അവരെ അവരുടെ പാട്ടിന് വിടണം; എങ്ങനെ ജീവിക്കണമന്ന് പ്രായപൂര്‍ത്തിയായവര്‍ തീരുമാനിക്കെട്ടെ; ഇല്ലെങ്കില്‍ കാലാകാലം ചൊറിഞ്ഞോണ്ടിരിക്കേണ്ടിവരും: ഷിംന അസീസ്
Kerala News
അവരെ അവരുടെ പാട്ടിന് വിടണം; എങ്ങനെ ജീവിക്കണമന്ന് പ്രായപൂര്‍ത്തിയായവര്‍ തീരുമാനിക്കെട്ടെ; ഇല്ലെങ്കില്‍ കാലാകാലം ചൊറിഞ്ഞോണ്ടിരിക്കേണ്ടിവരും: ഷിംന അസീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 9:59 pm

കോഴിക്കോട്: ജീവിതപങ്കാളികളായ ആദിലക്കും നൂറക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ്.

ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും അവരെ അവരുടെ പാട്ടിന് വിടണമെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം.

‘സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന് പകരം കമന്റില്‍ തെറിവിളി, ആഭാസം പറച്ചില്‍, അവര്‍ തമ്മിലുള്ള സെക്‌സിന്റെ വര്‍ണന എന്തൊക്കെ സൈസ് ഞെരമ്പുരോഗികളാണോ.

ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഒരു വ്യക്തിക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത് മറ്റൊരു ജെന്‍ഡറില്‍പ്പട്ടെ വ്യക്തിയോടാണെങ്കില്‍ അതിനെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇതാണ്.

അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹെട്രോസെക്ഷ്വലാണ് എന്നത് കൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി. ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക.

ഇതല്ലാതെ വേറെയും സെക്ഷ്വല്‍ ഓറിയന്റേഷനുകളുമുണ്ട്. ഇതില്‍ ഏത് സെക്ഷ്വല്‍ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല,’ ഷിംന പറഞ്ഞു.

ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്‌സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത് ജെന്‍ഡറില്‍ പെട്ടവരായാലും ‘പങ്കാളികള്‍’ പങ്ക് വെക്കുന്നവരാണ്.

അത് സുഖവും ദുഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചിലവിലൊന്നുമല്ലല്ലോയെന്നും ഷിംന ചോദിച്ചു

ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണ്. അതിലെ എല്ലാ വശങ്ങളും അവരായിട്ട് അനുഭവിച്ചോളും. അതിന് ടെന്‍ഷനാവാണ്ട് നമ്മള്‍ നമ്മുടെ കാര്യം നോക്കിയാല്‍ മതി. ഇല്ലെങ്കില്‍? കാലാകാലം സ്വസ്ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ജീവിക്കാമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.