കോഴിക്കോട്: കണ്ണൂര്‍ മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത പതിനൊന്ന് വയസുകാരനെ തെരുവുനായകള്‍ കടിച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ഷിംന അസീസ്. തെരുവുനായ ആയാലും ആനയായാലും കാട്ടുപോത്തായാലും മനുഷ്യനെ ഉപദ്രവിച്ച് തുടങ്ങിയാല്‍ അവയെ തുരത്താനുള്ള വഴി നോക്കുക തന്നെ വേണമെന്ന് അവര്‍ പറഞ്ഞു. അത് കഴിഞ്ഞ് ബാക്കിയുള്ള മൃഗസ്നേഹമൊക്കെയേ ആവശ്യമുള്ളൂവെന്നും ഷിംന കൂട്ടിച്ചേര്‍ത്തു.
‘വൈകുന്നേരം മുതല്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസും ബന്ധുക്കളും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചലനമറ്റ രീതിയില്‍ ദേഹമാസകലം മുറിവുകളുമായി കുട്ടിയെ കണ്ടെത്തുകയായിരുന്നത്രേ…
ഒന്നുറക്കെ കരയാന്‍ പോലും കഴിവില്ലാത്ത പൈതലിനെ കടിച്ചു കൊന്ന ജീവിയെ പോലും തല്ലാനോ കൊല്ലാനോ പാടില്ലാത്തയിടത്താണ് നമ്മള്‍ ജീവിക്കുന്നത്.
തെരുവുനായ ആയാലും ആനയായാലും കാട്ടുപോത്തായാലും മനുഷ്യനെ ഉപദ്രവിച്ച് തുടങ്ങിയാല്‍ അവയെ തുരത്താനുള്ള വഴി നോക്കുക തന്നെ വേണം. അത് കഴിഞ്ഞ് ബാക്കിയുള്ള മൃഗസ്നേഹമൊക്കെയേ ആവശ്യമുള്ളൂ…
ഉറക്കം വരാതെ ഫേസ്ബുക്ക് സ്ട്രീമില്‍ നോക്കിയിരുന്നപ്പോള്‍ കണ്ടുപോയ വാര്‍ത്തയാണ്. വേണ്ടിയിരുന്നില്ല… ഇന്നിനി ഉറങ്ങാനാവില്ല.
ആ കുടുംബത്തിന് സഹിക്കാനുള്ള ശേഷിയുണ്ടാകട്ടെ…
നിഹാലിന് ആദരാഞ്ജലികള്‍,’ ഷിംന അസീസ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ 8.30ന് ശേഷമാണ് കുട്ടിയുടെ വീടിന് ഏതാണ്ട് അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കുട്ടിയെ കണ്ടെത്തുന്നത്.
കുട്ടിയുടെ മുഖത്തും കാലിനുമൊക്കെ കടിച്ചുപറിച്ച പാടുകളുണ്ട്. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് തെരുവ് നായ്ക്കളുടെ അക്രമത്തിലാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസാരശേഷിയില്ലാത്ത നിഹാല്‍ ഓട്ടിസം രോഗത്തിന് ചികിത്സയിലായിരുന്നു.