| Monday, 6th November 2017, 11:01 am

മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളുടെ ശക്തമായ രേഖപ്പെടുത്തലാണിത്; വാക്‌സിന്‍ വിരുദ്ധരുടെ വെല്ലുവിളി ഏറ്റെടുത്ത് കുത്തിവെപ്പെടുത്തതിനെ കുറിച്ച് ഡോ. ഷിംന അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മീസില്‍സ്- റൂബെല്ല ബോധവത്ക്കരണത്തിനിടെ സ്വയം കുത്തിവെപ്പെടുത്ത അനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്. കൊണ്ടോട്ടിക്കടുത്ത് പള്ളിക്കല്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം സംഘടിപ്പിച്ച ക്യാമ്പിനിടെയായിരുന്നു മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷിംന അസീസ് സ്വയം കുത്തിവെപ്പെടുത്തത്.

ഈ പ്രദേശത്ത് പകുതിയിലേറെ കുട്ടികള്‍ കുത്തിവെപ്പെടുക്കാത്ത സാഹചര്യത്തിലായിരുന്നു ഷിംന ക്ലാസെടുക്കാന്‍ എത്തിയത്. ക്ലാസിനിടയില്‍ ഡോക്ടര്‍ കുത്തിവെപ്പെടുക്കുമോ എന്ന ചോദ്യം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഷിംന വാക്‌സിനെടുത്തത്.

“പതിനഞ്ച് വയസുവരെ മാത്രമുള്ളവര്‍ക്ക് മാത്രം കുത്തിവെപ്പ് മതിയോ എന്ന ഒരു ഉമ്മയുടെ ചോദ്യത്തിന് “ഗള്‍ഫ് രാജ്യങ്ങളില്‍ മുപ്പത്തഞ്ച് വയസ്സ് വരെ കൊടുക്കുന്നുണ്ടെന്നും താനും റുബല്ലക്ക് കുത്തിവെപ്പ് എടുക്കണമെന്ന് കുറേക്കാലമായി കരുതിയിരിക്കുന്നു എന്നുമായിരുന്നു താന്‍ മറുപടി പറഞ്ഞത്. “നിങ്ങള്‍ ഇത്രയ്ക്ക് വാദിക്കുന്ന ഒരു സംഗതി നിങ്ങളെന്തുകൊണ്ടുചെയ്യുന്നില്ല” എന്നായിരുന്നു ഇതിന് പിന്നാലെ മധ്യവയസ്‌കനായ ഒരാളുടെ ചോദ്യം.


Dont Miss ഗെയില്‍ സമരസമിതി നേതാക്കള്‍ മുക്കം സ്‌റ്റേഷപരിധിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആര്‍.ഡി.ഒ നോട്ടീസ്


ഈ പദ്ധതിപ്രകാരം പതിനഞ്ച് വയസ്സ് വരെയേ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കൂവെന്നും എനിക്ക് പ്രായം അതിലേറെയുള്ളതുകൊണ്ടാണ് എടുക്കാതതെന്നും തന്റെ കുട്ടികള്‍ക്ക് നല്‍കുന്നത് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തന്നല്ലോ എന്നും താന്‍ മറുപടി പറഞ്ഞു. എന്നാല്‍ ആ മറുപടിയില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. അതുവരെ ക്ലാസിലിരുന്ന് വസ്തുതകള്‍ മനസ്സിലാക്കിയവര്‍ പോലും തന്നെ സംശയത്തോടെ നോക്കിത്തുടങ്ങി. ഇതിന് പിന്നാലെയായിരുന്നു കുത്തിവെപ്പെടുക്കാന്‍ തയ്യാറായത്. – ഷിംന പറയുന്നു.

പരിപാടിയില്‍ വന്നതില്‍ 99% പേരും കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. അവരില്‍ മിക്കവരും തിരിച്ചു ചിന്തിച്ചു. 310 കുട്ടികള്‍ മീസില്‍സില്‍ നിന്നും റുബല്ലയില്‍ നിന്നും തങ്ങളുടെ ഭാവി സുരക്ഷിതമാക്കി. ഇതൊരു ക്രെഡിറ്റായല്ല പറയുന്നത്, മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളുടെ ശക്തമായ രേഖപ്പെടുത്തലാണിത്.

ഞങ്ങള്‍ ശ്രമിക്കാഞ്ഞിട്ടാണ്, ബോധവല്‍ക്കരിക്കാഞ്ഞിട്ടാണ് എന്നൊക്കെ പറയുന്നവര്‍ ഞങ്ങളുടെ ഈ ദുരവസ്ഥ ദയവ് ചെയ്ത് കാണാതെ പോകരുതെന്നും ഷിംന അസീസ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more