ കുറിച്ച്..
അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലുള്ളവരെ പറ്റിയെങ്കിലും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ…? ഇങ്ങനെയൊരാളെ വളര്‍ത്തി വലുതാക്കിയതിന്റെ വ്രണിതചിന്തയാല്‍ ശിഷ്ടകാലം മുഴുവന്‍ നീറേണ്ടി വരുന്നവരെ കുറിച്ച്..?

നിങ്ങള്‍ ഒരാളെ കൊല്ലുമ്പോള്‍ കൊല്ലപ്പെടുന്നത് ആ ഒരാള്‍ മാത്രമാണോ.? ജീവനുള്ള, എന്നാല്‍ മരിച്ച മനസ്സോടെ ശിഷ്ടകാലം ജീവിക്കേണ്ടി വരുന്ന, ഉറ്റവരെയൊക്കെയാണ് നിങ്ങള്‍ പച്ചയ്ക്ക് വെട്ടിയും വെടി വെച്ചും കുത്തിയും കൊല ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ..?
ചോരമണം നിങ്ങളെ മത്ത് പിടിപ്പിക്കുന്നുണ്ടോ..? ആ നിലവിളികള്‍ നിങ്ങളുടെ കാതിനു ഇമ്പമേകുന്നുണ്ടോ…?

എത്രയെത്ര വീടുകളിലെ അകത്തളങ്ങളില്‍ കയ്യോ കാലോ നഷ്ടപ്പെട്ട്, വെന്തുരുകി ജീവച്ഛവമായ് കിടക്കുന്ന മനുഷ്യരുണ്ടാവും…
എത്രയെത്ര വീടുകളില്‍ ചെയ്ത കുറ്റത്തിന്റെ പാപബോധത്താല്‍ ശേഷകാലം മുഴുവന്‍ നീറിപ്പുകയുന്നവരുണ്ടാകും…ഒരു പ്രായശ്ചിത്തം കൊണ്ടും ഉണക്കാനാവാത്ത മുറിവുകള്‍ പേറി നടക്കുന്നവര്‍..
ഇന്നോളം നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും ആകെത്തുക കോടിക്കണക്കിന് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടേയും ചോര വീണുറഞ്ഞ മണ്ണല്ലാതെ, വേറെന്താണ്?

രാഷ്ട്രീയകേരളത്തിലെ ഇന്നോളമുള്ള അരുംകൊലകള്‍ കൊണ്ട് നേട്ടമുണ്ടായത് ആര്‍ക്കാണ്.. ? ചരിത്രം പരിശോധിച്ചു നോക്കു.. സ്വയംനാശത്തിന്റെ കുഴി തോണ്ടി ഓരോ കൊലയും നടത്തുമ്പോള്‍ അത്, എതിര്‍പാര്‍ട്ടികള്‍ക്ക് കൊടുക്കുന്ന മൈലേജ് എത്ര കൂടുതലാണ്. നാണം കെട്ടും ന്യായീകരണം നടത്താന്‍ ശ്രമിക്കുന്ന പാവപ്പെട്ട അണികളുടെ ആത്മസംഘര്‍ഷങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും കൊലപാതകങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്.. ആരെങ്കിലും സംരക്ഷിക്കാനുണ്ടാവുമെന്ന ബോധ്യം കൊണ്ടല്ലേ ചുടുരക്തമൊഴുക്കാനായ് അവര്‍ വീണ്ടും വീണ്ടും ഇറങ്ങുന്നത്. ആരും സംരക്ഷിക്കാനില്ലെങ്കിലോ..? കൊന്നവനാരായാലും അവരെ സംരക്ഷിക്കാതെ, ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയധൈര്യം നിങ്ങള്‍ എന്നാണ് ഉയര്‍ത്തിപ്പിടിക്കുക?

നിങ്ങള്‍ക്ക് പരസ്പരം വിഴുപ്പലക്കാനും ചെളി വാരിയെറിയാനും വേണ്ടിയുള്ളതാണോ മനുഷ്യന്റെ രക്തക്കറകള്‍… ഇവിടെ ഒരാളും കൊല്ലപ്പെട്ടരുത്.. ഒരു കൊല ശരിയും വേറൊന്ന് തെറ്റുമല്ല.. ചില കൊലകള്‍ രക്തരൂക്ഷിതമെന്ന് ചര്‍ച്ച ചെയ്യപ്പെടുകയും മറ്റ് ചിലത് ജലരേഖ പോലെ അവഗണിക്കുകയും ചെയ്യപ്പെടുന്നതും ശരിയല്ല. കൊലപാതകത്തെക്കാള്‍ വലിയ ജനാധിപത്യധ്വംസനവും അരാഷ്ട്രീയപ്രവര്‍ത്തനവും വേറെയില്ല. കൊലപാതകം രാഷട്രീയഫാസിസം അല്ലാതെ വേറെന്താണ്…?

മനുഷത്വം തണുത്ത് മരവിച്ച് പോകുന്ന ഭീതിനിമിഷങ്ങളുണ്ടാവാതിരിക്കാന്‍, ചോര വാര്‍ന്നൊഴുകിയ പച്ചമാംസത്തിന്റെ രൂക്ഷഗന്ധം ആകാശത്ത് തളം കെട്ടിക്കിടക്കാതിരിക്കാന്‍, പരസ്പരം വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന, പകയില്ലാത്ത സമൂഹനിര്‍മ്മിതിക്ക് നാം ഇനിയെന്താണ് ചെയ്യുക..?

അസഹിഷ്ണുതയുടെ കിരാതഭൂതങ്ങള്‍ മാനവരക്തമൂറ്റിക്കുടിച്ച് വറ്റിക്കുമ്പോള്‍, നേരിന്റെ രാഷട്രീയശിരസ്സില്‍ നെറികേടിന്റെ വാള്‍ത്തലകള്‍ പതിയുമ്പോള്‍, ഹിറ്റ്‌ലറും മുസ്സോളിനിയും കേണല്‍ ഡയറും ഈദി അമീനുമൊക്കെ ഇന്നും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ചോരക്കൊതിയുമായ് ഉണര്‍ന്നിരിക്കുമ്പോള്‍, മൗനവാത്മീകത്തിലൊളിക്കാതെ, വാക്കിന്റെ പോരാട്ടവീര്യത്താല്‍ പ്രതികരിക്കുക എന്നത് തന്നെയാണ് ഇന്നിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയം.

പ്രളയകാലത്ത് ജാതിമത-രാഷ്ടീയചിന്തയില്ലാതെ ഒന്നിച്ച് നിന്നവര്‍ പ്രളയാനന്തരം പല കാര്യങ്ങളിലും പടവെട്ടി ചിതറുന്നത് കാണുമ്പോള്‍ അങ്ങേയറ്റം ലജ്ജയും അറപ്പും തോന്നുന്നു. അത് തീമുന കുത്തി വേദനിപ്പിക്കുന്നു.

പ്രളയമേ നീയെന്തിനീ ദുഷ്ടരെ ബാക്കി വെച്ചു….?