കോഴിക്കോട്: മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും എന്റെ കുഞ്ഞിനെ ബാധിക്കില്ല എന്ന് ആരും കരുതേണ്ടിതില്ലെന്ന് ഡോ. ഷിംന അസീസ്. പുതിയ കാലത്ത് ജീവിക്കാന് കുട്ടികളെ കൃത്യമായി പ്രാപ്തരാക്കിയേ പറ്റൂവെന്നും ഷിംന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതുപയോഗിക്കാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും ഇതിനു പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും വാര്‍ത്ത.വല്ലാത്ത ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ചിറകിന് ചോട്ടില്‍ വെച്ച് വളര്‍ത്തുന്ന മക്കളാണ് പറക്കമുറ്റും മുന്നേ ഇതിനെല്ലാം മുതിരുന്നത്. ‘എന്റെ കുട്ടി ഇതൊന്നും ചെയ്യില്ല’ എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റില്‍ പറത്തി ഓരോ ദിവസവും പുതിയ കഥകള്‍ പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു.
എവിടെയാണ് നമുക്ക് പിഴക്കുന്നത്? എവിടെയൊക്കെയാണ് തിരുത്തലുകള്‍ ആവശ്യം വരുന്നത്? മക്കളോട് പ്രകടമായ സ്നേഹവും അടുപ്പവും കാണിക്കുക. അവരോട് തുറന്നുസംസാരിക്കുക. അവരുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ മാത്രമുള്ള അടുപ്പം സൃഷ്ടിക്കുക. ലാളന അധികമാകാതെ ‘നോ’ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ ശീലിപ്പിക്കണമെന്നും ഷിംന പറഞ്ഞു.
‘നിങ്ങള്‍ ദൂരെയാണെങ്കില്‍പ്പോലും നിത്യവും വീഡിയോ കോള്‍ ചെയ്തും ഫോണില്‍ വിളിച്ചും കൂടെയുണ്ടെന്ന ബോധ്യം സൃഷ്ടിക്കുക. അവര്‍ക്ക് തിരിച്ചും എന്തും തുറന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക, നിലനിര്‍ത്തുക. പണം കൈയില്‍ കൊടുക്കുന്നുവെങ്കില്‍ അത് എന്തിന് ചെലവാക്കുന്നു എന്ന് കൃത്യമായി ചോദിച്ച് മനസ്സിലാക്കുക. ലൈംഗിക അതിക്രമങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും ഉതകുന്ന രീതിയില്‍ അതത് പ്രായത്തിനനുസരിച്ച് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക.
ആവര്‍ത്തിക്കുന്നു, മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും എന്റെ കുഞ്ഞിനെ ബാധിക്കില്ല എന്ന് കരുതേണ്ട. നമ്മുടെ കുഞ്ഞാണ് എന്നത് കൊണ്ട് ഈ കെടുതികളൊന്നും അവരെ സ്പര്‍ശിക്കാതെ മാറി നില്‍ക്കണമെന്നില്ല. കാലം വല്ലാത്തതാണ്. മക്കള്‍ നന്നായിരിക്കാന്‍ അവരെ കൃത്യമായി പ്രാപ്തരാക്കിയേ പറ്റൂ,’ ഡോ. ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Dr. Shimna Azeez Says No one should think that alcohol, drugs and sexual abuse will not affect my baby