| Friday, 8th March 2024, 8:47 am

കലോത്സവത്തിന് 'ഇൻതിഫാദ' പേര് വിലക്കിയ വി.സിക്ക് മുമ്പിൽ ഫലസ്തീൻ വിമോചന കവിത ചൊല്ലി ഷിജു ഖാൻ

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേര് നൽകിയത് വിലക്കിയ വി.സി മോഹനൻ കുന്നുമ്മലിന് മുമ്പിൽ ഫലസ്തീൻ വിമോചന കവിത ചൊല്ലി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാൻ.

മഹമൂദ് ദാർവിഷിന്റെ ഐഡന്റിറ്റി കാർഡ് എന്ന കവിതയിലെ അവസാന വരികളായിരുന്നു കേരള സർവകലാശാല കലോത്സവുമായി ബന്ധപ്പെട്ട യോഗത്തിലെ പ്രസംഗം അവസാനിപ്പിക്കും മുമ്പ് ഷിജു ഖാൻ ചൊല്ലിയത്.

ഇസ്രഈലിനെതിരെ ഫലസ്തീൻ ഉപയോഗിക്കുന്ന പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി ഇൻതിഫാദക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഇസ്രഈലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലറിന് ഒരു വിഭാഗം വിദ്യാർത്ഥികൾ നേരത്തെ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും ഹരജി നൽകിയിരുന്നു.

മാർച്ച് ഏഴ് മുതൽ 11 വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് സർവ്വകലാശാല കലോത്സവം നടക്കുക.

1987-1990 കാലഘട്ടത്തിലും 2000-2005 സമയത്തും ഇസ്രഈലിനെതിരെ ഫലസ്തീൻ ജനത നടത്തിയ അതിജീവന പ്രക്ഷോഭമാണ് ഇൻതിഫാദ എന്നറിയപ്പെടുന്നത്.

ഷിജു ഖാൻ ചൊല്ലിയ കവിതയിലെ വരികൾ –

കോപിക്കാനെന്തിരിക്കുന്നൂ,
രേഖപ്പെടുത്തുന്നൂ ഞാൻ അറബി.

നിങ്ങളെന്റെ മുത്തൂപ്പാമാരുടെ മുന്തിരി തോട്ടങ്ങൾ തട്ടിപ്പറിച്ചു.

ഞാനിടാറുള്ളത് തട്ടങ്ങൾ,ഞാനും എന്റെ മക്കളും.
എന്റെ മക്കൾക്കും എനിക്കും പേരക്കിടാങ്ങൾക്കും നിങ്ങൾ ബാക്കിയിട്ടത് ഈ പാറകൾ മാത്രം.

കേൾക്കുംപോലെ അവരും നിങ്ങളുടെ സർക്കാർ എടുത്തുകൊണ്ടുപോകുമോ?

അപ്പോൾ ഒന്നാം പേജിന്റെ മുകളിൽ തന്നെ രേഖപ്പെടുത്തൂ
എനിക്ക് ജനങ്ങളോട് വെറുപ്പില്ല.

ഞാനാരുടെയും സ്വത്തുക്കൾ കയ്യേറുന്നുമില്ല.

എങ്കിലും എനിക്ക് വിശന്നാൽ അതിക്രമിയുടെ ഇറച്ചി ഞാൻ തിന്നും
സൂക്ഷിക്കൂ എന്റെ വിശപ്പിനെ, എന്റെ കോപത്തെയും.

Content Highlight: Dr. Shiju Khan recite Palestine liberation poem before Kerala VC who banned using Intifada

We use cookies to give you the best possible experience. Learn more