ഡോ. സുനില്‍ പി.ഇളയിടത്തിന്റെ പ്രബന്ധത്തെ ചൊല്ലി ഉയര്‍ന്നിട്ടുള്ള വാദപ്രതിവാദങ്ങള്‍ കേരളത്തിന്റെ വൈജ്ഞാനിക പരിസരത്തെ വികസിപ്പിക്കുന്നതിന് പകരം വ്യക്തിഹത്യ/ആരാധനകളിലൂന്നിയും അക്കാദമിക് വരേണ്യതയിലൂന്നിയും രോഗാതുരമായ ചര്‍ച്ചയായി മാറുന്ന കാലത്ത്, മലയാളത്തിന്റെ വിജ്ഞാന വികാസത്തിന് ഈ ചര്‍ച്ചയും ഈ വാദങ്ങളും എത്രമാത്രം ഉതകുമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോ.ഷിജു സാം വറുഗ്ഗീസ് എഴുതുന്നു. മലയാള ഭാഷയിലെ അക്കാദമിക് എഴുത്തിന്റെ സാധ്യതകളും പരിമിതികളും നമ്മള്‍ അതിജീവിക്കേണ്ട പ്രതിസന്ധികളും എന്നിങ്ങനെ ആരോഗ്യപരമായ ഒരു സംവാദം ഉയര്‍ന്നുവരാന്‍ ഈ ലേഖനം സഹായിക്കുമെന്ന് കരുതുന്നു.
സുനില്‍ പി. ഇളയിടത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന പകര്‍പ്പു രചനാ ആരോപണവും അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ പ്രശസ്തരായ ഗവേഷകരും എഴുത്തുകാരും ഒപ്പിട്ടിറക്കിയ പ്രസ്താവനയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. എന്നാല്‍ മലയാള ചിന്തയുടെ സ്വരൂപത്തെക്കുറിച്ചു തന്നെയുള്ള ഒരു സര്‍ഗാത്മക സംവാദമായി ഈ ചര്‍ച്ച വികസിപ്പിക്കേണ്ടതുണ്ട്.
സുനിലിന്റെ എഴുത്തുകളുടെ മേല്‍ ആരോപിക്കപ്പെടുന്ന രചനാദൂഷ്യം യഥാര്‍ഥത്തില്‍ മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് മൊത്തത്തില്‍ ബാധകമാണ് എന്ന് കാണാം. ഭൂരിപക്ഷം എഴുത്തുകാരും പ്രസിദ്ധീകരിക്കുന്ന രചനകള്‍ ഇമ്മാതിരി തന്നെ ആയതിനാല്‍ ഇതിനെ സുനില്‍ പി. ഇളയിടം പ്രത്യേകമായി എന്തോ പാതകം ചെയ്തു എന്ന രീതിയില്‍ കാണാനാവില്ല; മറിച്ച്, മലയാളത്തിലെ ചിന്തയുടെ പ്രതിസന്ധിയായിത്തന്നെ ഈ വിവാദത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മലയാളത്തിലെ എഴുത്തുകാരില്‍ വെച്ച് മെച്ചപ്പെട്ട രീതിയില്‍ പരകീയാശയങ്ങളെ തന്റെ എഴുത്തുകളില്‍ ഒരു പരിധി വരെയെങ്കിലും അംഗീകരിച്ച് അവതരിപ്പിക്കുന്ന ആളാണ് സുനില്‍ എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും. മലയാളത്തിലെ എഴുത്തുകാരില്‍ ഒരു നല്ല പങ്കും ഇക്കാര്യത്തില്‍ അമ്പേ പരാജയമാണ്. ഫുട്ട്‌നോട്ടുകളും പരാമര്‍ശങ്ങളും (Citations) അവലംബിത പ്രസിദ്ധീകരണങ്ങളുടെ പട്ടികയും എത്ര മലയാളം എഴുത്തുകളില്‍ കാണാം?
സുനില്‍ ഇക്കാര്യത്തില്‍ കുറ്റക്കാരനാണെങ്കില്‍, അദ്ദേഹത്തിനെതിരെ വാദങ്ങള്‍ ഉയര്‍ത്തുന്ന എഴുത്തുകാര്‍ മിക്കവരും ഇതിലും വലിയ ചിന്താപാതകങ്ങള്‍ ചെയ്യുന്നവരാണെന്ന് ചുരുക്കം. അതായത്, മലയാളത്തില്‍ കാര്യക്ഷമമായി പ്രയോഗത്തിലില്ലാത്തതും ഇംഗ്ലീഷ് പോലെയുള്ള ഭാഷകളില്‍ സാധാരണമായതുമായ ചില എഴുത്ത് വഴക്കങ്ങളുടെ ധാര്‍മ്മികതയുടെ പേരിലാണ് സുനിലിനെതിരെയുള്ള ആക്ഷേപങ്ങള്‍. ഭാഷയില്‍ ഇല്ലാത്ത വഴക്കങ്ങള്‍ക്ക് എഴുത്തുകാര്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമല്ലേ ഉള്ളത്?
എന്തുകൊണ്ടാണ് മലയാളത്തില്‍ എഴുത്തിന്റെ കാര്യത്തില്‍ ഈ അലസത? എഴുത്തിന്റെയും ചിന്തയുടെയും മൗലികതയെക്കുറിച്ചുള്ള കാല്പനികമായ സ്വപ്നങ്ങളും വാചകമടികളും ഈ അലസതയോടൊപ്പം തന്നെ നിലനില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. മലയാളത്തില്‍ മൗലികമായി ചിന്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ആരുടെയെങ്കിലും ഒരു പുസ്തകം അഥവാ ലേഖനം സമകാലിക മലയാള ചിന്തയുടെ സാമ്പിള്‍ എന്ന നിലയില്‍ ഫ്രെഞ്ചിലേക്കോ ഇംഗ്ലീഷിലേക്കോ വിവര്‍ത്തനം ചെയ്‌തെന്നിരിക്കട്ടെ. അപ്പോള്‍ അറിയാം തനതു മലയാള ചിന്തയിലെ മൗലികതയുടെ വിശേഷം. ആശയചോരണത്തിനും പകര്‍പ്പവകാശ ലംഘനത്തിനും പാവപ്പെട്ട ചിന്തകന്‍ ശിഷ്ടകാലം പുരയിടം വിറ്റ് കേസ് നടത്തേണ്ടിയും വരും!
എന്നാല്‍, മലയാളത്തില്‍ ചിന്തിക്കാനാവില്ല എന്നാണോ ഇതിനര്‍ത്ഥം? മലയാള ഭാഷയ്ക്ക് ചിന്തയെ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയില്ലേ? അങ്ങിനെയുള്ള ചിന്തകര്‍ നമുക്കില്ലേ? തീര്‍ച്ചയായും ഉണ്ട് എന്നു തന്നെയാണ് ഉത്തരം. പക്ഷെ, ഭാഷയുടെ ആ ശേഷി തുലോം ദുര്‍ബ്ബലമായിത്തന്നെ ഇന്നും തുടരുന്നു എന്നതാണ് പ്രശ്‌നം.
മലയാളത്തിന്റെ ചിന്താശേഷി വികസിപ്പിക്കണമെങ്കില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യേണ്ടി വരും.
അക്കാദമിക ആശയങ്ങളുടെ വിനിമയം പ്രധാനമായും നാല് തരമാണ് എന്ന് കാണാം. ക്ലോയിട്ടര്‍, ഷിന്‍ (Cloitre and Shinn, 1985) എന്നീ സാമൂഹിക ശാസ്ത്രജ്ഞന്മാരുടേതാണ് താഴെ പറയുന്ന ഈ വര്‍ഗീകരണം.
ഒന്ന്: ഒരു സവിശേഷ ജ്ഞാനമേഖലയില്‍ നടക്കുന്ന അറിവു പങ്കിടല്‍. ക്വാണ്ടം ഫിസിക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ അവര്‍ ഉല്പാദിപ്പിക്കുന്ന അറിവുകള്‍ ആ മേഖലയില്‍ സവിശേഷ പാണ്ഡിത്യം ഉള്ള സഹഗവേഷകരുമായി പങ്കിടുന്ന രീതികള്‍ ഉദാഹരണമായിട്ടെടുക്കാം. ഇത്തരം വിനിമയത്തിനായി ഈ ഗവേഷണ മേഖലയ്ക്ക് പ്രത്യേകമായി അക്കാദമിക ജേര്‍ണലുകള്‍ ഉണ്ട്. ഇവയില്‍ പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങള്‍ ആ മേഖലയിലെ മറ്റു രണ്ടു ഗവേഷകരെങ്കിലും എഡിറ്ററുടെ നിര്‍ദ്ദേശപ്രകാരം വായിച്ച്, പലവട്ടം തിരുത്തപ്പെട്ടാണ് പ്രസിദ്ധീകരിക്കപ്പെടുക. വിമര്‍ശകരും എഴുത്തുകാരിയും പരസ്പരം ആരെന്നറിയാതെ നടക്കുന്ന ഒരു പ്രക്രിയയാണിത് (double-blind peer review process). ഒരു സവിശേഷ ഗവേഷണ മേഖലയിലെ പണ്ഡിതര്‍ മാത്രം പങ്കേടുക്കുന്ന സെമിനാറുകളും ഇത്തരം ആശയപ്രകാശന വേദിയാണ്.
രണ്ട്: പരസ്പരബന്ധമുള്ള രണ്ടോ അതിലധികമോ മേഖലകളിലെ ഗവേഷകര്‍ക്കിടയിലെ ആശയ വിനിമയം. ഇതിനായി പ്രത്യേകം ജേര്‍ണലുകളും സെമിനാറുകളും ഉണ്ട്. സയന്‍സിലെ വിവിധ വിഷയങ്ങളിലെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നേച്ചര്‍ (Nature) ഇത്തരം ആശയവിനിമയ മാധ്യമമാണ്.
മൂന്ന്: അധ്യയനപരമായ ആശയ വിനിമയം. ടെക്സ്റ്റ് ബുക്കുകള്‍ മുതല്‍ ക്ലാസ്‌റൂമില്‍ നടക്കുന്ന ചര്‍ച്ചകള്‍ വരെ ഇതില്‍ പെടും. ഒരു പഠനവിഭാഗത്തിലെ (ഉദാ. മലയാള സാഹിത്യം) അറിവുകള്‍ ആ വിഷയത്തില്‍ സവിശേഷമായ അവഗാഹം നേടാന്‍ ശ്രമിക്കുന്ന പഠിതാക്കള്‍ക്ക് പകരുന്ന പ്രക്രിയയാണിത്.
നാല്: ജനപ്രിയ ജ്ഞാനവിനിമയം. ഇവിടെ ഒരു മേഖലയിലെ അറിവുകള്‍ ആ വിഷയത്തില്‍ തല്പരരാണെങ്കിലും പ്രത്യേക അവഗാഹം (മറ്റു മൂന്നു വിഭാഗക്കാരെയും പോലെ) അവകാശപ്പെടാനില്ലാത്തവര്‍ക്കായി പകര്‍ന്നു നല്‍കുന്ന പരിപാടി. അതായത് പൊതുജനമാണിവിടെ അറിവിന്റെ സ്വീകര്‍ത്താക്കള്‍.
ഈ നാല് തരം ആശയ വിനിമയ രീതികളും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട് എന്ന് വ്യക്തമാണല്ലോ. അതേസമയം തന്നെ അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു താനും. അറിവിന്റെ ഉല്‍പാദനം നടക്കുന്നത് പ്രധാനമായും ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍ മാത്രമാണ്. പിന്നീടുള്ള രണ്ടിനം വിനിമയ രീതികള്‍ ഉല്‍പാദിതമായ അറിവുകളുടെ വിതരണമാണ് എന്ന് ഷിന്നും വൈറ്റ്ലിയും ചൂണ്ടിക്കാട്ടുന്നു. ഇവരുടെ മാതൃകയെ കുറിച്ചുള്ള ചില വിമര്‍ശനങ്ങള്‍ ബുച്ചി (ആൗരരവശ 1996) എന്ന ഗവേഷകന്‍ ഉന്നയിക്കുന്നുണ്ട്. ജനപ്രിയ വിനിമയത്തിന്റെ ഘട്ടത്തിലും ചിലപ്പോള്‍ പുതിയ അറിവുകള്‍ രൂപപ്പെടാറുണ്ട് എന്നതാണ് അതിലൊരു നിരീക്ഷണം.
മേല്‍പ്പറഞ്ഞ നാല് അറിവു വിതരണ സമ്പ്രദായങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ മലയാള ഭാഷയില്‍ നടക്കുന്ന ചിന്തയ്ക്കും ആശയ പ്രകാശനത്തിനും ബാധകമല്ല എന്നതാണ് പ്രധാന പ്രശ്‌നം. സംഗതിയുടെ ഗൗരവം മനസ്സിലാക്കാനായി മലയാളത്തിലെ ജനപ്രിയശാസ്ത്ര രചന നോക്കുക. എത്രയോ ശാസ്ത്ര ഗവേഷകര്‍ മലയാളത്തിലെഴുതുന്നു! പക്ഷെ അവരുടെ അക്കാദമിക രചനകളായി അവര്‍ തന്നെ പരിഗണിക്കുക തങ്ങള്‍ ഇംഗ്ലീഷിലോ ജര്‍മ്മനിലോ മറ്റോ എഴുതിയ, പിയര്‍ റിവ്യൂവിന് വിധേയമാക്കപ്പെട്ട പ്രബന്ധങ്ങളെയാണ്! മലയാളം എഴുത്ത് അവരെ സംബന്ധിച്ചിടത്തോളം നാലാമത്തെ ഇനത്തില്‍ പെടുന്ന, മൗലികമായ ആശയങ്ങള്‍ തുലോം കുറഞ്ഞ ജനപ്രിയ രചനകളാണ്. എന്നാല്‍, മലയാളത്തില്‍ മാത്രം ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഗവേഷകനെ സംബന്ധിച്ചിടത്തോളം ജനപ്രിയ എഴുത്ത് തന്നെയാണ് മിക്കവാറും “ഗവേഷണ പ്രബന്ധ”വും! എന്നാലൊട്ട് ജനപ്രിയ എഴുത്തില്‍ ചില രചനാ വഴക്കങ്ങള്‍ പാലിക്കാനുള്ള ധാര്‍മ്മികത എഴുത്തുകാരനുണ്ട് എന്ന വിചാരവുമില്ല.
മലയാളത്തിലെ അക്കാദമിക എഴുത്തു വഴക്കങ്ങളിലെ ഈ ഏകതാനതയുടെ കാരണം ഭാഷയില്‍ ചിന്ത ഇല്ലാത്തതല്ല. ദിലീപ് രാജ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ (“ചിന്താ ചോരണം ലൈംഗിക പീഡനം പോലെ”, 06.12.2018) ചൂണ്ടിക്കാട്ടിയതുപോലെ മലയാള ഭാഷയ്ക്ക് ചിന്തയെ ഉല്‍പാദിപ്പിക്കാനുള്ള ക്ഷമത തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ആ ചിന്തയെ സാധ്യമാക്കുന്ന സ്ഥാപനങ്ങളോ (സവിശേഷ മേഖലകളിലെ ജേര്‍ണലുകള്‍, സെമിനാറുകള്‍), എഴുത്തു വഴക്കങ്ങളോ (പിയര്‍ റിവ്യൂവും കോപ്പി എഡിറ്റിംഗും, ആശയ ചോരണം, പകര്‍പ്പെഴുത്ത് എന്നിവ തടയാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ) ഇല്ല എന്നതാണ് പ്രശ്‌നം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കം വരെ ഇതേ അവസ്ഥയിലായിരുന്നു ഇന്നത്തെ “ലോകഭാഷ”കളായ ഇംഗ്ലീഷും ഫ്രെഞ്ചും ജര്‍മ്മനുമൊക്കെ. എന്നാല്‍ പതിയെ വിവിധ ഡിസിപ്ലിനുകള്‍ ഉണ്ടായി വന്നു. അവയ്ക്ക് പ്രത്യേകമായി അറിവുല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് രീതികളും ശൈലികളും വേദികളും രൂപപ്പെട്ടു. പ്രത്യേകം ശ്രോതക്കാള്‍ ഉണ്ടായി. ഗവേഷകരുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടു. അങ്ങിനെ ഈ ഭാഷകള്‍ അത്യധികം ചിന്താശേഷി ഉള്ളവയായി മാറി.
ജ്ഞാനോല്‍പാദനവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പടലപിരിയല്‍ (differentiation) മലയാളത്തില്‍ ഇന്നും ശൈശവ ദശയിലാണ് എന്ന് കാണാം. അറിവിന്റെ പടലപിരിയല്‍ നടക്കാതെ ചിന്ത വളരില്ല. നമ്മള്‍ എന്തും ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ ജനപ്രിയ പൊതുമണ്ഡലത്തിനുള്ളില്‍ തന്നെയാണ്. ആ തരത്തില്‍ വളരെ ശക്തമാണ് നമ്മുടെ സംവാദശേഷി. ഈ ഇടത്തില്‍ അറിവിനെ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ മലയാളചിന്ത വളരണമെങ്കില്‍ അത് മാത്രം പോരാ.
പുതിയ ചിന്തകള്‍ തീര്‍ച്ചയായും മലയാള പൊതുമണ്ഡലത്തില്‍ ഇതള്‍ വിരിയുന്നുണ്ട്. ഫെയ്‌സ്ബുക്കിലെ പലരുടെയും കുറിപ്പുകള്‍ ചില ഗവേഷണ “പ്രബന്ധ”ങ്ങളെ അപേക്ഷിച്ച് എത്രയോ ആശയ സമ്പുഷ്ടമാണ്! എന്നാല്‍ ജനപ്രിയ എഴുത്തിലൂടെ ചിന്ത ഏകമുഖമാകുന്നതിന്റെ പ്രശ്‌നങ്ങള്‍ ഏറെയാണ്. ഭാഷയോ ചിന്തയോ ഒരു പരിധിക്കപ്പുറത്തേക്ക് വളരില്ല എന്നതാണ് ഇതിന്റെ പ്രതിസന്ധി. മലയാളഭാഷ മറ്റു ഭാഷകളിലെ ചിന്തകളുടെ പരിമിതമായ വെളിച്ചത്തില്‍ സ്വയം പ്രകാശിപ്പിക്കേണ്ട ഒന്നല്ല. മറ്റു ഭാഷകളിലേക്ക് അറിവുകള്‍ പകരാന്‍ കൂടി ശേഷിയുള്ളതാവണം നമ്മുടെ മലയാളം.
ഈ വിഷയത്തിലുള്ള കൂട്ടായ ചര്‍ച്ചയ്ക്കായി ചില കാര്യങ്ങള്‍ കുറിക്കട്ടെ;
1.മലയാളത്തില്‍ ഒരു ലേഖനമെഴുതണമെങ്കില്‍ ആ വിഷയത്തില്‍ മുമ്പ് നടന്നിട്ടുള്ള ചിന്തകളുമായി ഇടപെടേണ്ട ആവശ്യം തീരെയില്ല. ഉദാഹരണത്തിന്, മലയാള ചിന്തയെക്കുറിച്ചുള്ള ഈ കുറിപ്പെഴുതുമ്പോള്‍ ഈ വിഷയത്തില്‍ നേരത്തെ ചിന്തിച്ചിട്ടുള്ള നിസാര്‍ അഹമ്മദ്, ബി. രാജീവന്‍, തുടങ്ങി അനേകം പേരുടെ ലേഖനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്ന ബോധം എനിക്കുണ്ടാകുന്നില്ല. അവരുള്‍പ്പടെ പലരും നിര്‍മ്മിച്ച അറിവുകളുമായി സര്‍ഗ്ഗാത്മകമായി ഇടയാതെ പുതിയ അറിവിനെ രൂപപ്പെടുത്താനാവില്ലല്ലോ. എന്നാല്‍ മലയാളത്തില്‍ എഴുതാന്‍ ഇങ്ങനെയൊരു വഴക്കത്തിന്റെ ആവശ്യമേയില്ല. മറ്റു ഭാഷകളിലെ ഈ വിഷയത്തില്‍ നടന്നിട്ടുള്ള ആലോചനകളും പരിമിതമായേ ഞാന്‍ എന്ന എഴുത്തുകാരന്‍ അറിയുന്നുള്ളൂ. മിക്കപ്പോഴും മറ്റു ഭാഷകളിലെ ചിന്തയെക്കുറിച്ചുള്ള ജനപ്രിയ ലേഖനങ്ങളില്‍ നിന്നാണ് ഞാന്‍ അറിവ് ശേഖരിക്കുക എന്ന പരിമിതിയുമുണ്ട്.
2. മലയാളത്തിലെ മൗലിക ചിന്താ പരീക്ഷണങ്ങള്‍ സമകാലിക ആഗോള ചിന്തയുമായി ഇടയുന്നുണ്ടോ? അത്തരമൊരു ശേഷി മലയാളത്തിലെ ചിന്തകര്‍ക്ക് ഇതുവരെ ആര്‍ജ്ജിക്കാനായിട്ടുണ്ടോ, ഇതിനെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ക്കപ്പുറം? മലയാള ചിന്ത അതാത് ജ്ഞാനമേഖലകളില്‍ കാര്യക്ഷമത നേടാന്‍ എന്താണ് വഴികള്‍?
3. മലയാളത്തില്‍ എത്ര അക്കാദമിക ജേര്‍ണലുകള്‍ ഇന്നുണ്ട്? പ്രബന്ധങ്ങള്‍ എന്ന നിലയില്‍ പ്രസിദ്ധീകൃതമാകുന്ന എത്ര കൃതികള്‍ പിയര്‍ റിവ്യൂവിന് വിധേയമാക്കപ്പെട്ടവയാണ്? സവിശേഷ ജ്ഞാനമേഖലകളില്‍ എത്ര സെമിനാറുകള്‍ മലയാളത്തില്‍ നടക്കുന്നുണ്ട്?
4. പ്രബന്ധരചനയ്ക്ക് ആവശ്യമായ ഒരു എഴുത്തുശൈലി നമ്മള്‍ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടോ? ഷിക്കാഗോ, APA, MLA മുതലായ ശൈലികള്‍ക്ക് തത്തുല്ല്യമായി, മലയാളത്തിലെ ഗവേഷണ വിനിമയാവശ്യങ്ങള്‍ക്കായി പ്രത്യേകം ശൈലികള്‍ നമ്മള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ?
5.ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഉള്ള അറിവുകളും ആശയങ്ങളും ഉപയോഗിക്കുമ്പോള്‍ അധ്യയന സഹായികളും ജനപ്രിയ രചനകളും പിന്തുടരേണ്ട നാട്ടുനടപ്പുകള്‍ എന്തൊക്കെയാണ്? പകര്‍പ്പ് രചന, ആശയ ചോരണം, കോപ്പി ലെഫ്റ്റ്/റൈറ്റ് നയങ്ങള്‍ എന്നിവയെക്കുറിച്ച് ചില പൊതു ധാരണകള്‍ മലയാളത്തില്‍ രൂപപ്പെടേണ്ടതില്ലേ?
6.ഗവേഷണ പ്രബന്ധങ്ങളുടെ മലയാളത്തിലേക്കും മറിച്ചുമുള്ള വിവര്‍ത്തനം ഒരു അക്കാദമിക പ്രവര്‍ത്തനമായി വികസിപ്പിക്കാനാവുമോ? ഇത്തരം ശ്രമങ്ങള്‍ ഇന്ന് തീര്‍ത്തും ഇല്ലാതായിട്ടുണ്ട്. മറ്റു ഭാഷകളില്‍ ഇത് പ്രധാന അക്കാദമിക പ്രവര്‍ത്തനമാണ്.
7.മലയാള ചിന്തയ്ക്ക് വയറ്റാട്ടികളാവാന്‍ വൈദഗ്ധ്യമുള്ള എഡിറ്റര്‍മാരെ കിട്ടാനുണ്ടോ? ഇവര്‍ നമ്മള്‍ മനസ്സിലാക്കുന്നത് പോലെ ഭാഷ നന്നാക്കുന്നവര്‍ മാത്രമല്ല. ആശയങ്ങളുടെ സമ്പുഷ്ടീകരണത്തില്‍ ഒരു നല്ല എഡിറ്റര്‍ക്ക് കാതലായ സംഭാവനകള്‍ നല്‍കാനാവും. അക്കാദമിക പ്രസിദ്ധീകരണങ്ങള്‍ക്ക് നല്ല എഡിറ്റര്‍മാരുടെ സേവനം നിരന്തരം ആവശ്യമുണ്ട്.
ഏതെങ്കിലും വിദേശ ഭാഷകളിലെ അക്കാദമിക ശൈലി പകര്‍ത്തുക എന്നതല്ല മലയാള ചിന്തയെ പരിപോഷിപ്പിക്കാന്‍ ആവശ്യമുള്ളത്. യൂജിസി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അതേപടി പിന്തുടരുകയുമല്ല പോംവഴി. മറിച്ച്, മലയാളം അതിന്റേതായ ഒരു ചിന്താ-രചനാ വഴക്കം രൂപപ്പെടുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ചിന്താസജ്ജമായ എല്ലാ ഭാഷകള്‍ക്കും അവയുടേതായ സാംസ്‌കാരിക ശൈലിയുണ്ട്. ഓരോ ജ്ഞാന മേഖലയ്ക്കനുസൃതമായും ഈ വ്യത്യാസങ്ങള്‍ ഭാഷകളില്‍ രൂപപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ജര്‍മ്മന്‍ ഭാഷയിലെ തത്വചിന്തയുടെ സാങ്കേതികമായ ശൈലിയില്‍ നിന്നും തുലോം വ്യത്യസ്തമാണ് ഫ്രഞ്ച് ഭാഷയിലെ കവിതയോടടുത്തു നില്‍ക്കുന്ന ശൈലി.
മലയാളത്തില്‍ ചിന്തയുടെ “സ്‌റ്റൈല്‍” എന്താണ്?
പരാമര്‍ശിത പഠനങ്ങള്‍
Bucchi, Massimiano. 1996. “When Scientists Turn to the Public: Alternative Routes in Science Communication”. Public Understanding of Science 5(4): 375-94.
Cloitre, M. and Shinn, T. 1985. “Expository Science: Social, Cognitive and Epistemological Linkages”. In Expository Science: Forms and Functions of Popularisation, edited by Terry Shinn and Richard Whitley, 31-60. Dordrecht, Boston and Lancaster: D. Reidel Publishing Company.