| Thursday, 29th June 2023, 4:43 pm

എന്തിനാ വസ്ത്രം മാത്രമാക്കുന്നത്, ഹോമവും വെഞ്ചരിപ്പും കൂടെ ആയാലോ; ഓപ്പറേഷന്‍ തിയേറ്റര്‍ പോലുള്ളിടത്ത് മതം കുത്തിക്കയറ്റി കുളമാക്കുന്ന നേരത്ത് പഠിക്കാനുള്ളത് പഠിക്കൂ: ഡോ. ഷിംന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും ഫുള്‍ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണെന്ന് ഡോക്ടര്‍ ഷിംന അസീസ്. ഓരോ തവണ സര്‍ജറിക്ക് കേറുമ്പോഴും സര്‍ജനും അസിസ്റ്റ് ചെയ്യുന്നവരും മിനിട്ടുകളെടുക്കുന്ന വിശദമായ കൈ കഴുകല്‍ നടത്തുന്നുണ്ടെന്നും അറിയാതെ പോലും രോഗിയിലേക്ക് രോഗാണുക്കള്‍ എത്തരുതെന്ന ലക്ഷ്യമാണ് ഇതിനുള്ളതെന്നും ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

‘ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും ഫുള്‍ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണ്.
പഠിക്കുന്ന കാലത്ത് കൈയില്‍ കെട്ടിയ ചരടിന്റെ പേരിലും വിവാഹമോതിരം ഇട്ടതിന്റെ പേരിലുമൊക്കെ കൂടെയുള്ളവര്‍ക്ക് സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്ന് വഴക്ക് കേള്‍ക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. കൈമുട്ടിന് താഴേക്ക് അത്ര ചെറിയ വസ്തുക്കള്‍ പോലും അനുവദനീയമല്ലെന്നിരിക്കെയാണ് ഫുള്‍സ്ലീവ്. ഓരോ തവണ സര്‍ജറിക്ക് കേറുമ്പോഴും സര്‍ജനും അസിസ്റ്റ് ചെയ്യുന്നവരും മിനിട്ടുകളെടുക്കുന്ന വിശദമായ കൈ കഴുകല്‍ നടത്തുന്നുണ്ട്. കൈമുട്ടിന് താഴെ വിരലറ്റം വരെ വരുന്ന ഈ കഴുകലിന് ‘സ്‌ക്രബ് ചെയ്യുക’ എന്നാണ് പറയുക. അറിയാതെ പോലും രോഗിയിലേക്ക് രോഗാണുക്കള്‍ എത്തരുതെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. അതിന് ശേഷം കൈ എവിടെയും തട്ടാതെ വളരെ സൂക്ഷിച്ചാണ് ഓപ്പറേഷന്‍ തിയേറ്ററിനകത്ത് പോയി ഗ്ലവും മറ്റും ധരിക്കുന്നത്,’ അവര്‍ പറഞ്ഞു.

ലോങ് സ്ലീവ് ജാക്കറ്റ് വഴി കയറിക്കൂടിയേക്കാവുന്ന അണുക്കള്‍ രോഗിയുടെ മുറിവില്‍ വീണാലുള്ള അവസ്ഥ പരിതാപകരമായിരിക്കുമെന്നും എന്തടിസ്ഥാനത്തിലാണ് രോഗിയുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം ആവശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്നും ഷിംന ചോദിച്ചു.

‘ഓരോ സര്‍ജറിക്ക് ശേഷവും കഴുകി വൃത്തിയാക്കി വെക്കുന്ന വസ്ത്രങ്ങള്‍ ഡോക്ടര്‍ക്ക് മാത്രമേ ലഭിക്കൂ.
ലോങ് സ്ലീവ് ജാക്കറ്റ് വഴി കയറിക്കൂടിയേക്കാവുന്ന അണുക്കള്‍ രോഗിയുടെ മുറിവില്‍ വീണാലുള്ള അവസ്ഥ പരിതാപകരമായിരിക്കും. എന്തടിസ്ഥാനത്തിലാണ് രോഗിയുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം ആവശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്, അല്ല എന്തിനാ വസ്ത്രം മാത്രമാക്കുന്നത്, ഹോമവും വെഞ്ചരിപ്പും കൂടെ ആയാലോ. ഓപ്പറേഷന്‍ തിയേറ്റര്‍ എന്ന അത്യധികം ഗൗരവമാര്‍ന്ന ഒരിടത്ത് മതം കുത്തിക്കയറ്റി കുളമാക്കുന്ന നേരത്ത് പഠിക്കാനുള്ളത് പഠിച്ച് ഒരിടത്തെത്താന്‍ നോക്കണമെന്ന് മാത്രമേ ആ പെണ്‍കുട്ടികളോട് പറയാനുള്ളൂ,’ അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും സര്‍ജിക്കല്‍ ഹുഡും നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരവനന്തപുരം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയിരുന്നു. വിവിധ ബാച്ചുകളിലായുള്ള ഏഴ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ആവശ്യമുന്നയിച്ച് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയിരുന്നത്. 2018, 2020, 2021, 2022 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളുടെ ഒപ്പോട് കൂടിയ കത്ത് ജൂണ്‍ 26നാണ് പ്രിന്‍സിപ്പാളിന് നല്‍കിയിരുന്നത്.

ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ വിശ്വാസമനുസരിച്ച് ഏത് സാഹചര്യത്തിലും മുസ്‌ലിം യുവതികള്‍ക്ക് ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.

Content Highlight: Dr Shimna azeez criticise medical students on  seek permission to wear head cover dress in operation theatre

We use cookies to give you the best possible experience. Learn more