| Saturday, 10th March 2018, 8:12 pm

ആധുനിക ശാസ്ത്രവും മറ്റ് അറിവു സമ്പ്രദായങ്ങളും

ഡോ. ഷിജു സാം വറുഗീസ്

പ്രകൃതിലോകത്തെക്കുറിച്ചുള്ള ആധികാരിക ധാരണകള്‍ നിര്‍മ്മിക്കുന്നു എന്ന് അവകാശപ്പെടുന്ന അനേകം അറിവു സമ്പ്രദായങ്ങള്‍ ആധുനിക ശാസ്ത്രത്തിന് സമാന്തരമായി നിലനില്‍ക്കുന്നുണ്ടല്ലോ. ആയുര്‍വ്വേദം, യുനാനി, ഹോമിയോപ്പതി, നാച്ചുറോപ്പതി മുതലായ, അറിവ് സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ ജനങ്ങള് അംഗീകരിക്കുന്ന ശാസ്‌ത്രേതര ജ്ഞാനസമ്പ്രദായങ്ങള്‍ നമ്മുടെ ചര്‍ച്ചയില്‍ സജീവമായി കടന്നു വരുന്നു. ജ്യോതിഷം, യോഗവിദ്യ, റെയ്കി, വാസ്തുശാസ്ത്രം തുടങ്ങിയ, പ്രകൃതിജ്ഞാനമെന്ന നിലയില്‍ സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സമ്പ്രദായങ്ങളും സജീവമായി രംഗത്തുണ്ട്. വിവിധ ജനസമുദായങ്ങളുടെ ചെറു ജ്ഞാന-സാങ്കേതിക പാരമ്പര്യങ്ങളെ (തദ്ദേശ ജ്ഞാനങ്ങള്‍, നാട്ടറിവുകള്‍ എന്നൊക്കെ ഇവ അറിയപ്പെടുന്നു) എങ്ങിനെ മനസ്സിലാക്കണം എന്ന പ്രശ്‌നവും നിലനില്‍ക്കുന്നു.

വിവിധ അറിവ് സമ്പ്രദായങ്ങളുടെ “ശാസ്ത്ര”ങ്ങളെന്ന നിലയിലുള്ള ജ്ഞാനപരമായ പ്രാമാണികതയെക്കുറിച്ച് (epistemological legitimacy) ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങള്‍ സയന്‍സ് പോലെ തന്നെ ഗൗരവമായി പരിഗണിക്കപ്പെടേണ്ടവയാണോ? പ്രകൃതിയെക്കുറിച്ച് ഇവ ഓരോന്നും നിര്‍മ്മിക്കുന്ന അറിവുകളുടെ സ്വഭാവമെന്താണ്? ഇവയെല്ലാം ഒരേപോലെ സത്യപ്രസ്താവനകളാണോ? ശാസ്‌ത്രേതരമായ അറിവുകളുടെയും അവകാശ വാദങ്ങളുടെയും ഈ വൈവിധ്യത്തെ നമ്മള്‍ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്? ഇവയെല്ലാം “ശാസ്ത്രീയ ജ്ഞാനം” എന്ന പദവിക്ക് ഒരേപോലെ അര്‍ഹത ഉള്ളവയാണോ? പ്രകൃതിയെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ അവകാശ വാദങ്ങളുടെ നെല്ലും പതിരും നമ്മള്‍ എങ്ങിനെ വേര്‍തിരിക്കും? ഏതു തുലാസ്സില്‍ വെച്ചാണ് നാം വൈവിധ്യപൂര്‍ണ്ണമായ ഈ അറിവുകളെ / അറിവില്ലായ്മകളെ അളക്കുക?

ആധുനിക ശാസ്ത്രത്തെ സാമൂഹികേതരമായ ഒരു ജ്ഞാനാര്‍ജന രീതിയായി ലഘൂകരിച്ച് അവതരിപ്പിക്കുന്ന “ശാസ്ത്രവാദ”പരമായ ഒരു നിലപാടാണ് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാനായി പൊതുവേ സ്വീകരിക്കപ്പെടുന്നത്. ഇതിനെതിരെ വാദിക്കുന്നവരാകട്ടെ, സാംസ്‌കാരിക ലഘൂകരണത്തിലേക്ക് വഴുതി വീഴുന്നു. ആധുനിക ശാസ്ത്രം യൂറോപ്യന്‍ സാംസ്‌കാരിക നിര്‍മ്മിതിയാണെന്നും അതിനു വെളിയിലുള്ള സംസ്‌കാരങ്ങള്‍ അതില്‍നിന്നും തികച്ചും വ്യത്യസ്തമായ അറിവുകളാണ് പ്രകൃതിയെക്കുറിച്ച് രൂപപ്പെടുത്തുന്നതെന്നും ഇവര്‍ വാദിക്കുന്നു. “തദ്ദേശീയ” ജ്ഞാനങ്ങളെ (indigenous knowledge) സയന്‍സിനെതിരെ പ്രതിഷ്ഠിക്കുകയും അവയുടെ ജ്ഞാന പ്രാമാണികതയെ സാംസ്‌കാരിക അപേക്ഷികവാദപരമായി (cultural relativism) ഉറപ്പിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഇവര്‍ ചെയ്യുന്നത്.

ശാസ്ത്രവാദികളെ സംബന്ധിച്ചിടത്തോളമാകട്ടെ സയന്‍സ് മനുഷ്യന്റെ ഏറ്റവും ഉദാത്തമായ, സംസ്‌കാരികേതരമായ ജ്ഞാനാന്വേഷണ മാര്‍ഗ്ഗമാകുന്നു. അതിന്റെ ബൗദ്ധിക വ്യാപാരങ്ങള്‍ ഒന്നും തന്നെ സാമൂഹികമല്ലത്രേ. അതിനാല്‍തന്നെ രാഷ്ട്രീയത്തിനോ, സാമൂഹികമായ മൂല്യങ്ങള്‍ക്കോ, സാംസ്‌കാരിക മുന്‍വിധികള്‍ക്കോ സയന്‍സിന്റെ അറിവു രൂപീകരണത്തില്‍ ഒരു സ്ഥാനവുമില്ല എന്നവര്‍ ശഠിക്കുന്നു. സയന്‍സിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന മറു വിഭാഗത്തിനാവട്ടെ, തദ്ദേശിയ ജ്ഞാനരൂപങ്ങള്‍ ജനജീവിതത്തെ പരിപോഷിപ്പിക്കാന്‍ കെല്‍പ്പുറ്റ നിഷ്‌കളങ്ക സാംസ്‌കാരിക പാരമ്പര്യങ്ങളാണ്. എന്താണീ അറിവ് പാരമ്പര്യങ്ങളുടെ ഉദാത്തമായ സാംസ്‌കാരികത, ഈ അറിവുകളുടെ സാമൂഹികത എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നതേയില്ല. ചുരുക്കിപ്പറഞ്ഞാല്‍, അറിവിന്റെ സാമൂഹിക വിമര്‍ശം രണ്ടുകൂട്ടര്‍ക്കും ഒരുപോലെതന്നെ സ്വീകാര്യമല്ല.

അറിവിന്റെ സാമൂഹികതയെക്കുറിച്ചുള്ള സാമൂഹികശാസ്ത്രാന്വേഷണങ്ങള്‍ ഈ രണ്ട് വാദമുഖങ്ങളെയും തള്ളിക്കളയുന്നു. അറിവു പാരമ്പര്യങ്ങളെന്നു സ്വയം അവകാശപ്പെടുന്നവയെല്ലാം ഒരേപോലെ (ഇതില്‍ സയന്‍സും പെടുന്നു) വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. അത് അറിവിനെക്കുറിച്ചുള്ള പുതിയ ഒരു ജനാധിപത്യ ഭാവനയുടെ രൂപീകരണത്തിന് പ്രധാനമാണ്. അറിവുകളുടെ നിര്‍മ്മാണ പ്രക്രിയയില്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രക്രിയകള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, പ്രകൃതിയെക്കുറിച്ചുള്ള ദാര്‍ശനിക വീക്ഷണങ്ങള്‍ എന്നിവ വഹിക്കുന്ന പങ്കെന്താണെന്നുള്ള അന്വേഷണം അതിനാല്‍ തന്നെ അറിവു സമ്പ്രദായങ്ങളെ മനസ്സിലാക്കാന്‍ പുതിയൊരു വഴി തുറക്കുന്നു.

സയന്‍സിന്റെ അടിസ്ഥാന സ്വഭാവമെന്തെന്നു നിര്‍വ്വചിക്കാന്‍ ഉപയോഗിക്കപ്പെടുന്ന, “വസ്തുനിഷ്ഠമായ ശാസ്ത്രീയ രീതി” എന്ന സങ്കല്പനമാണ് ശാസ്ത്രവാദത്തിന്റെ ആധാരം. അതായത്, പ്രകൃതിയെ അറിയാനുള്ള ഏറ്റവും ആധികാരികമായ മാര്‍ഗ്ഗമെന്നു വിചാരിക്കപ്പെടുന്ന ആധുനിക ശാസ്ത്രത്തിന്റെ “രീതി”യെ (method) എത്രത്തോളം പിന്‍പറ്റുന്നു എന്നതിനെ ആശ്രയിച്ചാണ് വിവിധ ജ്ഞാനസമ്പ്രദായങ്ങളുടെയും അവകാശ വാദങ്ങളുടെയും ശാസ്ത്രീയതയും അതുവഴി പ്രമാണികതയും വിലയിരുത്തപ്പെടുന്നത്.

അതുകൊണ്ട് ശാസ്ത്രവാദികളെ സംബന്ധിച്ചിടത്തോളം ഹോമിയോപ്പതിയും ജ്യോതിഷവും ഒരേപോലെ “കപട ശാസ്ത്ര”ങ്ങളാണ്; രണ്ടും “അശാസ്ത്രീയ”മാണ്. കാരണം, അവ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാനാവാത്ത / നിരാകരിക്കപ്പെടാനാവാത്ത അവകാശവാദങ്ങളെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. ആവര്‍ത്തന ഭദ്രത (replicability) എന്ന അടിസ്ഥാന ശാസ്ത്രീയ ഗുണം ഇവയ്ക്ക് അവകാശപ്പെടാനുമാവില്ല. “ബദല്‍ വൈദ്യങ്ങള്‍” (alternative medicines) എന്ന പേരില്‍ വിളിക്കപ്പെടുന്ന അറിവുസമ്പ്രദായങ്ങള്‍ക്കും ഇതനുസരിച്ച് കാര്യമായ ശാസ്ത്രീയ പിന്തുണയില്ല; അവയിലൊക്കെ ചില ശാസ്ത്രീയ വശങ്ങള്‍ കണ്ടേക്കാമെങ്കിലും.

ശാസ്ത്രീയതയെ (scientificity) മാനദണ്ഡമാക്കിയുള്ള അറിവുകളുടെ വര്‍ഗീകരണവും പ്രാമാണികത നിശ്ചയിക്കലും പക്ഷെ പ്രശ്‌നം പരിഹരിക്കുന്നില്ല എന്ന് കാണാം. മുന്‍പ് ചൂണ്ടിക്കാട്ടിയതുപോലെ “ശാസ്ത്രീയത” എന്ന അളവുകോല്‍ ജ്ഞാനശാസ്ത്രപരമായി അങ്ങേയറ്റം അസ്ഥിരവും പ്രശ്‌ന സങ്കീര്‍ണ്ണവുമായ ഒരു സങ്കല്‍പ്പനമാണ് എന്നാണ് സയന്‍സ്സിനെക്കുറിച്ചുള്ള സാമൂഹികശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. “ശാസ്ത്രീയ രീതി” എന്നത് ഏകശിലാത്മകമായി നിലനില്‍ക്കുന്നില്ല എന്ന് ശാസ്ത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോദിച്ചാല്‍ മനസ്സിലാവും. അതായത്, ശാസ്ത്രത്തെ മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട ഒരു “ശാസ്ത്രീയ രീതി”യുടെ പ്രയോഗമായി അവതരിപ്പിക്കുന്നത് അതിനെ സാമൂഹികരാഷ്ട്രീയ-പ്രത്യയശാസ്ത്ര ബന്ധങ്ങളാല്‍ നിര്‍വ്വചിതമല്ലാത്ത ശുദ്ധവും ലളിതസുന്ദരവുമായ ബൗദ്ധിക പ്രവൃത്തിയായി തെറ്റിദ്ധരിക്കാന്‍ ഇടവരുത്തുന്നു.

പഠനമേഖലയുടെ സ്വഭാവ പ്രത്യേകതകള്‍ക്കനുസൃതമായി, അന്വേഷണ വിധേയമാകുന്ന പ്രശ്‌നത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന ഒന്നാണ് ശാസ്ത്രത്തിലെ ജ്ഞാനര്‍ജന രീതികള്‍ എന്ന് ഈ പംക്തിയിലെ കഴിഞ്ഞ ലേഖനങ്ങളില്‍ വിശദീകരിക്കുകയുണ്ടായല്ലോ. ശാസ്ത്രീയ രീതി എന്ന് പൊതുവേ അവതരിപ്പിക്കപ്പെടുന്ന ഏകതാനമായ അളവുകോല്‍ തത്വചിന്തകരുടെ സൃഷ്ടിയാണെന്നും പിന്നീട് അത് ശാസ്ത്രവാദപരമായ വിശ്വാസത്തിന്റെ ഭാഗമായി മാറിയതെങ്ങനെയെന്നും ഞാന്‍ വിശദീകരിച്ചിരുന്നു. അതായത്, ഒന്നിനൊന്നു വ്യത്യസ്തങ്ങളായ രീതികളുടെ ബാഹുല്യവും അവയുടെ വൈവിധ്യ പൂര്‍ണ്ണമായ പ്രയോഗങ്ങളും തിരുത്തലുകളുമാണ് ശാസ്ത്രത്തെ മൊത്തത്തിലെടുത്താല്‍ കാണാന്‍ കഴിയുക. “ശാസ്ത്രീയ രീതി” എന്നതുപയോഗിച്ച് മറ്റു രീതിശാസ്ത്രങ്ങളെ മാത്രമല്ല, സയന്‍സിനെയും ഒട്ടും മനസ്സിലാക്കാനാവില്ല എന്ന് ചുരുക്കം. മുന്‍പ് സൂചിപ്പിച്ചതുപോലെ, അങ്ങനെ ഒരൊറ്റ രീതിയില്‍ ഒതുക്കാവുന്നതിനെക്കാളും എത്രയോ സങ്കീര്‍ണവും വിപുലവുമാണ് ശാസ്ത്രമെന്ന ജ്ഞാനസമ്പ്രദായം.

ആധുനിക ശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായി മറ്റ് അറിവ് സമ്പ്രദായങ്ങള്‍ പ്രാദേശികമായവയാണെന്നും അതിനാല്‍തന്നെ ശാസ്ത്രത്തിന്റെ മാതിരി സര്‍വ്വലൗകികത (universality) അവയ്ക്ക് അവകാശപ്പെടാനാവില്ലെന്നുമാണ് ശാസ്ത്രീയതയെ ആധാരമാക്കിയുള്ള ചര്‍ച്ചകളില്‍ പൊതുവേ മനസ്സിലാക്കപ്പെടുന്നത്. സയന്‍സില്‍ നിന്നും വ്യത്യസ്തമായി, മതവിശ്വാസങ്ങളിലും, ജാതിബന്ധങ്ങളിലും ഇഴയോടി നില്‍ക്കുന്നതിനാല്‍ ഇത്തരം അറിവുകളുടെ പ്രാമാണികത ദുര്‍ബലമാണെന്നും വാദിക്കപ്പെടുന്നു.

പക്ഷെ, ഈ പറയുന്ന എല്ലാ സ്വഭാവ സവിശേഷതകളും പ്രത്യയശാസ്ത്രപരമായ അതിന്റെ അവകാശ വാദങ്ങളെ മാറ്റി നിര്‍ത്തി നോക്കിയാല്‍ സയന്‍സിനും ഉണ്ടെന്നു കാണാം. വളരെ പ്രാദേശികമായി തന്നെയാണ് ശാസ്ത്രത്തിലെ അറിവുല്പാദനവും നടക്കുന്നത്. മുന്‍ ലേഖനങ്ങളില്‍ വിവരിച്ചതുപോലെ സാമൂഹികതയാണ് അതിന്റെയും ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. പരീക്ഷണശാലകളില്‍ ഈ പ്രാദേശികത എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് സി. വി. രാമനും മാക്‌സ് ബോണും തമ്മില്‍ നടന്ന ശാസ്ത്ര വിവാദത്തെക്കുറിച്ചുള്ള ലേഖനത്തില്‍ വിശദീകരിച്ചതാണല്ലോ.

ലബോറട്ടറികള്‍ക്ക് പുറത്ത് ഗവേഷണം നടക്കുന്ന ശാസ്ത്രമണ്ഡലങ്ങളിലാവട്ടെ (field oriented sciences), സയന്‍സിന്റെ പ്രാദേശിക സ്വഭാവം വളരെ ശക്തമായി തന്നെ കാണാന്‍ കഴിയും. മണ്ണിന്റെ അടരുകളെക്കുറിച്ചുള്ള പഠന മേഖല (soil science) ഒരുദാഹരണം. ജൈവികവും, രാസപരവും, ഭൗതീകപരവും, പാരിസ്ഥിതികവും, സാമൂഹികവുമായ തികച്ചും പ്രാദേശികമായ ഒരായിരം തലങ്ങളിലുള്ള സൂക്ഷ്മ സംവേദനക്ഷമത ആവശ്യപ്പെടുന്ന ഗവേഷണ മേഖലയാണത്. ആന്തരിക മായ സമൂഹിക ബലതന്ത്രങ്ങള്‍ സൂക്ഷ്മതലത്തില്‍ വ്യത്യസ്തമായിരിക്കുമ്പോള്‍ തന്നെ പ്രാദേശിക ജ്ഞാനങ്ങളായിട്ടാണ് ആധുനിക ശാസ്ത്രം മറ്റു അറിവ് സമ്പ്രദായങ്ങളെപ്പോലെ തന്നെ അതിന്റെ നിത്യജീവിതത്തില്‍ നിലനില്‍ക്കുന്നത് എന്നാണിതിന്റെ പൊരുള്‍. പ്രാദേശികത സജീവമായി ഇടപെടുന്ന ജ്ഞാനരൂപങ്ങളാണ് സയന്‍സ് ഉള്‍പ്പടെയുള്ള എല്ലാ അറിവ് സമ്പ്രദായങ്ങളും എന്ന് സാരം.

ശാസ്ത്രത്തെ “പ്രാദേശിക ജ്ഞാനരൂപ”മായി (local knowledge) തിരിച്ചറിയുന്നത് അതിന്റെ സാമൂഹിക ബന്ധങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടും. മറ്റു സാമൂഹിക സ്ഥാപനങ്ങളുമായും അറിവു സമ്പ്രദായങ്ങളുമായും സയന്‍സിനുള്ള ഇഴയടുപ്പവും ഇടര്‍ച്ചകളും അങ്ങനെ അതിന്റെ സാമൂഹിക സ്വഭാവത്തെ മനസ്സിലാക്കുന്നതിന് പ്രധാനമാവും. ശാസ്ത്രത്തിന്റെ സാര്‍വ്വലൗകികതയിലുള്ള ഊന്നല്‍ ഈ പ്രക്രിയകളെ സത്യത്തില്‍ മറച്ചു കളയുകയാണ് ചെയ്യുന്നത്.

ശാസ്ത്രമുള്‍പ്പടെയുള്ള എല്ലാ പ്രാദേശിക ജ്ഞാന സമ്പ്രദായങ്ങളും സാമൂഹികമാണ് എന്നാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതായത്, ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒരേപോലെ സാമൂഹികമാണ്. അവയുടെ പരസ്പര വിരുദ്ധമായ പ്രകൃതി ധാരണകള്‍ ഒരേപോലെതന്നെ സാമൂഹികതയുടെ മൂശയില്‍ രൂപപ്പെട്ടവയാണ്. അങ്ങിനെ വരുമ്പോള്‍, അവയെ വ്യത്യസ്തമായ രണ്ടിനം അറിവുസമ്പ്രദായങ്ങളായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക-രാഷ്ട്രീയ ബലതന്ത്രം തിരിച്ചറിയേണ്ടത് അവയിലേതിനെ സ്വീകരിക്കണം, ഏതിനെ തള്ളണം എന്ന് തീരുമാനിക്കാന്‍ നമുക്ക് പ്രധാനമാവുന്നു. അവ ഓരോന്നും ഉപയോഗിക്കുന്ന പരികല്‍പ്പനകള്‍, അറിവ് നിര്‍മ്മാണ രീതികള്‍, പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍, അവയുടെ അധികാര ബന്ധങ്ങള്‍, ജാതിയും ലിംഗപദവിയും അവയില്‍ പ്രവര്തിക്കുന്നതെങ്ങിനെ തുടങ്ങിയ കാര്യങ്ങള്‍ ഇതിനായി പരിശോധിക്കേണ്ടി വരുന്നു.

ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒരേപോലെ “ശരി”യാണെന്നും, ധാര്‍മികമായും രാഷ്ട്രീയപരമായും സ്വീകാര്യമായ ഒരേയിനം അറിവുകളെയാണ് അവ ഉല്‍പാദിപ്പിക്കുന്നത് എന്നുമല്ല ഇവിടെ വിവക്ഷ. നമ്മള്‍ താരതമ്യ പഠനത്തിന് വിധേയമാക്കുന്ന രണ്ടു സാമൂഹിക പ്രതിഭാസങ്ങളെ ഒരേ രീതിശാസ്ത്രമുപയോഗിച്ചുതന്നെ വേണം വിശകലന വിധേയമാക്കേണ്ടത് എന്ന സാമൂഹികശാസ്ത്ര സമീപനമാണ് ഇവിടെ അടിവരയിട്ടു പറയാന്‍ ഞാന്‍ ശ്രമിക്കുന്നത്. “സിമട്രി തത്വം” (symmetry principle) എന്നാണിത് അറിയപ്പെടുന്നത്. ശാസ്ത്രീയത എന്ന അളവുകോല്‍ അങ്ങനെയുള്ള ഒന്നല്ല എന്ന് വ്യക്തമാണല്ലോ. ശാസ്ത്രത്തെ യുക്തിഭദ്രമായ ഒരു ബൗദ്ധിക പ്രതിഭാസമായും, മറ്റു അറിവ് രൂപങ്ങളെ അയുക്തിപരമായ പ്രത്യയശാസ്ത്ര ഉല്‍പ്പന്നങ്ങളുമായി അത് മുന്നമേ സ്ഥിരപ്പെടുത്തുന്നു എന്നതാണ് ഇവിടെ പ്രശ്‌നം.

ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം. ആദിവാസി വൈദ്യത്തെക്കുറിച്ച് ഒരു ശാസ്ത്ര ഗവേഷകന്‍ അടുത്ത കാലത്ത് ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ ഊന്നല്‍ ഒറ്റമൂലികളുടെ വിഷലിപ്തത (toxicity) ആയിരുന്നു. അവയുടെ ഉപയോഗം മാരകമായ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഇത്തരം ചികല്‍സാ മാര്‍ഗങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണം എന്നായിരുന്നു അദ്ദേഹം സമര്‍ത്ഥിച്ചത്. എന്നാല്‍ ഇതേ ഗവേഷകന്‍ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചെഴുതിയ മറ്റൊരു കുറിപ്പില്‍ ആധുനിക മെഡിസിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുന്നു; പക്ഷെ അതു പേടിച്ച് മരുന്നുപയോഗിക്കാതെ രോഗം വന്നു മരിക്കുന്നതിനെക്കാളും നല്ലത് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചു ജീവിക്കുന്നതാണ് എന്നാണ് ഇവിടെ അദ്ദേഹത്തിന്റെ ഉപദേശം! “വിഷലിപ്തത വിവിധ വൈദ്യപ്രയോഗങ്ങളില്‍” എന്ന പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ രണ്ടു വ്യത്യസ്ത രീതികളാണ് പരാമര്‍ശിത വൈദ്യസമ്പ്രദായങ്ങളെ വിശകലന വിധേയമാക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്നത് എന്ന് കാണാം.

“സിമട്രി തത്വം” ഉപയോഗിച്ചുള്ള പഠനത്തിലാവട്ടെ, ആദിവാസി വൈദ്യവും ആധുനിക മെഡിസിനും വിഷലിപ്തത എന്ന പ്രശ്‌നത്തെ അതാത് സമ്പ്രദായങ്ങളുടെ ആന്തരിക ഭാഷയില്‍ എങ്ങിനെയാണ് മനസ്സിലാക്കുന്നതെന്നും പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും ഉള്ള വിശകലനം പ്രധാനമാവും. അത്തരമൊരു അപഗ്രഥന രീതി ഈ രണ്ടു വൈദ്യജ്ഞാനങ്ങളുടെയും സാമൂഹികതയിലൂന്നുകയും, ഓരോ സമ്പ്രദായത്തിലും ഈ പ്രശ്‌നം കൈകാര്യം ചെയ്യപ്പെടുന്നതില്‍ ഉള്ളടങ്ങിയിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക മാനങ്ങളും അവയുടെ പ്രകൃതിവീക്ഷണങ്ങളിലുള്ള വ്യത്യാസങ്ങളും പക്ഷഭേദമില്ലാതെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. ഈ വിശകലനങ്ങളുടെ വെളിച്ചത്തിലാണ് വിഷലിപ്തത എന്ന പ്രശ്‌നം നേരിടുന്നതില്‍ ഈ അറിവു പാരമ്പര്യങ്ങള്‍ പരാജയപ്പെട്ടോ വിജയിച്ചോ എന്നൊക്കെ വിലയിരുത്തപ്പെടുക.

ആദിവാസി വൈദ്യത്തെപ്പോലെതന്നെ നമുക്ക് സ്വീകാര്യമാണോ ജ്യോതിഷവും വാസ്തുശാസ്ത്രവും മറ്റും എന്ന ചോദ്യം ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഇത്തരം അറിവുകളുടെ, “ജ്ഞാനസമ്പ്രദായങ്ങള്‍” എന്ന നിലയിലുള്ള അവകാശ വാദത്തിന്റെ സാധുത എത്രത്തോളമാണ്? ആധുനിക ശാസ്ത്രത്തെക്കുറിച്ചെന്ന പോലെതന്നെ ശാസ്‌ത്രേതര ജ്ഞാനരൂപങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും അവയുടെ സാമൂഹികത ആഴത്തില്‍ വിശകലന വിധേയമാക്കുകയുമേ പോംവഴിയായുള്ളൂ.

ഈ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ ജ്യോതിഷം അങ്ങേയറ്റം പ്രതിലോമകരമായ ഒരു ജ്ഞാനാവകാശ വാദമാകുന്നത് അത് അതിന്റെ നിഗമനങ്ങളും പരികല്‍പ്പനകളും രൂപപ്പെടുത്തിയിരിക്കുന്നത് ജാതീയതയുടെയും സ്ത്രീവിരുദ്ധതയുടെയും ബ്രാഹ്മണികാധികാര മൂശയിലാണ് എന്നതിനാലാണ്; അത് പിന്താങ്ങുന്നതും അതിനെ നിലനിര്‍ത്തുന്നതും ജനാധിപത്യ വിരുദ്ധമായ ഒരു ആശയ പ്രപഞ്ചത്തെയാണ്. അതിന്റെ ആന്തരിക യുക്തി ഈ പ്രത്യയശാസ്ത്ര ധാരണകളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ ഈ മൂശയ്ക്ക് വെളിയില്‍ അതിനു പ്രാണവായു ലഭ്യമല്ല എന്നതാണ് പ്രശ്‌നം. സ്വയം ജനാധിപത്യവല്ക്കരിക്കാനുള്ള തുറവിയും ആത്മവിമര്‍ശന ക്ഷമതയുമാണ് (reflexivity) (സയന്‍സ് ഉള്‍പ്പടെയുള്ള) ഏതൊരു ജ്ഞാനസമ്പ്രദായത്തിന്റെയും ജനാധിപത്യ സമൂഹത്തിലുള്ള സ്വീകര്യതയ്ക്ക് അടിസ്ഥാനമാവേണ്ടത് എന്നു ചുരുക്കം.

ബദല്‍ ജ്ഞാനസമ്പ്രദായങ്ങളെപ്പോലെ തന്നെ ജാതീയതയും വംശീയതയും സ്ത്രീ വിരുദ്ധതയും ഒക്കെ ആധുനിക ശാസ്ത്രത്തെയും ശക്തമായി സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ജ്യോതിഷത്തില്‍ നിന്നും അതിനെ ഒരു അറിവു പാരമ്പര്യമെന്ന നിലയില്‍ വ്യത്യസ്തമാക്കുന്നതും കൂടുതല്‍ സ്വീകാര്യമാക്കുന്നതും സ്വയം നവീകരിക്കാനുള്ള ജനാധിപത്യപരമായ ശേഷി അതിനുണ്ട് എന്ന വസ്തുതയാണ്.

അതേസമയം തന്നെ, ആധുനിക ശാസ്ത്രം അതില്‍ തന്നെ “പുരോഗമന”കരമാകണമെന്നില്ലതാനും. വീട്ടില്‍ പശുവിനെ കറിവെച്ചു കഴിച്ചു എന്നാരോപിക്കപ്പെട്ട് മുഹമ്മദ് അഖ്ലാക് ഉത്തര്‍പ്രദേശിലെ ദാദ്രിഗ്രാമത്തില്‍ ഹിന്ദുത്വ വാദികളായ ആള്‍ക്കൂട്ടത്താല്‍ കൊല്ലപ്പെട്ടപ്പോള്‍ (സെപ്തംബര്‍ 28, 2015) ഭരണകൂടം ആദ്യം ചെയ്തത് കണ്ടെടുത്ത മാംസം പശുവിന്റെ ഇറച്ചി ആണോ എന്ന് ശാസ്ത്രീയമായി തിട്ടപ്പെടുത്താനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു! “ശാസ്ത്രീയത”യിലുള്ള ഊന്നല്‍ വലതുപക്ഷ ഇന്ത്യയില്‍ ഫോറന്‍സിക് സയന്‍സിലൂടെ രാഷ്ട്രീയപരമായി എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. കഥ അവിടെക്കൊണ്ടും തീരുന്നില്ല; മുംബൈ ആസ്ഥാനമായുള്ള Directorate of Forensic Science Laboratories (FSL) എന്ന പൊതുമേഖലാ സ്ഥാപനം 2017-ല്‍ നാനൂറോളം മെഡിക്കല്‍ കൊളജുകളില്‍ നിന്നുള്ള 4,500 വിദ്യാര്‍ത്ഥികള്‍ക്കാണ് അവര്‍ വികസിപ്പിച്ചെടുത്ത “cow meat testing kit” ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയത്! (DNA, Ahmedabad Edition, p.1., 27.11.2017). എത്ര “ശാസ്ത്രീയ”മായിട്ടാണ് ഒരു രാഷ്ട്രീയപ്രശ്‌നം പരിഹരിക്കപ്പെടുന്നതെന്ന് നോക്കുക.

വിവിധ അറിവു സമ്പ്രദായങ്ങള്‍ പരസ്പരം ധാരാളം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നത് അനേകം ജ്ഞാന സമ്പ്രദായങ്ങളില്‍ നിന്നും അറിവുകള്‍ സ്വംശീകരിച്ചും ചില സമ്പ്രദായങ്ങളെ മുച്ചൂടും നശിപ്പിച്ചും ചിലവയോട് എതിരിട്ടുമാണ് അത് അതിന്റെ ജ്ഞാനപരമായ പ്രാമാണികത ആര്‍ജിച്ചെടുത്തത് എന്നാണ്.

കൊളോണിയലിസത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പടിഞ്ഞാറന്‍ ശാസ്ത്രത്തില്‍ നിന്നും തുലോം വ്യത്യസ്തമായ തദ്ദേശീയ ജ്ഞാന സമ്പ്രദായങ്ങള്‍ എന്ന സങ്കല്പം ഉടലെടുക്കുന്നത് എന്നതും കാണാതെ പോകരുത്. ആധുനിക ശാസ്ത്രത്തിന്റെ സ്വഭാവങ്ങള്‍ അനുകരിച്ചും സ്വാംശീകരിച്ചും ചില അറിവ് പാരമ്പര്യങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം അങ്ങനെ രൂപപ്പെടുന്നുണ്ട്. ആയുര്‍വേദമാണ് ഇതിലൊന്ന്. അനേകം നാട്ടുവൈദ്യങ്ങളില്‍ നിന്നുമാണ് അത് ഒരു “ഇന്ത്യന്‍” ജ്ഞാനപാരമ്പര്യമായി രൂപപ്പെട്ടതും പ്രാമാണികത നേടിയതും. എന്നാല്‍ ചില സമ്പ്രദായങ്ങള്‍ക്ക് ഇതിനു കഴിയാതെപോയാതിനാല്‍ അവ നാമാവശേഷമാവുകയോ, ദുര്‍ബലമായി തുടരുകയോ ചെയ്തു.

അറിവു സമ്പ്രദായങ്ങളുടെ ഈ സാമൂഹിക ബലതന്ത്രം ചരിത്രപരമായി ഇന്നും തുടരുന്ന ഒന്നാണ്. അറിവിനെ സംബന്ധിച്ച, ചടുലമായ ഈ വ്യവഹാര മണ്ഡലത്തെ ആഴത്തില്‍ പഠിക്കുന്നത് അറിവിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മതയോടെ മനസ്സിലാക്കുന്നതിനും അതില്‍ സജീവമായി ഇടപെടുന്നതിനും നമ്മളെ സഹായിക്കും.

അറിവു പാരമ്പര്യങ്ങളുടെ വൈവിധ്യവും അവയുടെ പരസ്പരമുള്ള ജനാധിപത്യപരമായ ഇടപെടലുകളും വളരെ പ്രധാനമാണ് എന്ന് നമ്മള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അവയെ എല്ലാം ആധുനിക ശാസ്ത്രത്തിന്റെ വരുതിയ്ക്ക് കൊണ്ടുവരിക എന്നതല്ല ഇവിടെ പരിപാടി. മറിച്ച്, ഇന്ന് നമ്മളെ സാമൂഹികമായി അലട്ടുന്ന പല സങ്കീര്‍ണ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ആധുനിക ശാസ്ത്രത്തിനു തനിച്ചു സാധ്യമല്ല എന്ന തിരിച്ചറിവാണ് അതിനു പിന്നില്‍. ആധുനിക ശാസ്ത്രത്തിന്റെ ജ്ഞാന-ഇടപെടലുകള്‍ തന്നെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള പല പ്രതിസന്ധികളുടെയും പുറകിലും എന്ന് ഇന്ന് മനസ്സിലാക്കപ്പെടുന്നുണ്ട്. അതായത്, കൂടുതല്‍ ജനാധിപത്യപരമായ, പരസ്പര സഹകരണം സാധ്യമാക്കുന്ന ജ്ഞാനവൈവിധ്യമാണ് അറിവിനെ സംബന്ധിച്ച രാഷ്ട്രീയ ഭാവനയുടെ ആണിക്കല്ല്.

ആധുനിക ശാസ്ത്രം തന്നെ ഇത്തരം അന്വേഷണങ്ങള്‍ക്ക് ഇന്ന് ചില മേഖലകളിലെങ്കിലും മുന്‍കൈ എടുക്കുന്നുണ്ട്. ഉദാഹരണത്തിന്, മണ്ണിനെ കുറിച്ചുള്ള പഠനങ്ങളില്‍ (soil research) ആധുനിക ശാസ്ത്രത്തിന്റെ ഭാഗമായ വിവിധ ഗവേഷണ മേഖലകളോടൊപ്പം തന്നെ മറ്റു പ്രാദേശിക അറിവ് സമ്പ്രദായങ്ങളും ഉള്‍പ്പെടുന്ന ഗവേഷണ പദ്ധതികള്‍ കൂടിയേ തീരൂ എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാന ഗവേഷണം, ജൈവ വൈവിധ്യ പഠനം, സമുദ്ര പഠനം, കൃഷി ശാസ്ത്രം എന്നിവയൊക്കെ അറിവു സമ്പ്രദായങ്ങളുടെ വൈവിധ്യപൂര്‍ണ്ണമായ സഹകരണത്തിന് ഇന്ന് വേദിയാവുന്നു. ആധുനിക ശാസ്ത്രധാരകള്‍ ഇവിടെ കൂടുതല്‍ വിനയാന്വിതരായി മറ്റു പ്രാദേശിക ജ്ഞാന സമ്പ്രദായങ്ങളെ കേള്‍ക്കുന്നു, അവയുമായി കൈ കോര്‍ക്കുന്നു.

ജനാധിപത്യപരമായി വികസിക്കുന്ന അറിവ് സമ്പ്രദായങ്ങളുടെ പരസ്പര ബഹുമാനത്തിലടിയുറച്ച ഇടപെടലുകള്‍ ഇന്നിന്റെ ജ്ഞാനസിദ്ധാന്തപരമായ ആവശ്യമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സയന്‍സ് ഉള്‍പ്പടെയുള്ള ജ്ഞാന പാരമ്പര്യങ്ങള്‍ തങ്ങളുടെ അറിവുകളുടെ രൂപീകരണത്തിന് സഹായകരമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളെ മൂല്യവിചാരത്തിന് വിധേയമാക്കുകയും ജനാധിപത്യത്തിന്റെ തുറസ്സുകളെ അന്വേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ” ബൗദ്ധികനീതി” (cognitive justice) ഉറപ്പാകൂ.

ഡോ. ഷിജു സാം വറുഗീസ്

ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

We use cookies to give you the best possible experience. Learn more