| Tuesday, 1st November 2022, 9:14 am

'എന്റെ ഡ്രസ് എന്റിക്ക തീരുമാനിക്കും, എന്റിക്ക തല്ലിയാല്‍ അതും സ്വര്‍ഗം' എന്നൊക്കെയുള്ളത് പഴകിപ്പൊളിഞ്ഞ ഏര്‍പ്പാടാണ്: ഡോ. ഷിംന അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വര്‍ധിച്ചുവരുന്ന പ്രണയകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയമേ അപകടമാണെന്ന് പറയുന്ന നിലപാടിനെതിരെ പ്രതികരണവുമായി ഡോ. ഷിംന അസീസ്. പ്രണയക്കൊലപാതകങ്ങളുടെ ഇടയിലൂടെ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചിലരെക്കണ്ടോ? പ്രണയമേ അപകടമാണ്, വിവാഹശേഷം മാത്രം പരസ്പരം മിണ്ടുക ലൈനിലാണ് അവരെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ പോക്കെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

പത്ത് മിനിറ്റ് ചായ കൊടുപ്പില്‍ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ഒരു ആയുഷ്‌കാലം അടിച്ചേല്‍പ്പിക്കുന്നതിലും എത്രയോ നല്ലത് തന്നെയാണ് പരസ്പരം മനസ്സിലാക്കാന്‍ കിട്ടുന്ന അവസരം. ‘എന്റെ കുട്ടി, എന്റെ തീരുമാനം’ ഒക്കെ മാറ്റിപ്പിടിക്കേണ്ട സമയമായെന്നും ഷിംന അസീസ് പറയുന്നു.

‘എന്റെ ഡ്രസ് എന്റിക്ക തീരുമാനിക്കും, എന്റിക്ക തല്ലിയാല്‍ അതും സ്വര്‍ഗം’ എന്നൊക്കെയുള്ളത് പഴകിപ്പൊളിഞ്ഞ ഏര്‍പ്പാടാണ്. ആ ജനറേഷനിലെ കഥകള്‍ പലതും പാതിക്ക് വെച്ച് ഇന്ധനമൊഴിഞ്ഞ് നിന്ന് തുടങ്ങിയിട്ടുണ്ട്. ഒരറ്റത്ത് നിന്നും ആളുകള്‍ക്ക് വിവരം വെച്ച് തുടങ്ങിയെന്നും ഷിംന അസീസ് ചൂണ്ടിക്കാണിക്കുന്നു.

‘വേണ്ടെന്ന് കേട്ടാല്‍ വെട്ടുന്നവരിലും, വേണ്ടെന്ന് വെക്കാന്‍ വിഷം പകരുന്നവരിലും’ നമ്മുടെ മക്കള്‍ പെടാതിരിക്കട്ടെയെന്നും ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാറശ്ശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഷാരോണിന് വിഷം നല്‍കിയ വിവരം മൂന്നാം ദിവസം ഗ്രീഷ്മ അമ്മയോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാന്‍ അമ്മ സിന്ധു, സഹോദരന്‍ നിര്‍മല്‍ കുമാറിനൊപ്പം ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രണയക്കൊലപാതകങ്ങളുടെ ഇടയിലൂടെ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചിലരെക്കണ്ടോ? പ്രണയമേ അപകടമാണ്, അച്ചടക്കം, ഒതുക്കം, അറ്റന്‍ഷനില്‍ നില്‍പ്, വിവാഹശേഷം മാത്രം പരസ്പരം മിണ്ടുക ലൈനിലാണ് അവരെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ പോക്ക്… കിട്ടിയ താപ്പിന് ഗോളടിക്കുകയാണ്!

പരസ്പരം മനസ്സിലാക്കിയുള്ള ആഴമുള്ള സൗഹൃദം കൂടിയാണ് പ്രണയം. പത്ത് മിനിറ്റ് ചായ കൊടുപ്പില്‍ മൂന്നര മിനിറ്റ് മിണ്ടിയ ആളെ ഒരു ആയുഷ്‌കാലം അടിച്ചേല്‍പ്പിക്കുന്നതിലും എത്രയോ നല്ലത് തന്നെയാണ് പരസ്പരം മനസ്സിലാക്കാന്‍ കിട്ടുന്ന അവസരം. ‘എന്റെ കുട്ടി, എന്റെ തീരുമാനം’ ഒക്കെ മാറ്റിപ്പിടിക്കേണ്ട സമയമായി. അറേഞ്ച്ഡ് മാരേജിലാണെങ്കിലും രക്ഷിതാക്കളുടെ ‘പ്രാഥമിക അറേഞ്ച്‌മെന്റുകള്‍’ക്കപ്പുറം വിശകലനങ്ങളും അവസാനവാക്കും വിവാഹിതരാവാന്‍ പോവുന്നവരുടേത് തന്നെയാവണം.

വരക്കേണ്ട വരമ്പുകളും അതിര്‍ത്തികളും അറിയിച്ചാണ് മക്കളെ വളര്‍ത്തേണ്ടത്. ‘എന്റെ ഡ്രസ് എന്റിക്ക തീരുമാനിക്കും, എന്റിക്ക തല്ലിയാല്‍ അതും സ്വര്‍ഗം’ എന്നൊക്കെയുള്ളത് പഴകിപ്പൊളിഞ്ഞ ഏര്‍പ്പാടാണ്… ആ ജനറേഷനിലെ കഥകള്‍ പലതും പാതിക്ക് വെച്ച് ഇന്ധനമൊഴിഞ്ഞ് നിന്ന് തുടങ്ങിയിട്ടുണ്ട്. ഒരറ്റത്ത് നിന്നും ആളുകള്‍ക്ക് വിവരം വെച്ച് തുടങ്ങിയെന്ന് തന്നെയാണ് പറയുന്നത്.

തീരുമാനങ്ങളെടുക്കാനും ചര്‍ച്ചകള്‍ ചെയ്യാനും എതിര്‍പ്പുകളെ സ്വീകരിക്കാനും ഉറപ്പിച്ച് പറയാനും ആര്‍ജവത്തോടെ ജീവിക്കാനും കെല്‍പ്പുള്ള മക്കളായി സ്വന്തം കുട്ടികളെ വളര്‍ത്തുക എന്നതാണ് ഉത്തരവാദിത്വമുള്ള രക്ഷകര്‍ത്താക്കള്‍ക്ക് ഇനി ചെയ്യാനാവുക.
‘വേണ്ടെന്ന് കേട്ടാല്‍ വെട്ടുന്നവരിലും, വേണ്ടെന്ന് വെക്കാന്‍ വിഷം പകരുന്നവരിലും’ നമ്മുടെ മക്കള്‍ പെടാതിരിക്കട്ടെ.

Content Highlight: Dr Shimna Azeez Facebook Post Responding to the stance that love is a danger

We use cookies to give you the best possible experience. Learn more