ഭരണഘടനയില്‍ ടിപ്പുവും മുഗളരും അറബികളുമുണ്ട്, അവരുടെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി? പാലക്കാട് സംഭവത്തില്‍ സംഘപരിവാറിന് മറുപടിയുമായി ഷിംന അസീസ്
മലപ്പുറം: പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ എന്ന ബാനര്‍ തൂക്കിയ സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നടത്തുന്ന വാദങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പില്‍ ശ്രീരാമനും സീതയും യുദ്ധം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് മടങ്ങുന്ന ചിത്രമുണ്ടെന്ന പ്രചരണത്തിനാണ് ഷിംനയുടെ മറുപടി.
ലോകത്തിലെ ഏറ്റവും നീളമുള്ള ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രാമസീതാലക്ഷ്മണന്‍മാര്‍ മാത്രമല്ല ഉള്ളത്. ടിപ്പു സുല്‍ത്താനും ഝാന്‍സി റാണിയും മുഗള്‍ രാജാക്കന്‍മാരും അറബ് വ്യാപാരികളും ബുദ്ധഭിക്ഷുക്കളുമെല്ലാമുണ്ടെന്ന് ഷിംന അസീസ് പറഞ്ഞു.
ഇതില്‍ റാണി ലക്ഷ്മിഭായ് അല്ലാത്ത ആരുടെ ചിത്രവും ഇന്നലെ പാലക്കാട് പ്രദര്‍ശിപ്പിച്ചത് പോലെ ഉപയോഗിച്ചിരുന്നെങ്കില്‍ എന്തായേനേ സ്ഥിതിയെന്നും ഷിംന ചോദിക്കുന്നു.
ശിവജിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്നെ യെദിയൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയിട്ടും കാലം അധികമായിട്ടില്ല. ജോധ അക്ബര്‍ എന്ന സിനിമയോടുള്ള സമീപനവും മറിച്ചായിരുന്നില്ല. എന്നാല്‍, ഒന്നോര്‍ക്കേണ്ടത് ഭാരതീയ ഭരണഘടന ഒരു ജാതിക്കും മതത്തിനും വിശ്വാസത്തിനും പ്രത്യേകത കല്‍പ്പിച്ചിട്ടില്ല, ആര്‍ക്കും തീറെഴുതിയിട്ടുമില്ല എന്നതാണെന്നും അവര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.
പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ‘ജയ് ശ്രീറാം’ ബാനറുയര്‍ത്തിയ ബി.ജെ.പി നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഈ ബാനര്‍ പൊക്കുന്നത് ഏതെങ്കിലും അണ്ടിമുക്ക് ശാഖയിലല്ലെന്നും മറിച്ച് നഗരസഭയുടെ കെട്ടിടത്തിലാണെന്നും ഏത് പൗരനും തുല്യാവകാശമുള്ള ഒരു സെക്യുലര്‍ സ്ഥാപനത്തിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് ഓര്‍ക്കണമെന്നാണ് ചില പ്രതികരണം.
ഈ തീവ്രവാദികളില്‍ നിന്ന് എന്ത് വില കൊടുത്തും കേരളത്തെ സംരക്ഷിണം എന്നു കൂടി ഈ തെരഞ്ഞെടുപ്പ് ഫലം നമ്മളോട് പറയുന്നുണ്ട്. ഏത് മനുഷ്യനും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കേരളം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പിലെ ആദ്യ ചിത്രമാണിത്. ഭഗവാന്‍ ശ്രീരാമന്‍ സീതയോടും ലക്ഷ്മണനോടുമൊപ്പം യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുന്നു. പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍ കണ്ട് അങ്കക്കലി പൂണ്ടു നില്‍ക്കുന്നവരുടെ ശ്രദ്ധക്കാണ്’ എന്ന് പറഞ്ഞ് കോപ്പി പേസ്റ്റ് കമന്റും ചിത്രവുമായി വന്ന ന്യായീകരണസംഘങ്ങളെ കണ്ടു.
ലോകത്തിലെ ഏറ്റവും നീളമുള്ള ഭരണഘടനയാണ് ഇന്ത്യയിലേത്. ഡോ.ബി.ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട നമ്മുടെ ഭരണഘടന ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ കൈകളാല്‍ എഴുതപ്പെട്ടതാണ്. ഫ്രാന്‍സ്, യുഎസ്, ജപ്പാന്‍, ജര്‍മനി തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് കടംകൊണ്ട കാര്യങ്ങള്‍ അതിലുണ്ട്.
ഒറിജിനല്‍ കോപ്പി കൈകളാല്‍ എഴുതിയത് പ്രേം ബിഹാരി റൈസാദ എന്ന കാലിഗ്രഫറും ചിത്രങ്ങള്‍ ആലേഖനം ചെയ്തത് നന്ദലാല്‍ ബോസ് നേതൃത്വം നല്‍കിയ ശാന്തിനികേതനിലെ കലാകാരന്‍മാരായിരുന്നു.
ആ ചിത്രങ്ങളില്‍ ഭരണഘടനയുടെ ആമുഖത്തിന് മുകളില്‍ വരച്ചിരിക്കുന്ന രാമസീതാലക്ഷ്മണന്‍മാര്‍ മാത്രമല്ല ഉള്ളത്. ടിപ്പു സുല്‍ത്താനും ഝാന്‍സി റാണിയും മുഗള്‍ രാജാക്കന്‍മാരും അറബ് വ്യാപാരികളും ബുദ്ധഭിക്ഷുക്കളുമെല്ലാമുണ്ട്. ഇതില്‍ റാണി ലക്ഷ്മിഭായ് അല്ലാത്ത ആരുടെ ചിത്രവും ഇന്നലെ പാലക്കാട് പ്രദര്‍ശിപ്പിച്ചത് പോലെ ഉപയോഗിച്ചിരുന്നെങ്കില്‍ എന്തായേനേ സ്ഥിതി?
ശിവജിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്നെ യെദിയൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയിട്ടും കാലം അധികമായാട്ടില്ല. ജോധ അക്ബര്‍ എന്ന സിനിമയോടുള്ള സമീപനവും മറിച്ചായിരുന്നില്ല. എന്നാല്‍, ഒന്നോര്‍ക്കേണ്ടത് ഭാരതീയ ഭരണഘടന ഒരു ജാതിക്കും മതത്തിനും വിശ്വാസത്തിനും പ്രത്യേകത കല്‍പ്പിച്ചിട്ടില്ല, ആര്‍ക്കും തീറെഴുതിയിട്ടുമില്ല എന്നതാണ്.
ഇത് കൂടാതെ,1949 വര്‍ഷം ഒക്ടോബര്‍ പതിനേഴാം തിയ്യതി ഭരണഘടനയെക്കുറിച്ചുള്ള ഭരണഘടനാനിര്‍മാണസമിതിയുടെ ചര്‍ച്ചയില്‍, ഭരണഘടനയുടെ ആമുഖം ‘ദൈവനാമത്തില്‍’ എന്ന് തുടങ്ങണം എന്ന് എച്ച്. വി കമ്മത്ത് ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കൊണ്ട് ഹൃദയ് നാഥ് കുന്‍സ്രു ‘ഇന്ത്യ വിശ്വാസിയുടേതും അവിശ്വാസിയുടേതും നിരീശ്വരവാദിയുടേതുമാണ്’ എന്ന് പറഞ്ഞത് ഭൂരിഭാഗവും അംഗീകരിക്കുകയായിരുന്നു.
ഇത്രയും പറഞ്ഞത് ആരെയും ബോധ്യപ്പെടുത്താനല്ല, കോപ്പി പേസ്റ്റുകാര്‍ക്ക് വെളിവ് വരുമെന്ന് പ്രതീക്ഷയുമില്ല. തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു കൂട്ടം സാധാരണക്കാരുടെ അറിവിലേക്കായി മാത്രമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക