| Saturday, 14th May 2022, 2:54 pm

''അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്''

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മീ ടൂ മൂവ്‌മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഡോ. ഷിംന അസീസ്.

മീ ടൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണെന്നും ശ്രീനിവാസന്റെ മകനാണെന്ന പേരില്‍ മീ ടൂ മൂവ്മെന്റ് പോലുള്ള സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുതെന്നും ഷിംന പറഞ്ഞു.

”അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വല്‍ അസോള്‍ട്ട് പോലെയുള്ളവ നല്‍കുന്ന ട്രോമയുടെ തീരാ പുകച്ചിലിനെ,” ഷിംന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തഗ് ലൈഫ് ഇന്റര്‍വ്യൂ എന്നൊക്കെ ആഘോഷിക്കപ്പെടുന്നതിനേയും ധ്യാനിന്റെ മീ ടൂ പരാമര്‍ശം കേട്ട് പൊട്ടിച്ചിരിക്കുന്ന ആങ്കറേയും ഷിംന വിമര്‍ശിച്ചു.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,’ എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.

മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ധ്യാനിന്റെ മീ ടൂ പരാമര്‍ശമാണ് അഭിമുഖത്തിന്റെ തമ്പ്നെയ്ലിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ തുറന്നുപറച്ചില്‍ തന്നെ ആയുധമാക്കിയ മീ ടൂ മൂവ്മെന്റിനെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അപഹസിച്ചത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

റിലീസിനൊരുങ്ങുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ധ്യാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പലതിലും കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടായിരുന്നും എന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മീ ടൂ വിനെതിരെ പരാമര്‍ശമുയര്‍ന്നതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.

അടുത്തിടെ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പുതുമുഖ നടി ലൈംഗിക പീഡന പരാതി നല്‍കുകയും പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ചര്‍ച്ചയായിരിക്കെയാണ് ധ്യാനിന്റെ വിവാദ പരാമര്‍ശം.

Content Highlight: Dr Shimna Azees against Dhyan Sreenivasan Mee too Comment

We use cookies to give you the best possible experience. Learn more