ദൈവശാസ്ത്രത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍
Opinion
ദൈവശാസ്ത്രത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍
ഡോ. ഷിജു സാം വറുഗീസ്
Wednesday, 30th May 2018, 7:54 pm

സെക്യുലറിസം എന്ന ആശയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ നങ്കൂരമിട്ടിരിക്കുന്നത് സമ്പൂര്‍ണമായ മതനിഷേധമാണ് ജനാധിപത്യ ജീവിതത്തിന്റെ അടിസ്ഥാനമാവേണ്ടത് എന്ന ചിന്തയിലാണ്. തന്മൂലം മതവിശ്വാസികളെ നമ്മള്‍ സംശയദൃഷ്ടിയോടെയാണ് നോക്കുക. ഏതു നിമിഷവും പുറത്തു ചാടാന്‍ സാധ്യതയുള്ള ഒരു തീവ്രവാദി / ജനാധിപത്യവിരുദ്ധ(ന്‍)/ മനുഷ്യമൃഗം വിശ്വാസിയുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്നു എന്ന ചിന്ത അങ്ങനെയാണ് ശക്തമാവുന്നത്.

എന്നാല്‍, മത വര്‍ഗീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും പദ്ധതികളെയും (പ്രത്യേകിച്ചും ഹിന്ദുത്വയെ) പരാജയപ്പെടുത്താന്‍ സെക്യുലറിസത്തിന് എത്രത്തോളം ശക്തിയുണ്ട്?. മതത്തെ ലിബറല്‍ ജനാധിപത്യത്തിന്റെ സെക്യുലര്‍ ധാരണകള്‍ വെച്ച് എതിര്‍ത്തു കൊണ്ടേയിരിക്കുന്നതാണോ വര്‍ഗീയതയ്ക്കുള്ള മറുമരുന്ന്?

മതമെന്ന പ്രതിഭാസത്തെ മനസിലാക്കുന്നതില്‍ സെക്യുലറിസം എന്ന പ്രത്യയശാസ്ത്രം ഇന്നത്തെ നിലയില്‍ തികഞ്ഞ പരാജയമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ലിബറല്‍ – സെക്യുലര്‍ ജനാധിപത്യവാദിയുടെ മുമ്പില്‍ മതമെന്ന “പ്രശ്‌ന”ത്തെ നേരിടുന്നതിനായി രണ്ട് സാധ്യതകളാണ് ഇക്കാലത്തുള്ളത്

 

 മതത്തെ, അതിന്റെ വിവിധ രൂപങ്ങളെ, എതിര്‍ക്കുക; പകരം ശാസ്ത്രീയ യുക്തിയെന്ന അളവുകോല്‍ സ്വീകരിക്കുക. മതവിശ്വാസികളെ അവരുടെ ചിന്തയുടെ അയുക്തികള്‍ പറഞ്ഞു മനസിലാക്കാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചുകൊണ്ടേയിരിക്കുക. മതത്തെ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രമായി കാണുക.

ജമ്മുവില്‍ ക്ഷേത്ര സന്നിധാനത്ത് നടന്ന നാടോടി പെണ്‍കുട്ടിയുടെ ക്രൂരമായ വംശീയ കൊലപാതകം “നിങ്ങളുടെ ദൈവം എവിടെപ്പോയിരുന്നു?” എന്ന പരിഹാസത്തിനുള്ള സന്ദര്‍ഭമായി യുക്തിവാദികള്‍ കാണുന്നത് ഈ പരിപ്രേക്ഷ്യത്തില്‍ നിന്നാണ്.

  മതവിശ്വാസികളോട് അനുകമ്പാപരമായ മൃദു സമീപനം സ്വീകരിക്കുക. മതത്തെ വ്യക്തിപരമായ കാര്യമായി കാണുക. പക്ഷേ പൊതുജീവിതത്തില്‍ മതവിശ്വാസത്തിന്റെ പ്രകാശനം ഉണ്ടായാല്‍ അതിനെ സംശയപൂര്‍വ്വം വീക്ഷിക്കുക. മൗലിക-തീവ്രസ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മതകീയതയെ തുറന്നെതിര്‍ക്കുക. തിരഞ്ഞെടുത്ത മതാനുഷ്ഠാനങ്ങളെ “സാംസ്‌കാരികത”യായി അംഗീകരിക്കുക (തൃശുര്‍ പൂരവും തെയ്യവും ഉദാഹരണങ്ങള്‍. സാരി ഉത്തമ വസ്ത്രവും പര്‍ദ തടവറയും ആകുന്നതും ഇങ്ങനെയാണ്).

ഈ വീക്ഷണം പേറുന്നവരില്‍ പലരും വ്യക്തി ജീവിതത്തില്‍ ദൈവവിശ്വാസികളാണ്. പക്ഷേ അതിന്റെ പ്രകടനപരമായ അംശങ്ങള്‍ പൊതുജീവിതത്തില്‍ അവര്‍ ഒഴിവാക്കുന്നു. കാരശേരി മാഷിന്റെ ഇസ്ലാം വിമര്‍ശനം ഇതിന് നല്ല ഉദാഹരണമാണ്. കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി (?) ലഭിക്കുന്നതു വരെ അമ്പലത്തിന്റെ പടി ചവിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നതും ഈ മനോഭാവത്തില്‍ നിന്നാണ്.

 

മതത്തെക്കുറിച്ചുള്ള ഈ രണ്ട് വീക്ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസവുമായി സര്‍ഗാത്മകമായി ഇടപെടുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഒരു വിശ്വാസിയുടെ പ്രവൃത്തികള്‍ ദൈവശാസ്ത്രപരമായ ധാരണകളില്‍ ഉറപ്പിക്കപ്പെട്ടവയാണ്. അവര്‍ ദൈവശാസ്ത്ര യുക്തി ഉപയോഗിച്ച് ചിന്തിക്കുന്നുമുണ്ട്. പക്ഷേ ലിബറല്‍ (സെക്യുലര്‍) ജനാധിപത്യവാദികള്‍ക്ക് ദൈവശാസ്ത്രം മനസ്സിലാവില്ല എന്നതിനാല്‍ മത വിശ്വാസികളുമായി ക്രിയാത്മകമായ ഒരു ഇടപെടലും സാധ്യമല്ലാതായി മാറുന്നു. ദൈവശാസ്ത്രത്തിന്റെ രീതികളും സംവര്‍ഗങ്ങളും സങ്കല്പനങ്ങളും ഉപയോഗിച്ച് മതപരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകവഴി മാത്രമേ വിശ്വാസികളെ അഭിമുഖീകരിക്കാനാവൂ.

വര്‍ഗീയതയ്‌ക്കെതിരെ ഉണ്ടാകേണ്ടത് പുത്തന്‍ ദൈവശാസ്ത്രങ്ങളാണ്, അന്ധമായ മതവിരുദ്ധതയല്ല. ഉദാഹരണത്തിന്, മഹാ പിന്തിരിപ്പനായ ഔദ്യോഗിക ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിന്റെ കാറ്റഴിച്ചുവിട്ട പുതിയ വിശ്വാസ ചിന്തകളായിരുന്നു ഫെമിനിസ്റ്റ്, ദളിത്, പരിസ്ഥിതി ദൈവശാസ്ത്രങ്ങള്‍. ഇത്തരം പുതിയ ദൈവശാസ്ത്രധാരകളാവട്ടെ പരസ്പരം വിമര്‍ശിച്ച്, കലഹിച്ചും കൈകോര്‍ത്തും ഒരു ജനാധിപത്യ ഇടം സഭയ്ക്കുള്ളില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

മതവിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ഇത്തരം ദൈവശാസ്ത്രങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയിലേക്കാണ് ഏതു മതത്തിലും ജനാധിപത്യവിരുദ്ധമായ ആശയങ്ങള്‍ തള്ളിക്കയറി വരുന്നത്. അതായത്, മതവിശ്വാസത്തെ ഗൗരവപരമായ ഒരു രാഷ്ട്രീയ സാധ്യതയായി തിരിച്ചറിയുകയും അവിടെ സര്‍ഗാത്മകമായ ദൈവശാസ്ത്ര-ഇടപെടലുകള്‍ നടത്തുകയുമാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. ഇത്തരം ശ്രമങ്ങള്‍ ചെറിയ തോതിലെങ്കിലും എല്ലാ മതങ്ങളിലും നടക്കുന്നുണ്ട്. പക്ഷേ അത്തരം ധാരകളെ തിരിച്ചറിയുന്നതില്‍ ലിബറല്‍-സെക്യുലര്‍ ജനാധിപത്യവാദികള്‍ സമ്പൂര്‍ണ പരാജയമാണ്. അവര്‍ക്കത് മനസിലാവുന്നില്ലെങ്കിലും.

 

വിശ്വാസമെന്ന വ്യവഹാര മണ്ഡലത്തിനുള്ളിലുള്ള ദൈവശാസ്ത്രപരമായ ഇടപെടലുകള്‍ എല്ലാ മതങ്ങളിലും നിരന്തരം സംഭവിക്കേണ്ട ഒരു പ്രക്രിയയാണ്. മതഗ്രന്ഥങ്ങളെ പുനര്‍വായനയ്ക്ക് വിധേയമാക്കല്‍, ആചാരാനുഷ്ഠാനങ്ങളുടെ കാലികമായ പരിഷ്‌കരണം, വിശ്വാസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ച, വിശ്വാസത്തിലധിഷ്ഠിതമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവയെല്ലാം ദൈവശാസ്ത്രപരമായ അന്വേഷണങ്ങളുടെ ഭാഗമാണ്.

എന്നാല്‍, മതങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ദൈവശാസ്ത്ര സംവാദങ്ങളും ഇടപെടലുകളും അങ്ങേയറ്റം പ്രധാനമായിരിക്കുമ്പോള്‍ തന്നെ ദൈവശാസ്ത്രങ്ങള്‍ സെക്യുലറിസത്തിന്റെ പ്രത്യയശാസ്ത്ര മേല്‍നോട്ടത്തിനനുസരിച്ച് സ്വയം പരിമിതപ്പെടുത്തുകയും പരുവപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ലിബറല്‍ ദൈവശാസ്ത്രങ്ങളുടെ പൊതു പ്രതിസന്ധിയാണിത്.

ആധുനിക ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമെന്ന നിലയില്‍, സെക്യുലറിസം മതാത്മകതയെ ഒരു പ്രത്യേക രീതിയില്‍ നിര്‍വ്വചിച്ചു രൂപപ്പെടുത്തുകയായിരുന്നു എന്ന തിരിച്ചറിവ് ലിബറല്‍ ദൈവശാസ്ത്രത്തിന്റെ ഈ പ്രതിസന്ധിയെ മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കും. മതത്തെ സമ്പൂര്‍ണ്ണമായി നിരാകരിക്കുന്നു എന്നതിനേക്കാള്‍ സെക്യുലറിസം ചെയ്യുന്നത് മതാത്മകതയെ സവിശേഷ രീതികളില്‍ പരുവപ്പെടുത്തി എടുക്കലാണ്. അങ്ങനെ, വിശ്വാസത്തിന്റെ മണ്ഡലത്തില്‍ ഒതുങ്ങി നിന്ന്, സെക്കുലറിസ്റ്റ് മൂല്യങ്ങളാല്‍ പ്രചോദിതമായി, മതനവീകരണമെന്ന പദ്ധതിയിലൂടെ മാത്രം ആവിഷ്‌കരിക്കപ്പെടേണ്ട ഒന്നായി മതത്തെ കാണുന്നത് (“”സ്വയം നവീകരിക്കപെട്ടു “നമ്മളെ” പോലെയാവേണ്ട മുസ്ലീം”” എന്ന പൊതു ധാരണ ഈ പദ്ധതിയുടെ ഉല്‍പ്പന്നമാണ്) സൂക്ഷ്മമായ ഒരു പ്രത്യശാസ്ത്ര ഇടപെടലായി കാണേണ്ടി വരുന്നു.

 

ലിബറല്‍ ദൈവശാസ്ത്രങ്ങള്‍ സെക്കുലറിസത്തിന്റെ ഈ കുടുക്കില്‍ വീണു പോകുന്നുണ്ട് എന്നതാണ് അവയുടെ പ്രതിസന്ധി. മതമെന്ന പ്രശ്‌നത്തില്‍ നിന്നും ദൈവവിശ്വാസത്തെ വേര്‍പെടുത്തി നവീകരിക്കുകയും അതിനെ “യഥാര്‍ത്ഥ” (അതായത്, സെക്യുലര്‍ എന്നു മനസ്സിലാക്കപ്പെടുന്ന) രാഷ്ട്രീയ പ്രക്രിയകളോടു സംവദിക്കുന്നതാക്കി മാറ്റുകയും ചെയ്യുക എന്നത് ലിബറല്‍ ദൈവശാസ്ത്രങ്ങളുടെ പ്രധാന ഊന്നലാണ്. മതം രാഷ്ട്രീയവുമായി ഇടപെടുന്നതിലെ (തികച്ചും ആധുനികമായ) സംഘര്‍ഷങ്ങളെ പരിഹരിക്കുന്നതിലും, മതത്തെ സെക്യുലര്‍ സമൂഹത്തിലെ നിര്‍ദോഷകരമായ ഒരു സ്ഥാപനമായി പരുവപ്പെടുത്തുന്നതിലും ലിബറല്‍ ദൈവശാസ്ത്രങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

വിമോചന ദൈവശാസ്ത്രങ്ങള്‍, ദളിത്-സ്ത്രീവാദ ദൈവവിജ്ഞാനീയങ്ങള്‍ എന്നിവയൊക്കെ ഈ കുടുക്കില്‍ അറിയാതെ ചെന്നുചാടുന്നുണ്ട്. ദൈവശാസ്ത്രങ്ങളുടെ ഊന്നലുകള്‍, പൊതുജീവിതത്തിലെ വിശ്വാസ പ്രകാശനങ്ങള്‍, മതാത്മക തന്മകളുടെ നിര്‍മ്മാണം എന്നിവയെ എല്ലാം സെക്യുലറിസമെന്ന പ്രത്യയശാസ്ത്രം ആഴത്തില്‍ നിര്‍ണ്ണയിക്കുന്നു എന്നാണിതിന്റെ അര്‍ത്ഥം.

മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പൊതു ആവിഷ്‌ക്കാരങ്ങളെ മാര്‍ദവപ്പെടുത്തിയെടുത്ത് പൊതു ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഈ വിശാല രാഷ്ട്രീയ പദ്ധതി മതത്തിനുള്ളിലും പുറത്തും ഒരേപോലെ പ്രവര്‍ത്തനക്ഷമമാകുന്ന ഒന്നാണ്. മതവിമര്‍ശനത്തിലൂന്നുന്ന യുക്തിവാദവും മതങ്ങളുടെ ആന്തരിക നവീകരണത്തില്‍ ശ്രദ്ധിക്കുന്ന ദൈവശാസ്ത്ര സമീപനങ്ങളും ഒരര്‍ത്ഥത്തില്‍ പരസ്പര ബന്ധിതമായ ധര്‍മ്മമാണ് സെക്യുലര്‍ സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നത് എന്നു ചുരുക്കം.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്; സെക്യുലറിസം അടിസ്ഥാനമാകുന്ന ലിബറല്‍ ജനാധിപത്യ വ്യവസ്ഥയുടെ ആധാരം അത് വിമര്‍ശിക്കുകയും പരുവപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിക്കുന്ന മതചിന്ത തന്നെയാണ്. “സെക്യുലര്‍” എന്ന് നമ്മള്‍ അടയാളപ്പെടുത്തുന്ന, മതനിരപേക്ഷമായ രാഷ്ട്രീയ മണ്ഡലത്തിലെ ഭാഷ, സങ്കല്‍പനങ്ങള്‍ എന്നിവയുടെ ഉറവിടം പൊതുവേ ദൈവചിന്തയാണ് എന്നാണ് ഇവിടെ വിവക്ഷ. സെക്യുലറിസം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ചെയ്തത് ദൈവശാസ്ത്രപരമായ സങ്കല്‍പനങ്ങളെയും സ്ഥാപനങ്ങളെയും അപവിത്രീകരിച്ച് മതത്തില്‍ നിന്നും വേര്‍പെടുത്തുകയായിരുന്നു. ദൈവശാസ്ത്ര പരികല്‍പനകളെ പരിഷ്‌കരിച്ച് മതേതരമായി അവതരിപ്പിക്കുകവഴി അവയുടെ വിശ്വാസപരമായ അര്‍ത്ഥതലങ്ങളെ മറച്ചു വെയ്ക്കുകയാണ് ഈ പ്രക്രിയ ചെയ്തത്.

 

അതായത്, ലിബറല്‍ രാഷ്ട്രീയ ചിന്തയുടെ ജ്ഞാനസിദ്ധാന്തപരമായ അടിസ്ഥാനം ജൂത-ക്രിസ്ത്യന്‍ ദൈവശാസ്ത്രമാണ്. കാള്‍ മാര്‍ക്‌സ് ഉള്‍പ്പടെയുള്ള ദാര്‍ശനികരുടെ രാഷ്ട്രമീമാംസയില്‍ ദൈവശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ ഉള്ളടങ്ങിയിരിക്കുന്നു എന്നാണിതിനര്‍ത്ഥം. ഒപ്പം, രാഷ്ട്രീയ മണ്ഡലത്തിലെ പ്രയോഗങ്ങളും സ്ഥാപനകളും ദൈവശാസ്ത്രപരമായ അര്‍ത്ഥതലങ്ങള്‍ ഉള്‍പ്പേറുന്നവയാണ് എന്നും. എന്നാല്‍ സെക്യുലര്‍ രീതിശാസ്ത്രങ്ങള്‍ രാഷ്ട്രീയതയുടെ ദൈവശാസ്ത്രപരമായ ഈ വശം കാണുന്നതില്‍ പരാജയപ്പെട്ടുപോയി.

രാഷ്ട്രീയ ചിന്തയും പ്രയോഗവും ദൈവശാസ്ത്രപരമാണ് എന്ന രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ (Political Theology) തിരിച്ചറിവ് രാഷ്ട്രീയത്തെ മതത്തില്‍ നിന്നും വേര്‍പെടുത്തുന്ന സെക്കുലറിസ്റ്റ് സമീപനത്തിന് എതിരായ സെക്കുലറാനന്തര (post-secular) ചിന്തയാണ്. ഇന്ന് രാഷ്ട്രീയ തത്വചിന്തയുടെ (political philoosphy) അവിഭാജ്യ ഘടകമാണ് രാഷ്ട്രീയ ദൈവശാസ്ത്രം.

ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം. “സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍” (ബ്യൂറോക്രാറ്റ്) എന്ന സങ്കല്പത്തെ ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജ്യോ അഗംബന്‍ (Giorgio Agamben) രാഷ്ട്രീയ ദൈവശാസ്ത്രപരമായി പരിശോധിക്കുന്നുണ്ട് (The Kingdom and the Glory: For a Theological Genealogy of Economy and Government, Stanford University Press, 2011). ക്രിസ്ത്യന്‍-ജൂത-ഇസ്ലാമിക ദൈവശാസ്ത്ര സങ്കല്പമായ മാലാഖമാരില്‍ നിന്നാണ് ഈ ആശയത്തിന്റെ തുടക്കം. സ്രഷ്ടാവായ ദൈവമെന്ന പരികല്പനയുടെ (the Gnostic God) പരിമിതിയെക്കുറിച്ചുള്ള സെമിറ്റിക് ദൈവശാസ്ത്ര വ്യഥകളില്‍ നിന്നാണ് മാലാഖമാരുടെ ഉത്ഭവം.

ജോര്‍ജ്യോ അഗംബന്‍

ദൈവം സ്രഷ്ടാവാണ് എന്ന ദൈവശാസ്ത്ര പ്രസ്താവന, സൃഷ്ടിക്കപ്പെട്ട ലോകത്തില്‍ നിന്നും പിന്‍വാങ്ങിയ, സൃഷ്ടി പ്രക്രിയയ്ക്കു ശേഷം നിഷ്‌ക്രിയനായ ദൈവത്തെയാണല്ലോ (transcendental God) സൂചിപ്പിക്കുന്നത്. അപ്പോള്‍ സൃഷ്ടിയുടെ പരിപാലനം എങ്ങിനെയാണ് നിര്‍വ്വഹിക്കപ്പെടുന്നത് എന്ന് എങ്ങനെ വിശദീകരിക്കാനാകും എന്നതായിരുന്നു ദൈവശാസ്ത്ര കീറാമുട്ടി. ഈ പ്രതിസന്ധി പരിഹരിക്കാനായി പിന്നീട് നടന്ന സൈദ്ധാന്തിക ഇടപെടലാണ് “ലോക പരിപാലകനായ ദൈവം” (immanent God) എന്ന സങ്കല്പത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍.

സൃഷ്ടി, പരിപാലനം എന്നീ പരസ്പര വിരുദ്ധമായ ദൈവശാസ്ത്ര പരികല്പനകളെ ഏക ദൈവത്തില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് “മാലാഖവൃന്ദം” രംഗ പ്രവേശം നടത്തുന്നത്. ലോകത്തിന്റെ പരിപാലനം (divine government of the world) ഒരു നിരന്തര പ്രവര്‍ത്തനമാണ്. അതു കൊണ്ട് സ്രഷ്ടാവായ ദൈവത്തിന് തന്റെ സൃഷ്ടിയുടെ പരിപാലനത്തിന് നിര്‍വ്വാഹകരില്ലാതെ വയ്യ. സ്രഷ്ടാവിനു വേണ്ടി ഇക്കാര്യം ഭംഗിയായി നിര്‍വ്വഹിക്കുന്നത് മാലാഖ വൃന്ദമാണ്. അവരാണ് ദൈവത്തിന്റെ കാര്യകര്‍ത്താക്കള്‍! അങ്ങനെ ലോക പരിപാലനത്തിനായി മറ്റൊരു ദൈവത്തിന്റെ ആവശ്യകത റദ്ദാക്കപ്പെടുന്നു (ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിലെ ത്രിത്വ സങ്കല്പം പില്‍ക്കാലത്ത് ഇതേ പ്രശ്‌നം കൂടുതല്‍ ഫലപ്രദമായി പരിഹരിക്കുന്നതിനായി വികസിപ്പിക്കപ്പെട്ടതാണ്).

മാലാഖ വൃന്ദത്തിന്റെ അപവിത്രീകൃതമായ സെക്കുലര്‍ രൂപമാണ് ബ്യൂറോക്രസി. മാലാഖമാരെക്കുറിച്ചുള്ള ദൈവശാസ്ത്ര വിചിന്തനത്തിന്റെ (angelology) സങ്കീര്‍ണതകള്‍ മനസിലാക്കാതെ അധികാര പരിപാലനത്തിന്റെ ആന്തരിക രഹസ്യങ്ങളോ ഉദ്യോഗസ്ഥ വൃന്ദത്തിന് പരമാധികാരവുമായുള്ള ചാര്‍ച്ചയോ ചിന്തയ്ക്ക് വഴങ്ങില്ല എന്നതാണ് പ്രശ്‌നം. അതിനാല്‍, പരമാധികാരം, ഭരണകൂടം, നിയമം, ഭരണീയത തുടങ്ങിയ പരികല്പനകളുടെ താത്വിക സങ്കീര്‍ണതകള്‍ മനസിലാക്കണമെങ്കില്‍ രാഷ്ട്രീയത്തെ ദൈവശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതുണ്ട്.

 

സെക്കുലര്‍ ജീവിതത്തിന്റെ ഊടും പാവും ദൈവശാസ്ത്ര വ്യവഹാരങ്ങളാണ് എന്ന തിരിച്ചറിവ് അവയുടെ വിമര്‍ശനത്തിലൂന്നുന്ന പുത്തന്‍ ദൈവശാസ്ത്രങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടേ സാമൂഹിക ജീവിതത്തെ അഴിച്ചുപണിയാനാവൂ എന്ന് സൂചിപ്പിക്കുന്നു. മതാത്മകത/സെക്യുലര്‍ ജീവിതം എന്ന ദ്വന്ദത്തിലുറച്ചുപോയ വിചാര നങ്കൂരങ്ങള്‍ അതിനു തടസ്സമാണ്.

ഹൈന്ദവ ദൈവശാസ്ത്രങ്ങള്‍ സെമിറ്റിക് ദൈവവിജ്ഞാനീയങ്ങളോടൊപ്പം ശക്തമായി ഇഴചേര്‍ന്നാണ് ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തിന്റെ ദൈവശാസ്ത്രപരമായ അടിയൊഴുക്കുകളെ വിമര്‍ശന വിധേയമാക്കിക്കൊണ്ടേ രാഷ്ട്രീയ ചിന്തയും ഇടപെടലുകളും നടത്താനാവൂ എന്ന് നമ്മള്‍ തിരിച്ചറിയണം. ഈ തിരിച്ചറിവില്ലായ്മയുടെ സെക്കുലര്‍ വിള്ളലുകളിലേക്കാണ് ഹിന്ദുത്വയെന്ന പ്രതിലോമകരമായ ദൈവശാസ്ത്രം അപകടകരമായി ഇരച്ചുകയറുന്നത്. അതുകൊണ്ട് ഇന്ത്യന്‍ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള രാഷ്ടീയ ദൈവശാസ്ത്രപരമായ വിമര്‍ശത്തിന് തുടക്കമിട്ടും ബദല്‍ ദൈവശാസ്ത്ര വ്യവഹാരങ്ങള്‍ നിര്‍മ്മിച്ചും കൊണ്ടേ വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കാനാവൂ.

ഇന്ത്യന്‍ സാഹചര്യങ്ങളോടുള്ള താത്വികവിമര്‍ശം രാഷ്ട്രീയ ദൈവശാസ്ത്രത്തില്‍ ഊന്നേണ്ടതുണ്ടെന്ന ഈ ഉള്‍ക്കാഴ്ച നമ്മള്‍ക്ക് പണ്ടേ പകര്‍ന്നു തന്നവരാണ് ശ്രീ നാരായണ ഗുരുവും പൊയ്കയില്‍ അപ്പച്ചനും (ശ്രീ കുമാര ഗുരുദേവന്‍) ബാബാസാഹേബ് അംബേദ്കറും. ജാതിവ്യവസ്ഥയെന്ന ദൈവശാസ്ത്ര നിര്‍മ്മിതിയോടുള്ള വിമര്‍ശനമായിരുന്നു ഈ രാഷ്ട്രീയ ദൈവശാസ്ത്രജ്ഞരുടെ ചിന്തയുടെ കാതല്‍. എന്നാല്‍ മൂന്നു വ്യത്യസ്ത ദൈവശാസ്ത്ര സമീപനങ്ങളായിരുന്നു ഇവര്‍ സ്വീകരിച്ചത്.

 

നാരായണ ഗുരു ജാതിവ്യവസ്ഥയ്ക്ക് താങ്ങും തണലുമായി നിന്നിരുന്ന അദ്വൈത ചിന്തയെ (ബ്രഹ്മം ഏക സത്യവും ജഗത്ത് മിഥ്യയുമായതിനാല്‍ ജാതീയത ഉള്‍പ്പടെയുള്ള ഇഹപരമായ അനീതികളെ എതിര്‍ക്കേണ്ടതില്ലല്ലോ) അവര്‍ണ ചിന്താ പാരമ്പര്യങ്ങളുമായി ചേര്‍ത്ത് ജാതിവിരുദ്ധമായ ഒരു ഹൈന്ദവ ദൈവശാസ്ത്രം നിര്‍മ്മിച്ചെടുക്കുകയും ജാതി വിമര്‍ശനത്തെ അതിന്റെ സാമൂഹിക പ്രയോഗമാക്കുകയും ചെയ്തു. പൊയ്കയില്‍ അപ്പച്ചനാവട്ടെ കേരളത്തിലെ ക്രൈസ്തവ സഭകള്‍ ബ്രാഹ്മണിസത്തെ/ജാതീയതയെ അവരുടെ ദൈവശാസ്ത്ര വ്യവഹാരങ്ങളുടെ ഭാഗമായി സ്വാംശീകരിച്ചിരിക്കുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്ന് അടിമജാതികളുടെ സാമൂഹികാനുഭവങ്ങളില്‍ ജ്ഞാനസിദ്ധാന്തപരമായി വേരാഴ്ത്തി നില്‍ക്കുന്ന ഒരു പുതിയ ദൈവശാസ്ത്രവും മതാനുഭവവും സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്.

രണ്ടു ഗുരുക്കളുടെയും സാമൂഹിക വിമര്‍ശനം മതത്തെ സെക്യുലറിസത്തിനനുസൃതമായി പരിഷ്‌കരിക്കുന്ന ലിബറല്‍ ദൈവശാസ്ത്രത്തിന്റെ വഴിയായിരുന്നില്ല; മറിച്ച്, ആധുനിക സാമൂഹിക ജീവിതത്തിന്റെ ആധാരശിലയായ ബ്രാഹ്മണ മത ദര്‍ശനത്തെ തകര്‍ത്തുകളയാന്‍ കെല്‍പ്പുറ്റ പുതിയ ദൈവശാസ്ത്രങ്ങളെ രൂപപ്പെടുത്തി, അവയിലൂന്നി നിന്നുകൊണ്ട് സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ അലകും പിടിയും മാറ്റുകയായിരുന്നു അവര്‍. രാഷ്ട്രീയ ദൈവശാസ്ത്രമായിരുന്നു അവരുടെ ചിന്തയുടെ ഭൂമിക.

ഡോ. അംബേദ്കര്‍ സ്വീകരിച്ചത് രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ തന്നെ മൂന്നാമതൊരു വഴിയാണ്. ആധുനിക ഇന്ത്യന്‍ ജീവിതത്തിന്റെ അടിസ്ഥാനമായ ജാതിവ്യവസ്ഥയുടെ നിശിത വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതിയുടെയും കാതല്‍. ജാതിവ്യവസ്ഥയുടെ സാമൂഹികശാസ്ത്രപരമായ വിമര്‍ശനത്തിലൂന്നുന്നതിനോടൊപ്പം അതിന് താത്വിക സാധൂകരണം നല്‍കുന്ന ബ്രാഹ്മണിക ദൈവശാസ്ത്രത്തെ ദാര്‍ശനികമായി ആക്രമിക്കേണ്ടതുണ്ട് എന്നദ്ദേഹം തിരിച്ചറിഞ്ഞു. ലിബറല്‍ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന സെക്കുലര്‍ രാഷ്ട്രീയ തത്വചിന്തയുടെ തന്നെ പരിമിതികളെക്കുറിച്ചുള്ള വിമര്‍ശം രൂപപ്പെടുത്തുന്നതിലേക്ക് ഇതദ്ദേഹത്തെ പില്‍ക്കാലത്ത് നയിക്കുന്നതായി കാണാം.

 

ബ്രാഹ്മണിക ദൈവശാസ്ത്രത്തെ വിമര്‍ശിക്കുക മാത്രമല്ല, ജാതി നിര്‍മ്മൂലനത്തിനായി ഒരു ബദല്‍ ദൈവശാസ്ത്രം നിര്‍മ്മിക്കേണ്ടതുമുണ്ട് എന്ന നിലപാടിലേക്ക് ജീവിതസായാഹ്നത്തില്‍ അദ്ദേഹം എത്തിച്ചേരുന്നു. സാഹോദര്യം, സ്വാതന്ത്ര്യം, സമത്വം എന്നിവയില്‍ ഒരേപോലെ ഊന്നുന്ന ഒരു പുതിയ സമഷ്ടിയുടെ (communtiy) നിര്‍മ്മാണത്തിനുള്ള പശയായിട്ടാണ് മതാത്മകതയെ അംബേദ്കര്‍ കാണുന്നത്. ഈ ദിശയിലുള്ള അദ്ദേഹത്തിന്റെ ദൈവശാസ്ത്രാന്വേഷണങ്ങള്‍ അവസാനിക്കുന്നത് ഒരു പുതിയ ബുദ്ധ മാര്‍ഗ്ഗത്തെ വികസിപ്പിച്ചെടുക്കുന്നതിലാണ്. ബുദ്ധനും ധമ്മവും (The Buddha and His Dhamma, 1956) എന്ന, താന്‍ അവസാനമെഴുതി പൂര്‍ത്തീകരിച്ച ഗ്രന്ഥം അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുടെ ആഴംകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു.

ഈശ്വരന്‍ എന്ന പരമാധികാര തത്വത്തിലും പരലോകോന്മുഖമായ ആത്മീയതയിലും ഉറപ്പിക്കപ്പെട്ട മതാത്മകതയോടുള്ള വിമര്‍ശനമെന്ന നിലയില്‍ ബുദ്ധന്റെ ധമ്മം സന്നിഹിതമായ ലോകത്തിന്റെ (immanence) പരിവര്‍ത്തന സാധ്യതയിലൂന്നുന്നു. പരമാധികാര ശക്തിയായ ദൈവത്തിനു പകരം ധമ്മയെ സഹജീവനത്തിന്റെ (associated life) ആധാര ശക്തിയായി അംബേദ്കര്‍ മനസ്സിലാക്കുന്നു. സെക്കുലര്‍ രാഷ്ട്രീയ തത്വചിന്തയ്ക്കപ്പുറം പോകുന്ന വിസ്‌ഫോടനാത്മകമായ ചിന്തയും അതിന്റെ പ്രയോഗസാധ്യതകളുമായിരുന്നു അംബേദ്കറിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം.

 

ബുദ്ധന്റെ ധമ്മത്തിലധിഷ്ഠിധമായി ജാതിവ്യവസ്ഥയ്ക്കപ്പുറമുള്ള ജനാധിപത്യപരമായ സഹജീവന സാധ്യതകളായിരുന്നു അദ്ദേഹം തന്റെയും അനുയായികളുടെയും മതംമാറ്റത്തിലൂടെ തുറന്നത്. ഒരേ സമയം തന്നെ ലിബറല്‍-സെക്യുലര്‍ ചിന്തയുടെ വിമര്‍ശനത്തിലൂന്നുന്നതും ജാതീയതയ്ക്ക് ജ്ഞാനശാസ്ത്ര അടിത്തറ പണിയുന്ന ദൈവ വിജ്ഞാനീയങ്ങളെ നിരസിക്കുന്നതുമായ രാഷ്ട്രീയ ദൈവശാസ്ത്ര ചിന്തയില്‍ വേരാഴ്ത്തുന്നതായിരുന്നു അംബേദ്കറിന്റെ മൗലികമായ ജനാധിപത്യ ദര്‍ശനം.

ദൈവശാസ്ത്രപരമായ ഒരു രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന് നിരന്തരം ഈ ചിന്തകര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മതാത്മകതയെത്തന്നെ നിഷേധിക്കുന്നതും മതമെന്ന “പ്രശ്‌നത്തെ” കേവല യുക്തിവാദം കൊണ്ട് നേരിടാമെന്ന് ഉറച്ചു വിശ്വസിക്കുന്നതുമായ മതനിരപേക്ഷ വാദത്തിന് വലതുപക്ഷ പ്രത്യയശാസ്ത്രത്തെ എതിരിടാന്‍ ശക്തി തീരെപ്പോരാ. ഉപരിപ്ലവമായ മതസൗഹാര്‍ദ്ദ വാചാലതയോ, സെക്യുലര്‍ യുക്തിയെ മുന്‍നിര്‍ത്തിയുള്ള മതവിമര്‍ശനമോ പരിഹാസമോ ഒന്നും വര്‍ഗീയവിഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കില്ല.

 

ഹിന്ദുത്വയില്‍ നിന്നും സര്‍വധര്‍മ്മ സമഭാവനയുള്ള ഹൈന്ദവ മതത്തെ (?) വേര്‍തിരിച്ചെടുക്കാനുള്ള കെ.പി. രാമനുണ്ണിയെപ്പോലുള്ളവരുടെ സമീപകാല പരിശ്രമങ്ങളുടെ (മെയ് 31-ന് കണ്ണൂര്‍ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചു നടത്തുന്ന പ്രായശ്ചിത്ത ശയന പ്രദക്ഷിണം) അടിസ്ഥാന പ്രശ്‌നവും അതിന് ഹിന്ദുമതത്തോടുള്ളത് ദൈവശാസ്ത്രപരമായി വിമര്‍ശനാത്മകമായ സമീപനമല്ല എന്നതാണ്.

മതാത്മകതയെ ദൈവശാസ്ത്രപരമായിത്തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. നമ്മുടെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയുടെ ചട്ടക്കൂടിനെ നിര്‍ണ്ണയിക്കുന്ന ദൈവശാസ്ത്രങ്ങളോടുള്ള ശക്തമായ വിമര്‍ശനം വികസിപ്പിക്കുകയും മൌലിക ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പുതിയ സമൂഹത്തെ ദൈവശാസ്ത്രപരമായി വിഭാവനം ചെയ്യുകയുമാണ് നമുക്ക് മുന്‍പിലുള്ള വഴി. അതിനുള്ള വഴികാട്ടികളാണ് നാരായണഗുരുവും, കുമാര ഗുരുദേവനും ബാബാസാഹേബ് അംബേദ്കറും.

ഡോ. ഷിജു സാം വറുഗീസ്

ഗുജറാത്ത് കേന്ദ്രീയ സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര പഠന വിഭാഗത്തില്‍ അധ്യാപകനാണ് ലേഖകന്‍. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവാണ്. സതീശ് ചന്ദ്രബോസിനോടോപ്പം Kerala Modernity: Ideas, Spaces and Practices in Transition (Orient Blackswan, Hyderabad, 2015) എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തിട്ടുണ്ട്. ഡൂള്‍ന്യൂസില്‍ “ശാസ്ത്രം, സമൂഹം, ജനാധിപത്യം” എന്ന പംക്തി എഴുതുന്നു.

ഡോ. ഷിജു സാം വറുഗീസ്
ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.