| Friday, 4th May 2018, 4:50 pm

'റിസ്‌ക്' എന്ന ശാസ്ത്ര പ്രതിസന്ധി

ഡോ. ഷിജു സാം വറുഗീസ്

നിത്യജീവിതത്തില്‍ ധാരാളം “റിസ്‌കു”കള്‍ എടുക്കുന്നവരാണ് നമ്മള്‍. സ്വന്തം കാര്‍ ഓടിച്ച് ഓഫീസില്‍ പോകുന്ന ഒരാള്‍ വഴിയില്‍ അപകടത്തില്‍ പെടാനുള്ള സാധ്യത മുന്‍കൂട്ടി വിലയിരുത്തുന്നുണ്ടല്ലോ. എന്നാല്‍ അത്തരമൊരു റിസ്‌ക് മിക്കവരെയും വണ്ടി ഓടിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. വാഹനം ഓടിച്ച് ഓഫീസില്‍ പോകുന്നത് നല്‍കുന്ന ഗുണങ്ങള്‍ അതിന്റെ ദോഷങ്ങളെക്കാളും കൂടുതലാണ് എന്ന് സ്വയം വിലയിരുത്തുന്നതു കൊണ്ടാണത്. അതായത്, യുക്തിപരമായി സ്വീകരിക്കാവുന്ന ഒരു റിസ്‌കായിട്ടാണ് വാഹനം ഓടിക്കുന്നതിനെ മിക്കവരും മനസ്സിലാക്കുന്നത്.

ഇത്തരം ഒരു “cost-benefit analysis” നടത്തിയാണ് വ്യക്തികളെന്ന നിലയില്‍ നമ്മുടെ നിത്യജീവിതം മുന്‍പോട്ടു പോകുന്നത്. ഒരു രാഷ്ട്രസമൂഹം എന്ന തലത്തിലും ഇത്തരം ഒരു സമീപനമാണ് വികസന പദ്ധതികള്‍ ഉയര്‍ത്തുന്ന റിസ്‌കുകളുടെ കാര്യത്തില്‍ ഭരണകൂടം പൊതുവേ സ്വീകരിക്കുന്നത്. ആണവ നിലയങ്ങള്‍, അണക്കെട്ടുകള്‍, റോഡു നിര്‍മ്മാണം തുടങ്ങി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കോസ്റ്റ്-ബെനഫിറ്റ് വിശകലനം നടത്താന്‍ ഗവണ്‍മെന്റിനെ സഹായിക്കുന്നത് വിവിധ ജ്ഞാനമേഖലകളില്‍ അവഗാഹമുള്ള വിദഗ്ധരാണ്.

അവര്‍ നല്‍കുന്ന ശാസ്ത്രീയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വന്‍കിട പദ്ധതികള്‍ എറ്റെടുക്കണമോ എന്ന് തീരുമാനിക്കപ്പെടുക. പൊതുവേ സാങ്കേതികശാസ്ത്ര വിദഗ്ധര്‍ മാത്രമാണ് ഈ ഉപദേശക സംഘത്തിലുണ്ടാവാറ്. ശാസ്‌ത്രേതര വിഷയങ്ങളിലുള്ള വിദഗ്ധര്‍ ഇത്തരം സംഘങ്ങളില്‍ പൊതുവേ പെടാറില്ല.

എന്നാല്‍ സമീപകാലത്ത് കേവല ശാസ്ത്രവാദപരമായ ഈ ഇടുങ്ങിയ സമീപനം മാറിത്തുടങ്ങിയിട്ടുണ്ട്. വികസന പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അവയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള വിശകലനവും സാമൂഹിക-സാമ്പത്തിക ആഘാതപഠനങ്ങളും പ്രത്യേകം നടത്തേണ്ടതുണ്ട് എന്നത് ഇന്ന് പരിമിതമായ തോതിലെങ്കിലും ഭരണകൂട നയങ്ങളുടെ ഭാഗമാണ്. ഈ ത്രിതല ആഘാത പഠന രീതി കോസ്റ്റ്-ബെനഫിറ്റ് വിശകലനത്തിന്റെ വികസിത രൂപമാണ്.

കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്താണ് സൈലന്റ് വാലി സമരകാലം മുതല്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ആഘാതം പഠന വിധേയമാക്കണമെന്ന് ശക്തമായി ഉന്നയിച്ചിരുന്ന പ്രസ്ഥാനം. കാല്‍പനിക പരിസ്ഥിതി വാദങ്ങള്‍ക്കും കേവല ശാസ്ത്ര നിര്‍ണയവാദത്തിനും ബദലായതും എന്നാല്‍ വികസന വിരുദ്ധമല്ലാത്തതുമായ യുക്തിപരമായ സമീപനം എന്ന നിലയില്‍ ഈ വാദം ഇന്ന് ഇന്ത്യയില്‍ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്; പ്രയോഗത്തില്‍ കാര്യമായി വെള്ളം ചേര്‍ക്കപ്പെടുന്നുണ്ടെങ്കിലും.

എന്നാല്‍, ഇത്തരത്തില്‍ ഗുണ-ദോഷ വിചാരം നടത്തി തീരുമാനിക്കാവുന്നത്ര ലളിതമല്ല പരിസ്ഥിതി പ്രതിസന്ധികളായും ആരോഗ്യ പ്രശ്‌നങ്ങളായും പ്രകൃതി ദുരന്തങ്ങളായും ഇന്ന് നമ്മെ തേടിയെത്തുന്ന റിസ്‌കുകള്‍. മനുഷ്യസമൂഹം ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അവയുടെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സാധ്യമല്ല തന്നെ. ശാസ്ത്രീയ അറിവുല്‍പാദനത്തിന്റെ പരിണിതഫലങ്ങള്‍ എല്ലാം നമുക്ക് മുന്‍കൂട്ടി കാണാനാവുന്നതിലും എത്രയോ മടങ്ങ് അധികമാണ്! പ്രകൃതിയുടെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ സന്തുലനത്തെ ആധുനീകരണത്തിന്റെ ഭാഗമായി മനുഷ്യന്‍ നടത്തിവരുന്ന ഇടപെടലുകള്‍ ആഴത്തില്‍ തകര്‍ത്തിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം എന്ന റിസ്‌ക് ഇന്ന് നമ്മളെ ഗ്രസിച്ചിരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തീവ്രമായി നടന്ന വ്യാവസായികവല്‍ക്കരണം മൂലമാണല്ലോ. ഇപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് നമുക്ക് പൂര്‍ണമായി അറിയില്ല. പ്രകൃതിയില്‍ നമ്മള്‍ നടത്തിവരുന്ന മാരകമായ ഇടപെടലുകളെല്ലാം ഉടനടി നിര്‍ത്തിവെച്ചാല്‍ പോലും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കപ്പെടുന്നതിനു ദശകങ്ങളോ, ചിലപ്പോള്‍ നൂറ്റാണ്ടുകളോ വേണ്ടിവരും. അതായത് ഇന്ന് പ്രകൃതിയില്‍ നമ്മള്‍ നടത്തുന്ന ഇടപെടലുകള്‍ സൃഷ്ടിക്കുന്ന റിസ്‌കുകള്‍ നേരിടേണ്ടി വരുന്നത് ഭാവി തലമുറകളായിരിക്കും.

ഉള്‍റിഹ് ബെക്ക്

അതുകൊണ്ടുതന്നെ പാരിസ്ഥിതിക പ്രതിസന്ധിയുടെ ആഴം ശാസ്ത്രീയമായി അളക്കാവുന്നതിനും പരിഹരിക്കാവുന്നതിനും അപ്പുറമാണ്. പരിഹാര മാര്‍ഗങ്ങളെന്ന നിലയില്‍ നമ്മള്‍ നടത്തുന്ന നീക്കങ്ങള്‍ പോലും ഒരു പക്ഷെ പുത്തന്‍ റിസ്‌കുകള്‍ സൃഷ്ടിക്കുന്നതിലേക്ക് നീങ്ങാം. ഇടയ്ക്കിടെ ആഞ്ഞടിച്ച് വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ചുഴലിക്കാറ്റുകള്‍, സുനാമികള്‍ മുതലായവ പ്രകൃതിയില്‍ നൂറ്റാണ്ടുകളായി ആധുനിക മനുഷ്യന്‍ നടത്തിവരുന്ന ഇടപെടലുകളുടെ പ്രത്യാഘാതങ്ങളാണ്. ഇവയൊന്നും കോസ്റ്റ്-ബെനഫിറ്റ് വിശകലനത്തിനു പൂര്‍ണമായും വഴങ്ങുന്ന പ്രശ്‌നങ്ങളല്ലല്ലോ.

റിസ്‌കുകള്‍ നമ്മുടെ ആധുനീകരണ പ്രക്രിയയുടെ തന്നെ നിര്‍മ്മിതികളാണ് എന്നാണ് ഉള്‍റിഹ് ബെക്ക് (Ulrich Beck), ആന്തണി ഗിഡന്‍സ് (Anthony Giddens), സ്‌കോട്ട് ലാഷ് (Scott Lash) തുടങ്ങിയ സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, ശാസ്ത്ര സാങ്കേതിക വിദ്യകളിലധിഷ്ഠിതമായ ആധുനിക മുതലാളിത്ത സാമൂഹിക ജീവിതം തന്നെയാണ് റിസ്‌കുകള്‍ സൃഷ്ടിക്കുന്നത്. റിസ്‌കുകള്‍ അദൃശ്യങ്ങളായി നിലനില്‍ക്കുന്നുവെന്നും, അവ ഒരിക്കലും പൂര്‍ണമായി നമുക്ക് സ്വയം വെളിപ്പെടുത്തുന്നില്ല എന്നുമാണ് ഇവര്‍ പറയുന്നത്. റിസ്‌കുകള്‍ അദൃശ്യങ്ങളാണ് എന്നതിനാല്‍ തന്നെ വിവിധ രൂപഭാവങ്ങള്‍ അണിഞ്ഞു നമ്മുടെ ശരീരത്തിലും ജീവിത പരിസരങ്ങളിലും പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ക്ക് അവ യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുക.

ശാസ്ത്ര-സാങ്കേതിക വിദ്യകളാണ് പാരിസ്ഥിതിക റിസ്‌കുകളുടെ ഉറവിടമെന്നതിനാല്‍ തന്നെ, അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ കാണുന്നതിന് ആധുനിക ശാസ്ത്രത്തിന് പരിമിതികളുണ്ട്; ശാസ്ത്രജ്ഞര്‍ അത് തുറന്നു സമ്മതിയ്ക്കുകയില്ലെങ്കില്‍ പോലും. ഉദാഹരണത്തിന്, ആണവ നിലയങ്ങളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും ശാസ്ത്ര നിര്‍മ്മിതമായ ഒരു പുതിയ പദാര്‍ഥമാണ്. ഭൂമിക്കടിയില്‍ പ്രത്യേക കവചത്തിനുള്ളില്‍ എന്നെന്നേക്കുമായി സൂക്ഷിക്കുക എന്ന താല്‍ക്കാലിക പോംവഴി മാത്രമേ അത് ഉയര്‍ത്തുന്ന റിസ്‌കുകള്‍ തടയാനായി ആണവ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളൂ. അതായത് റിസ്‌കുകളെ താല്‍ക്കാലിക മാര്‍ഗ്ഗങ്ങളിലൂടെ എങ്ങിനെയെങ്കിലും മാനേജു ചെയ്തു പോകാനേ ശാസ്ത്രത്തിന് കഴിയൂ. അവയ്ക്ക് പൂര്‍ണ്ണവും അന്തിമവുമായ പരിഹാരം കാണുക എന്നത് ശാസ്ത്രത്തിനു എളുപ്പമല്ല.

ആന്തണി ഗിഡന്‍സ്

അതേ സമയം തന്നെ, റിസ്‌കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ അവയുടെ വ്യാപ്തി, തീവ്രത എന്നിവ മനസ്സിലാക്കുന്നതിനു ആധുനിക ശാസ്ത്രത്തിന്റെ വിശകലന രീതികള്‍ തന്നെയാണ് സഹായകരമാവുന്നത്. പക്ഷെ, ശാസ്ത്ര വിദഗ്ധര്‍ക്ക് റിസ്‌കുകള്‍ പ്രധാനമാവുന്നത് അവ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഗണ്യമായ തോതിലെത്തുമ്പോള്‍ മാത്രമാണല്ലോ. അതിനു മുമ്പ്, ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന ഘട്ടത്തില്‍ റിസ്‌ക് ശാസ്ത്ര ചര്‍ച്ചയില്‍ കടന്നു വരുന്നതേയില്ല. ഒരു രാസവ്യവസായ ഫാക്റ്ററിയുടെ ചുറ്റുവട്ടത്തില്‍ താമസിക്കുന്നവരില്‍ രണ്ടോ മൂന്നോ പേര്‍ക്ക് കാന്‍സര്‍ വരുന്നത് ഫാക്റ്ററി ഉണ്ടാക്കുന്ന പരിസരദൂഷണം മൂലമാണെന്ന് ശാസ്ത്രീയ വിശകലന രീതികള്‍ ഉപയോഗിച്ചു വാദിക്കാനാവില്ല.

എന്നാല്‍ നാട്ടുകാര്‍ മിക്കപ്പോഴും ഫാക്റ്ററി നില്‍ക്കുന്ന പ്രദേശങ്ങളില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം പതിയെ വര്‍ദ്ധിച്ചു വരുന്നത് സൂക്ഷ്മമായി ശ്രദ്ധിക്കുകയും, അതിനു ഫാക്റ്ററിയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യും. റിസ്‌കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് ആദ്യം മനസ്സിലാക്കുന്നത് പ്രാദേശിക ജനങ്ങളായിരിക്കും എന്ന് ചുരുക്കം. എന്നാല്‍ അവര്‍ ഈ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ വിദഗ്ധര്‍ ആ സാധ്യത ശാസ്ത്രീയ വിശകലന രീതികള്‍ ഉപയോഗിച്ചു തള്ളിക്കളയുകയാണ് പതിവ്.

റിസ്‌കിന്റെ പ്രഭാവം ജനങ്ങളും വിദഗ്ദ്ധരും മനസ്സിലാക്കുന്നത് വ്യത്യസ്തമായ രീതികളിലാണ് എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. തന്റെ കുട്ടികളുടെ വിട്ടു മാറാത്ത ചുമയും തുമ്മലും ജലദോഷവും വായു മലിനീകരണം മൂലമാണെന്ന് വിദഗ്ധര്‍ അംഗീകരിക്കുന്നതിനും എത്രയോ മുന്‍പുതന്നെ ദല്‍ഹി നഗരത്തിലെ മാതാപിതാക്കള്‍ തിരിച്ചറിയുന്നുണ്ട്! ശാസ്ത്രീയ ഡാറ്റയിലധിഷ്ഠിതമായ വിദഗ്ധ വിശകലനവും ദൈനംദിന ജീവിത സാഹചര്യങ്ങളില്‍ റിസ്‌കുകള്‍ സ്വന്തം ശരീരത്തിലും ചുറ്റുപാടുകളിലും സൂക്ഷ്മമായി പ്രത്യക്ഷപ്പെടുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാധാരണക്കാരുടെ വിശകലനങ്ങളും മിക്കപ്പോഴും ചേര്‍ന്നുപോകാറില്ല എന്നതും സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നു.

സ്‌കോട്ട് ലാഷ്

റിസ്‌കുകള്‍ സാങ്കേതിക യുക്തിയും ( സാമൂഹിക യുക്തിയും (social rationality) തമ്മിലുള്ള പിളര്‍പ്പിന്റെ ആഴം കൂട്ടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, റിസ്‌കുകളുടെ പശ്ചാത്തലത്തില്‍ സാമൂഹിക യുക്തി സാങ്കേതിക യുക്തിയ്ക്ക് കീഴ്‌പ്പെടാന്‍ വിസമ്മതിക്കുന്നു. റിസ്‌കിനെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ വിവിധ ഭാഷകളിലേക്ക് പിരിഞ്ഞു പോകുന്നു. ഭാഷയെ കലക്കുന്ന ബാബേല്‍ ഗോപുരമായിട്ടാണ് റിസ്‌ക് പ്രത്യക്ഷപ്പെടുന്നത്. റിസ്‌കുകള്‍ വിലയിരുത്തുന്നതിലും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും ഉള്ള വിദഗ്ധരുടെ പരാജയത്തിലാണിത് കലാശിക്കുക.

പലപ്പോഴും ശാസ്ത്രജ്ഞര്‍ പ്രശ്‌നവിശകലനത്തിനു തയ്യാറാകുന്നതുതന്നെ ജനങ്ങളുടെ സമ്മര്‍ദ്ദം ഏറി വരുമ്പോള്‍ മാത്രമാണ്. റിസ്‌കുകളുടെ കാരണങ്ങള്‍ സംതൃപ്തികരമായി വിശദീകരിക്കുന്നതിനും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിനും ശാസ്ത്രത്തിനു പിടികൊടുക്കാത്ത റിസ്‌കുകളുടെ സ്വഭാവം വിദഗ്ധര്‍ക്ക് തടസ്സമാകുന്നു. അതിനാല്‍ തന്നെ വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള തങ്ങളുടെ അവഗാഹമനുസരിച്ച് വ്യത്യസ്തവും പലപ്പോഴും പരസ്പര വിരുദ്ധവുമായ വിശകലനങ്ങളായിരിക്കും ശാസ്ത്രജ്ഞര്‍ പുറപ്പെടുവിക്കുന്നത്. ഒരേ മേഖലയിലും ഒരേ ശാസ്ത്രസ്ഥാപനത്തിലും പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കിടയിലും ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തരത്തില്‍ ഉടലെടുക്കാറുണ്ട്. റിസ്‌കുകള്‍ക്ക് ശാസ്ത്രീയ വിശദീകരണം നല്‍കുന്നതിലുള്ള ഈ പരസ്പര വൈരുധ്യം പൊതുജനത്തിനു വിദഗ്ധരില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിനു കാരണമാവുന്നു.

തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന റിസ്‌കുകള്‍ക്ക് ശാസ്ത്ര വിദഗ്ധരുടെ കയ്യില്‍ പ്രതിവിധികള്‍ ഉണ്ട് എന്ന ജനങ്ങളുടെ വിശ്വാസത്തിന് അങ്ങനെ കാര്യമായ ഇടിവ് തട്ടുന്നു. റിസ്‌കുകള്‍ നേരിടേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമായി മാറുന്നതിനു സാങ്കേതിക-സാമൂഹിക യുക്തികളുടെ ചേര്‍ച്ചയില്ലായ്മ കാരണമായി തീരുന്നുണ്ട്. സ്വന്തം ശരീരത്തിലും താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും വിവിധ തരത്തില്‍ പ്രത്യക്ഷപ്പെടുന്ന റിസ്‌കുകളെ നേരിടുന്നതിന്റെ ചുമതല സ്വയം എറ്റെടുക്കേണ്ടതായി വരുന്നത് റിസ്‌കുകളെ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ രാഷ്ട്രീയം രൂപപ്പെടുന്നതിന് അങ്ങനെ കാരണമാവുന്നു. വ്യക്തിപരമായതും കൂട്ടായതുമായ ഏതൊരു തീരുമാനവും അവയുടെ റിസ്‌ക് സാധ്യതകളെ പരിഗണിക്കാതെ എടുക്കാന്‍ കഴിയാതെ വരുന്നു എന്നതാണ് ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി.

പനിക്കുള്ള മരുന്ന് കഴിക്കണമെങ്കില്‍ പോലും നമ്മള്‍ രണ്ടു വട്ടം പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കുന്നതും ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരെ സമീപിക്കുന്നതും ഇതിനാലാണ്. പാരിസ്ഥിതികമായ റിസ്‌കുകള്‍ സ്വന്തം ശരീരത്തില്‍ രോഗങ്ങളായി പ്രത്യക്ഷപ്പെടാനുള്ള സാധ്യത തിരിച്ചറിയുമ്പോള്‍ തന്നെ അവയ്ക്ക് പ്രതിവിധി കാണാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനുള്ള കഴിവിനെക്കുറിച്ചു ജനങ്ങള്‍ സംശയാലുക്കളാകുന്നത് റിസ്‌കിനെക്കുറിച്ചുള്ള ഈ പുതിയ അവബോധം കാരണമാണ്. അതുകൊണ്ടാണ് സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കാനായി നമ്മള്‍ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് ഓടുന്നതും രോഗത്തെക്കുറിച്ചു കൂടുതലറിയാന്‍ ഗൂഗിളില്‍ തിരയുന്നതും മറ്റും. ഡോക്ടര്‍ എന്ന വിദഗ്ധനു നമ്മുടെ ശരീരത്തെ വിട്ടുകൊടുക്കാന്‍ പഴയതുപോലെ നമ്മള്‍ തയ്യാറല്ല എന്നര്‍ത്ഥം.

പലരും ബദല്‍ വൈദ്യ ചികിത്സാ മാര്‍ഗങ്ങളിലേക്ക് തിരിയുന്നതും, ഒരു പടികൂടി കടന്ന് വ്യാജവൈദ്യന്മാരുടെ പുറകെ പോകുന്നതും ഒറ്റമൂലികളന്വേഷിക്കുന്നതും ഒക്കെ സയന്‍സിലുള്ള ഈ വിശ്വാസത്തകര്‍ച്ച മൂലമാണ്. മികച്ച ഭക്ഷണ ശീലങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വ്യായാമ രീതികളെക്കുറിച്ചും ഒക്കെ തീവ്രമാകുന്ന പൊതു ചര്‍ച്ചകള്‍ ഈ റിസ്‌ക് രാഷ്ട്രീയത്തിന്റെ വികാസത്തെയാണ് വെളിപ്പെടുത്തുന്നത്. ആരോഗ്യസംബന്ധമായ എത്ര മാസികളും ടെലിവിഷന്‍ പരിപാടികളുമാണ് ഇന്ന് മലയാളത്തിലുള്ളത്! നിത്യ ജീവിതത്തില്‍ എത്രയോ സമയമാണ് ആരോഗ്യസംരക്ഷണത്തെക്കുറിച്ചു വേവലാതിപ്പെടാന്‍ നമ്മള്‍ ചിലവാക്കുന്നത്!

വ്യക്തിപരമായ തലത്തില്‍ മാത്രമല്ലല്ലോ റിസ്‌കുകള്‍ക്കുള്ള സാദ്ധ്യതകള്‍. ഏതൊരു വികസന സംരംഭവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവാം എന്ന തിരിച്ചറിവ് ഇന്ന് സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. റിസ്‌ക് സാധ്യതകള്‍ സാമൂഹിക ജീവിതത്തിന്റെ അലകും പിടിയും മാറ്റാന്‍ കെല്‍പ്പുള്ളവയാണെന്ന ബോധം ഇന്ന് ജനത്തിനുണ്ട്. റിസ്‌കുകള്‍ സാമൂഹികമായ എല്ലാ പ്രക്രിയകളെയും ഉലയ്ക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. ആണവ നിലയങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളിലും നഗര മാലിന്യം കൊണ്ടുവന്ന് തള്ളുന്ന നാട്ടിന്‍പുറങ്ങളിലും രൂപപ്പെടുന്ന സാമൂഹിക സംഘര്‍ഷങ്ങള്‍ ഇതിനുദാഹരണമാണ്. ഈ ഗ്രാമങ്ങളിലേക്ക് മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തത് സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധി ഒരുദാഹരണം. ജാതിബദ്ധവും ലിംഗപദവീപരവുമായ വശങ്ങള്‍ റിസ്‌ക് എന്ന പ്രശ്‌നത്തിനുണ്ട്. റിസ്‌കുകളെ താല്‍ക്കാലികമായി പരിഹരിക്കുന്നതില്‍ വ്യക്തികളുടെ സാമ്പത്തികാവസ്ഥയും നിര്‍ണ്ണായകമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ചൂടു കൂടുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ കഴിയുന്നത് ധനികര്‍ക്ക് മാത്രമാണല്ലോ.

റിസ്‌ക് എന്ന അപരിഹാര്യമായ പ്രശ്‌നത്തെ കേന്ദ്രീകരിച്ചാണ് ഇന്ന് സമൂഹത്തിലെ എല്ലാ വ്യവഹാരങ്ങളും രൂപപ്പെടുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു “റിസ്‌ക് സമൂഹ”മായി (risk society) നമ്മള്‍ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. റിസ്‌ക് സമൂഹത്തിന് സയന്‍സിനോടുള്ള സമീപനം വളരെ വ്യത്യസ്തമാണ്. ശാസ്ത്ര വിദഗ്ധരുടെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ അവിടെ വിമര്‍ശനപരമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

വിദഗ്ധാഭിപ്രായത്തിനു റിസ്‌കുകളെ ശക്തമായി നേരിടാനും പൂര്‍ണമായി പരിഹരിക്കാനും കഴിവുണ്ടെന്ന് ജനങ്ങള്‍ ഇന്ന് വിചാരിക്കുന്നില്ല. റിസ്‌കുകള്‍ക്ക് പരിഹാരങ്ങള്‍ കാണുന്നതിലും അവ രൂപപ്പെടാനുള്ള സാധ്യതകള്‍ തിരിച്ചറിയുന്നതിലും വ്യക്തിപരമായി തനിക്കുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഇന്ന് അംഗീകരിക്കുന്നുണ്ട്. ഈ തിരിച്ചറിവ് പുതിയ സാമൂഹിക കൂട്ടായ്മകളുടെയും അടിത്തറയാവുന്നു. അതായത് റിസ്‌കുകളെ കേന്ദ്രീകരിച്ച് ഒരു പുതിയ രാഷ്ട്രീയം തന്നെ സമൂഹത്തില്‍ രൂപപ്പെടുന്നു. ഈ പുതിയ രാഷ്ട്രീയം ശാസ്ത്ര വിമര്‍ശനത്തെ അതിന്റെ കേന്ദ്രമാക്കുന്നു.

പരിസ്ഥിതി-വികസന പ്രതിസന്ധികളെക്കുറിച്ചുള്ള കോസ്റ്റ്-ബെനഫിറ്റ് വിശകലനങ്ങളുടെ ഒരു പ്രധാന പരിമിതി അത് ശാസ്ത്രത്തോടുള്ള ഈ മാറിയ ജനസമീപനത്തോട് തീര്‍ത്തും സംവദിക്കുന്നില്ല എന്നതാണ്. കേവല ശാസ്ത്രവാദത്തില്‍ ഊന്നി പരിസ്ഥിതി പ്രതിസന്ധികള്‍ പരിഹരിക്കാനാവില്ല എന്ന തിരിച്ചറിവ് സര്‍ക്കാരിനോ വിദഗ്ധര്‍ക്കോ ശാസ്ത്ര പ്രചാരകര്‍ക്കോ കേരളത്തില്‍ ഇന്നും കമ്മിയാണ്. എന്നാല്‍ അറിവിനെക്കുറിച്ചുള്ള ധാരണകളുടെ സമൂലമായ ഒരു പൊളിച്ചെഴുത്തില്‍ കൂടി മാത്രമേ പരിസ്ഥിതി പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് പതിയെ ആണെങ്കിലും ആഗോളതലത്തില്‍ ഇന്ന് രൂപപ്പെട്ടു വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

ആധുനിക ശാസ്ത്രത്തെ തള്ളിക്കളയുന്ന കേവല പരിസ്ഥിതി വാദത്തിനും അതിനെ അന്ധമായി സ്വീകരിക്കുന്ന കേവല ശാസ്ത്രവാദത്തിനും പകരം പാരിസ്ഥിതിക പ്രതിസന്ധികള്‍ പരിഹരിച്ച് ഭൂമിയുടെ മുറിവുകളുണക്കാന്‍ സഹായകരമായ അറിവിനെക്കുറിച്ചുള്ള ഒരു പുതിയ അന്വേഷണമാണ് രൂപപ്പെടേണ്ടത്. ഈ ദിശയിലുള്ള ചര്‍ച്ചകള്‍ക്ക് സഹായകരമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

മാല്‍ധാരികള്‍

അറിവ് എന്നതിനെ കൂടുതല്‍ വിശാലമായ ഒരു ഇടമായി കാണുക എന്നതാണ് ഏറ്റവും പ്രധാനം. അറിവ് ഏകാശിലാത്മകമല്ല. അത് വിവിധ ജ്ഞാനരൂപങ്ങളുടെ സഹജീവനമായി മാറേണ്ടതുണ്ട്. ആധുനിക ശാസ്ത്രം അതിന്റെ അഹംഭാവമുപേക്ഷിച്ച് ഈ വൈവിധ്യത്തിന്റെ ഭാഗമാകണം. റിസ്‌കുകളുടെ രൂപീകരണത്തിനുതന്നെ കാരണമായത് ആധുനിക ശാസ്ത്രത്തിന്റെ ആത്മവിമര്‍ശനത്തിനുള്ള കഴിവില്ലായ്മയാണ്. പാരിസ്ഥിതിക പ്രതിസന്ധികള്‍ നേരിടാന്‍ വേണ്ടത് വൈവിധ്യപൂര്‍ണമായ അറിവുകളുടെ പരസ്പര സഹകരണമാണ്. ശാസ്ത്ര വിദഗ്ധര്‍ക്ക് മാത്രമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. ശാസ്‌ത്രേതര ജ്ഞാനരൂപങ്ങള്‍, സാമൂഹികശാസ്ത്ര വൈദഗ്ധ്യം, തത്വചിന്ത എന്നിവയൊക്കെ ഒക്കെ സയന്‍സുമായി ജനാധിപത്യപരമായി കൈകൊര്‍ക്കുമ്പോഴേ മെച്ചപ്പെട്ട ജ്ഞാനാര്‍ജ്ജന സാദ്ധ്യതകള്‍ വിരിയൂ.

റിസ്‌കുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കേവലം പ്രകൃതിയെ സംബന്ധിക്കുന്നത് മാത്രമല്ല എന്നതുകൊണ്ട് കൂടിയാണ് അറിവിനെ സംബന്ധിച്ച ഈ പുതിയ ജനാധിപത്യ ശീലം ഏറ്റവും പ്രധാനമാകുന്നത്. പ്രകൃതി, സമൂഹം എന്നിവയ്ക്കിടയില്‍ നമ്മള്‍ സങ്കല്‍പിച്ചുറപ്പിച്ചു വെച്ചിട്ടുള്ള അതിര്‍വരമ്പുകളെ റിസ്‌കുകള്‍ തകര്‍ത്തുകളയുന്നു. ഉദാഹരണത്തിന്, ജീവജാലങ്ങളില്‍ ജനിതകമാറ്റം വരുത്താനുള്ള (Genetically Modified Organisms) സാങ്കേതിക കഴിവ് ജൈവപരവും പാരിസ്ഥിതികവും ധാര്‍മികവും രാഷ്ട്രീയപരവും സാമൂഹികവുമായ തലങ്ങള്‍ സങ്കീര്‍ണാമമ്യശ ഇടകലരുന്ന ഒന്നാണ്. ജനിതക ശാസ്ത്രത്തിന്റെ ഇടപെടലുകള്‍ പ്രകൃതി / സമൂഹം എന്ന ദ്വന്ദത്തെ കലക്കികളയുന്നു എന്ന് ചുരുക്കം.

എന്നാല്‍ താന്‍ സൃഷ്ടിക്കുന്ന അറിവുകളുടെ സമസ്ത തലങ്ങളെക്കുറിച്ചും ഉള്ള അറിവോ വൈദഗ്ധ്യമോ ഒരു ജനിതക ശാസ്ത്രജ്ഞന് ഉണ്ടാകുക എന്നത് അസാധ്യമാണു താനും. അതുകൊണ്ട് സയന്‍സിന്റെ അറിവുല്പാദനം അതിന്റെ ഉറവിടത്തില്‍ തന്നെ ജനിതക ശാസ്ത്രത്തിനു പുറത്തുള്ള വലിയ ഒരു കൂട്ടം വൈദഗ്ധ്യങ്ങളെ ആവശ്യപ്പെടുന്നുണ്ട്. ജനിതക ശാസ്ത്രം ജനിതക ശാസ്ത്രജ്ഞനു മാത്രമായി ഇനി മുതല്‍ കൈകാര്യം ചെയ്യാനാവില്ല എന്ന് ചുരുക്കം!

ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുന്ന ഒരു മാര്‍ഗം, ഉല്‍പാദിപ്പിക്കുന്ന അറിവുകളെ കൂടുതല്‍ വൈവിധ്യപൂര്‍ണ്ണമായ ഒരു സംഘം വിദഗ്ധര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തലാണ്. “Extended peer review method” എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവരുടെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷണങ്ങള്‍ വികസിപ്പിക്കുകയും അതിലൂടെ കൂടുതല്‍ സുസ്ഥിരതാക്ഷമതയുള്ള (sustainability potential) അറിവുകളും സാങ്കേതിക വിദ്യകളും നിര്‍മ്മിക്കുകയുമാണ് ഇവിടെ ഉന്നം വെയ്ക്കുന്നത്.

ശാസ്ത്രജ്ഞാനത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഇടപെടുക മാത്രമല്ല, റിസ്‌കുകളെ കൈകാര്യം ചെയ്യുന്നതിനും, അവയുടെ കൊടും സങ്കീര്‍ണതകള്‍ മനസ്സിലാക്കുന്നതിനും ഒരു അറിവ് കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇന്നുണ്ടാകുന്നുണ്ട്. പ്രകൃതിദുരന്ത നിവാരണ ശ്രമങ്ങളില്‍ പ്രാദേശിക സമൂഹത്തിന്റെ അനുഭവങ്ങളും അറിവുകളും ഇഴചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പരിപാലനത്തിലും ഇത്തരം പങ്കാളിത്ത ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗുജറാത്തിലെ ഗിര്‍വനത്തില്‍ സിംഹങ്ങളുടെ പരിപാലനത്തിനായി ആ വനമേഖലയില്‍ കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന മാല്‍ധാരികള്‍ (Maldharis) എന്ന ആദിവാസി സമൂഹത്തിന്റെ സജീവ അറിവു പങ്കാളിത്തം വനപാലന വിദഗ്ധര്‍ ഉപയോഗപ്പെടുത്തുന്നു എന്നത് ഒരുദാഹരണമാണ്.

അറിവിനെ സംബന്ധിച്ച വിശാലമായ സംവാദത്തിനുള്ള സാധ്യതകള്‍ സൃഷ്ടിക്കുകയും വിദഗ്ധര്‍ അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. തങ്ങളുടെ അറിവിന്റെ പരിമിതികള്‍ തിരിച്ചറിയുകയും പരസ്പര സംവാദത്തിന്റെ ജനാധിപത്യ സാധ്യതകളില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്ര സമൂഹം ഉണ്ടായി വരേണ്ടതുണ്ട്. ജനങ്ങളുയര്‍ത്തുന്ന വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സമീപിക്കാനും പ്രാദേശിക സമൂഹങ്ങളുടെ ഉള്‍ക്കാഴ്ചകളെയും അനുഭവങ്ങളെയും അറിവുകളെയും ഉള്‍ക്കൊള്ളാനും തയ്യാറായ വിദഗ്ധരാണ് ഇനി നമുക്കാവശ്യം.

ചുരുക്കിപറഞ്ഞാല്‍, ആധുനിക ശാസ്ത്രം കൂടുതല്‍ സ്വയം വിമര്‍ശനക്ഷമത ആര്‍ജ്ജിക്കുകയും ശാസ്ത്രജ്ഞര്‍ സയന്‍സിന്റെ ജ്ഞാനാര്‍ജ്ജനപരമായ പരിമിതികളെ കുറിച്ച് തിരിച്ചറിയുകയും ചെയ്ത്, അറിവുനിര്‍മ്മാണത്തെ സംബന്ധിച്ച ഒരു പുതിയ ജനാധിപത്യ സങ്കല്‍പത്തിന്റെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായാല്‍ മാത്രമേ ഭൂമിയില്‍ ജീവന്റെ ജൈവപരവും സാംസ്‌കാരികവുമായ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ.

തുടര്‍ വായനയ്ക്ക്

George Zachariah 2014. Alternatives Unincorporated: Earth Ethics from the Grassroots. Routledge, Oxon and New York.

Rajeswari S. Raina 2015. Science, Technology and Development in India: Encountering Values. Orient Blackswan, Hyderabad.

Sheila Jasanoff 2007. “Technologies of Humility”, Nature, vol. 450, 1 November 2007, p. 33.

Ulrich Beck 1992. Risk Society: Towards a New Modernity. Translated by Mark Ritter. Sage Publications, London.

ഡോ. ഷിജു സാം വറുഗീസ്

ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

We use cookies to give you the best possible experience. Learn more