കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം തീവ്രമായി പടരുന്നതിനിടെ രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തളെ പൊളിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്.
കൊവിഡിനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ച് നിരവധി പേര്‍ സമീപിക്കാറുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു കുറിപ്പുമായി വരാന്‍ തീരുമാനിച്ചതെന്നും ഷിംന അസീസ് പറയുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഞ്ച് വ്യാജസന്ദേശങ്ങളെ കുറിച്ചാണ് പോസ്റ്റില്‍ ഷിംന അസീസ് പ്രതിപാദിക്കുന്നത്. കൊവിഡ് വാക്സിനേഷന്‍ എടുത്താല്‍ കുറച്ച് ദിവസത്തിന് കൊവിഡ് പോസിറ്റീവ് കാണിക്കുമെന്നത് തികച്ചും തെറ്റായ വാദമാണെന്ന് ഷിംന പറയുന്നു. വാക്സിനേഷന്‍ എടുത്ത ശേഷം ടെസ്റ്റില്‍ പോസിറ്റീവ് കിട്ടിയാല്‍ അതിനര്‍ത്ഥം രോഗാണു ശരീരത്തില്‍ മറ്റേതോ വഴിയിലൂടെ കടന്നു എന്ന് തന്നെയാണ്. വാക്സിന്‍ കൊണ്ട് രോഗം വരില്ലെന്ന് അവര്‍ വ്യക്തമാക്കി.
നൊബേല്‍ സമ്മാനജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ താസുകു ഹോന്‍ജോ കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നും വ്യക്തമാക്കി, ഇറ്റലിയില്‍ ലോകാരോഗ്യ സംഘടനയെ മറികടന്ന് നടത്തിയ പരീക്ഷണത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനുള്ള മരുന്ന് കണ്ടെത്തി, കൊറോണ വൈറസുമില്ല, കൊവിഡ് 19 എന്ന രോഗവുമില്ല എല്ലാം ഗൂഢാലോചനയാണ്, കൊവിഡ് വന്നവര്‍ കഴിക്കേണ്ടതെന്ന പേരില്‍ പ്രചരിക്കപ്പെടുന്ന ചില ഭക്ഷ്യവസ്തുക്കള്‍ – തുടങ്ങിയവയെല്ലാം തികച്ചും വ്യാജമായ സന്ദേശങ്ങളാണെന്ന് ഷിംന അസീസ് തെളിവ് സഹിതം ചൂണ്ടിക്കാണിക്കുന്നു.
ഇവ കൂടാതെ നിരവധി വ്യാജസന്ദേശങ്ങള്‍ വേറെയും പ്രചരിക്കുന്നുണ്ടെന്നും അതേകുറിച്ചെല്ലാം വിശദമായി തന്നെ സംസാരിക്കാമെന്നും ഷിംന അസീസ് പറയുന്നു. അത് വരെ, മാസ്‌ക് ശരിയായ രീതിയില്‍ കൃത്യമായി ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ശാരീരിക അകലം പാലിക്കുക, വാക്സിനേഷന്‍ എടുക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാട്‌സ്ആപ്പിലെ ചികിത്സയും സൈ്വര്യക്കേടുകളും നോക്കിയിരുന്ന് സ്വന്തം ജീവന്‍ അപകടത്തിലാക്കരുത്. വയ്യാണ്ടായാല്‍ വാട്‌സ്ആപ്പ് നിങ്ങളെ നോക്കൂല, മെസേജയക്കുന്ന കേശവന്‍ മാമന്‍മാരെ ആ പരിസരത്ത് പോലും കാണൂല. അവരൊക്കെ ഇപ്പോ വാക്സിനെടുക്കാനുള്ള ക്യൂവിലാണെന്നും ഡോ. ഷിംന അസീസ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വാട്‌സ്ആപ്പിലേം മെസഞ്ചറിലേം ചങ്ങായിമാര്‍ എവിടുന്നാന്നറീല, നാട്ടിലുള്ള സകല ഫേക്ക് മെസേജും തേടിപ്പിടിച്ച് കൊണ്ടു വന്നു തരും. എന്നിട്ട് എന്റെ തല പെരുപ്പിക്കാന്‍ ‘ഇത് ശര്യാ?’ എന്നൊരു ചോദ്യോം, നാലഞ്ച് ടൈപ്പ് ചിരിക്കണ സ്മൈലീം. ഇതെല്ലാം കൂടി കാണുമ്പോ ദേഷ്യോം കരച്ചിലും ഒപ്പം വരും.
എന്നിട്ട് നമ്മളതിന്റെ താവഴിയും തറവാടും തപ്പി പിടിച്ച് പഠിച്ച് മറുപടി പറയണം. കോവിഡ് എപ്പിസോഡ് 2.0 തുടങ്ങിയപ്പോ തൊട്ടുള്ള ഇജ്ജാതി പ്രധാന മെസേജ് എടങ്ങേറുകളെ ഒന്ന് കീറിമുറിച്ച് നോക്കിയാലോ? ഇവിടിരുന്ന് ഇതൊന്ന് വായിച്ചിട്ട് പോകൂന്ന്.
1) ‘കൊവിഡ് വാക്സിനേഷന്‍ എടുത്താല്‍ കുറച്ച് ദിവസത്തിന് കൊവിഡ് ടെസ്റ്റ് പോസിറ്റീവ് കാണിക്കും’ – തെറ്റാണ്.
ഇന്ത്യയില്‍ പ്രധാനമായും നല്‍കുന്ന കോവിഷീല്‍ഡ് വാക്സിനില്‍ കോവിഡ് വൈറസിന്റെ ശരീരത്തിലെ ഒരു ഘടകം മാത്രമാണുള്ളത്. ഫൈസര്‍ വാക്സിനില്‍ രോഗാണുവിന്റെ ജനിതകവസ്തു മാത്രം. കൊവാക്സിന്‍, സൈനോഫാം എന്നിവയില്‍ രോഗം ജനിപ്പിക്കാന്‍ ശേഷിയില്ലാത്ത inactivated കൊവിഡ് 19 വൈറസുകള്‍. ബാക്കി കമ്പനികളുടെ വാക്സിനുകളും സമാനം തന്നെ, എടുത്ത് പറയുന്നില്ലെന്ന് മാത്രം. ഇതൊന്നും തന്നെ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള സംഗതികളല്ല. വാക്സിനേഷന്‍ എടുത്ത ശേഷം ടെസ്റ്റില്‍ പോസിറ്റീവ് കിട്ടിയാല്‍ അതിനര്‍ത്ഥം രോഗാണു ശരീരത്തില്‍ മറ്റേതോ വഴിയിലൂടെ കടന്നു എന്ന് തന്നെയാണ്. വാക്സിന്‍ കൊണ്ട് രോഗം വരില്ല.
2) ‘നോബേല്‍ സമ്മാനജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ താസുകു ഹോന്‍ജോ കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നും വ്യക്തമാക്കി’
ഇത് ഫേക്ക് ന്യൂസ് ആണെന്നും താനങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തന്നെ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്റ് കൊടുത്തത് ഇന്റര്‍നെറ്റില്‍ കിടപ്പുണ്ട്. ഇതൊക്കെ എഴുതി വിടുന്നോര്‍ക്ക് എന്ത് സുഖമാണോ കിട്ടുന്നത് !
3) ‘കൊവിഡ് വന്ന് ആശുപത്രിയില്‍ കിടന്ന് രോഗം മാറി തിരിച്ച് വന്നവര്‍ കരിഞ്ചീരകം കഴിക്കാന്‍ പറഞ്ഞു, ക്ഷാരഗുണമുള്ള ഭക്ഷണം കഴിപ്പിച്ചു, വെയില് കൊള്ളിച്ചു, മുട്ട തീറ്റിച്ചു… blah blah blah’
ഇതിനൊന്നും യാതൊരു ശാസ്ത്രീയ വശവുമില്ല. ഈ മെസേജില്‍ പറഞ്ഞിരിക്കുന്ന പല സാധനങ്ങളുടേയും യഥാര്‍ത്ഥ pH അമ്ലഗുണമുള്ളതാണ്. pH അമ്ലഗുണം അല്ലെങ്കില്‍ ക്ഷാരഗുണത്തെ സൂചിപ്പിക്കുന്ന അളവാണ്. അതിന്റെ പരമാവധി 14 ആണെന്നിരിക്കേ, എങ്ങനെയാണ് 22 എന്ന pH നമ്പറൊക്കെ ഉണ്ടാകുന്നത്? ആ മെസേജ് അടിമുടി മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ്. ദയവ് ചെയ്ത് ഫോര്‍വേഡ് ചെയ്യരുത്. ഈ മെസേജ് മുന്‍പൊരിക്കല്‍ വിശദമായി പൊളിച്ചെഴുതീട്ടുണ്ട്.
4) ‘ഇറ്റലിയില്‍ ലോകാരോഗ്യസംഘടനയുടെ കണ്ണ് വെട്ടിച്ച് കൊവിഡ് കാരണം മരണപ്പെട്ട രോഗിയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി… കുറേ എന്തൊക്കെയോ കണ്ട് പിടിച്ചു, ഇറ്റലിക്കാര്‍ രോഗം പിടിച്ച് കെട്ടി…’
വിശദീകരണം മുന്‍പ് വിശദമായെഴുതുകയും ഈയിടെ റീപോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫേക്കാണ്.
5) ‘കൊറോണ വൈറസില്ല, കോവിഡ് 19 എന്ന രോഗമില്ല, ബില്‍ ഗേറ്റ്സ് പ്ലാന്‍ ചെയ്ത പരിപാടിയാണ്, സര്‍വ്വത്ര ഗൂഢാലോചനയാണ്, കുഴപ്പമാണ്’- തെറ്റാണ്.
കോവിഡ് 19 രോഗമുണ്ടാക്കുന്ന SARS COV 2 വൈറസിനെ ഇന്ത്യയിലുള്‍പ്പെടെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വിശദമായി കാണുകയും കൃത്യമായി പഠിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് പതിനാല് കോടിയിലേറെ പേരെ ബാധിച്ച്, അവരില്‍ മുപ്പത് ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത രോഗത്തെക്കുറിച്ച് അങ്ങനൊരു സാധനമേ ഇല്ലാന്ന് പറഞ്ഞ് വരുന്നവരെ ഈ ഏരിയയില്‍ അടുപ്പിച്ചേക്കരുത്. രോഗത്തോടൊപ്പം ഈ ടൈപ്പ് ആള്‍ക്കാരില്‍ നിന്നും കൂടി പ്രതിരോധം നേടാന്‍ ശ്രദ്ധിക്കുക.
ഇവിടം കൊണ്ടൊന്നും തീര്‍ന്നിട്ടല്ല. ബാക്കി കാര്യങ്ങള്‍ പറഞ്ഞോണ്ട് ഇനീം ഈ വഴി വരാം. അത് വരെ, മാസ്‌ക് ശരിയായ രീതിയില്‍ കൃത്യമായി ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ശാരീരിക അകലം പാലിക്കുക, വാക്സിനേഷന്‍ എടുക്കുക.
വാട്‌സ്ആപ്പിലെ ചികിത്സയും സൈ്വര്യക്കേടുകളും നോക്കിയിരുന്ന് സ്വന്തം ജീവന്‍ അപകടത്തിലാക്കരുത്. വയ്യാണ്ടായാല്‍ വാട്‌സ്ആപ്പ് നിങ്ങളെ നോക്കൂല, മെസേജയക്കുന്ന കേശവന്‍ മാമന്‍മാരെ ആ പരിസരത്ത് പോലും കാണൂല. അവരൊക്കെ ഇപ്പോ വാക്സിനെടുക്കാനുള്ള ക്യൂവിലാ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Dr. Shima Azeez slams fake news about Covid 19 and Vaccination